മെസിയുടെ നേട്ടങ്ങളിൽ കോപ്പ അമേരിക്കയും ഒരു ചാമ്പ്യൻസ് ലീഗുമില്ല, സ്കൈ സ്പോർട്സിനെ വിമർശിച്ച് ഗാരി ലിനേക്കർ


ലയണൽ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും താരതമ്യം ചെയ്യാൻ സ്കൈ സ്പോർട്സ് ഉപയോഗിച്ച കണക്കുകളിൽ അർജന്റീനിയൻ താരത്തിന്റെ കോപ്പ അമേരിക്ക നേട്ടവും ഒരു ചാമ്പ്യൻസ് ലീഗ് വിജയവും ഉൾപ്പെടുത്താതിരുന്നതിൽ വിമർശനവുമായി മുൻ ഇംഗ്ലീഷ് താരം ഗാരി ലിനേക്കർ. കഴിഞ്ഞ ദിവസം ഫുട്ബോൾ പണ്ഡിറ്റുകളായ ജേമീ കരാഗറും ഗാരി നെവിലും നടത്തിയ ചർച്ചകൾക്കിടയിൽ കാണിച്ച കണക്കുകളിലാണ് ഗുരുതരമായ പിഴവ് സ്കൈ സ്പോർട്സ് വരുത്തിയത്.
മെസി, റൊണാൾഡോ എന്നിവരിൽ ഫുട്ബാൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാരാണെന്നതിനെ കുറിച്ചാണ് പ്രീമിയർ ലീഗിലെ ഇതിഹാസങ്ങൾ തമ്മിൽ സംവാദം നടത്തിയത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഗാരി നെവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തുണച്ചു സംസാരിച്ചപ്പോൾ, മുൻ ലിവർപൂൾ താരമായ ജെമീ കരാഗർ പിഎസ്ജി താരമാണ് ചരിത്രത്തിലെ മികച്ച താരമെന്ന അഭിപ്രായമാണ് മുന്നോട്ടു വെച്ചത്.
To be fair, it’s such a long time since Messi led Argentina to victory in Copa America, they’re entitled to forget it. ? pic.twitter.com/zh9TysLsnE
— Gary Lineker ? (@GaryLineker) September 13, 2021
ഇരുവരും തമ്മിലുള്ള ചർച്ചകൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കെ സ്കൈ സ്പോർട്സ് രണ്ടു താരങ്ങളുടെയും പ്രധാന റെക്കോർഡുകൾ സൂചിപ്പിക്കുന്ന ഗ്രാഫിക് കാണിച്ചതിലാണ് ഗുരുതരമായ പിഴവു സംഭവിച്ചത്. റൊണാൾഡോ രണ്ട് ഇന്റർനാഷണൽ കിരീടങ്ങൾ നേടിയതായി ഗ്രാഫിക് കാണിച്ചപ്പോൾ ലയണൽ മെസിയുടെ ഇന്റർനാഷണൽ കിരീടങ്ങളുടെ എണ്ണം അതിൽ പൂജ്യമായിരുന്നു. ഇതിനു പുറമെ റൊണാൾഡോക്ക് അഞ്ചു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുണ്ടെന്ന കൃത്യമായ കണക്കിനൊപ്പം മെസിയുടെ ചാമ്പ്യൻസ് ലീഗ് നേട്ടത്തിൽ ഒരെണ്ണം കുറച്ച് മൂന്നെണ്ണമേ നേടിയിട്ടുള്ളൂ എന്നാണു സ്കൈ സ്പോർട്സ് കാണിച്ചത്.
സ്കൈ സ്പോർട്സ് ചർച്ചകൾക്കു പിന്നാലെയാണ് കടുത്ത മെസി ആരാധകൻ കൂടിയായ ലിനേക്കർ അവരെ ട്വിറ്ററിൽ കളിയാക്കിയത്. "ലയണൽ മെസി അർജന്റീനയെ കോപ്പ അമേരിക്ക കിരീടത്തിലേക്കു നയിച്ച് വളരെക്കാലം ആയതു കൊണ്ടു തന്നെ അവരത് മറന്നു പോയിരിക്കുന്നു," എന്നാണു സ്കൈ സ്പോർട്സ് കാണിച്ച തെറ്റായ ഗ്രാഫിക്കിന്റെ ചിത്രത്തിനൊപ്പം ലിനേക്കർ കുറിച്ചത്.
മെസിയും റൊണാൾഡോയും പുതിയ ക്ലബുകളിലേക്ക് എത്തിയതു കൊണ്ടു തന്നെ ഈ രണ്ടു താരങ്ങളിൽ മാത്രം ഫുട്ബോൾ ലോകത്തിന്റെ ചർച്ചകൾ കേന്ദ്രീകരിച്ചു കൊണ്ടിരിക്കയാണ്. രണ്ടു പേരും കളിക്കുന്ന ക്ലബുകൾ ശക്തമായതു കൊണ്ടു തന്നെ ചാമ്പ്യൻസ് ലീഗുൾപ്പെടെയുള്ള കിരീടങ്ങൾ നേടാൻ അവർക്കു സാധ്യതയുണ്ട്. ഈ സീസൺ കഴിയുമ്പോൾ ഫുട്ബോൾ ലോകത്തിന്റെ നെറുകയിൽ ആരു കയറുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നതും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.