Football in Malayalam

ഇംഗ്ലണ്ട് ടീമിലെ ഏറ്റവും പ്രധാനപെട്ട താരമാണ് ഹാരി കെയ്‌നെന്ന് ഗാരെത് സൗത്ത്ഗേറ്റ്

Jouhar KK
Kane
Kane / Visionhaus/Getty Images
facebooktwitterreddit

യൂറോ 2020ലെ ഇംഗ്ലണ്ടിന്റെ ആദ്യത്തെ രണ്ട് കളികളിലും ദയനീയ പ്രകടനം കാഴ്ച വെച്ച ക്യാപ്റ്റൻ ഹാരി കെയ്ൻ തന്നെയാണ് ടീമിലെ പ്രധാന താരമെന്ന് വ്യക്തമാക്കി പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റ്. ചെക്ക് റിപ്പബ്ലിക്കുമായുള്ള അടുത്ത മത്സരത്തിൽ താരം ആദ്യ ഇലവനിൽ തന്നെ ഉണ്ടാകുമെന്നും കോച്ച് പറഞ്ഞു.

വെള്ളിയാഴ്ച സ്കോട്ട്‌ലന്റിനെതിരെയുള്ള മത്സരത്തിലും അതിന് മുമ്പ് ക്രോയേഷ്യയുമായുള്ള മത്സരത്തിലും നിരാശാജനകമായ പ്രകടനമായിരുന്നു ഇംഗ്ലീഷ് സ്‌ട്രൈക്കറുടേത്. ക്രൊയേഷ്യയുമായി 1-0ന് ജയിച്ച ടീം, ദുർബലരായ സ്കോട്ട്‌ലന്റിനോട് ഗോൾരഹിത സമനില വഴങ്ങിയത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. രണ്ട് മത്സരങ്ങളുടെയും രണ്ടാം പകുതിയിൽ കെയ്ൻ സബ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.

എന്നിരുന്നാലും, ചെക്ക് റിപ്പബ്ലിക്കുമായി ചൊവ്വാഴ്ച രാത്രി നടക്കാനിരിക്കുന്ന മത്സരത്തിൽ ഹാരി കെയ്ൻ ആദ്യ ഇലവനിൽ തന്നെ ഉണ്ടാകുമെന്നാണ് കോച്ച് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

"ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് അദ്ദേഹം, അക്കാര്യത്തിൽ ഒരു സംശയവും ഇല്ല," ഐടിവിയോട് സൗത്ത്ഗേറ്റ് വ്യക്തമാക്കി.

"ഞങ്ങളുടെ ടീമിൽ അദ്ദേഹം നടത്തിയ ഗോൾ സ്കോറിംഗ് റെക്കോർഡ് മാത്രം നോക്കിയാൽ മതി, അദ്ദേഹത്തിന്റെ പ്രാധാന്യം നിങ്ങൾക്ക് മനസ്സിലാകും. അദ്ദേഹം നേടുന്ന ഗോളുകളിൽ മാത്രമല്ല, ബിൽഡ്-അപ്പ് പ്ലേയിലും, ടീമിലേക്ക് അദ്ദേഹം കൊണ്ട് വരുന്ന ബാക്കിയുള്ള കാര്യങ്ങളിലും അദ്ദേഹം ഈ ടീമിന്റെ അടിസ്ഥാനഘടകമാണ്."

"അദ്ദേഹത്തെ കുറിച്ച് ഒരുപാട് ചോദ്യങ്ങൾ ഇപ്പോളുണ്ടെന്ന് എനിക്കറിയാം, പക്ഷെ ഇതിന് മുൻപ് 100 തവണ ഇത്തരം അവസ്ഥകളിലൂടെ കടന്നു പോയ താരമാണ് അദ്ദേഹം. ഇക്കാര്യം ഇതിന് മുൻപ് ഒരുപാട് തവണ ഞാൻ പറഞ്ഞിട്ടുള്ളതാണ്, അപ്പോഴെല്ലാം ഞങ്ങൾക്ക് വിജയം നേടി തന്ന ഗോളുകളുമായി അദ്ദേഹം വന്നിട്ടുണ്ട്. ഇനിയങ്ങോട്ടും അങ്ങനെ തന്നെയാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," സൗത്ത്ഗേറ്റ് കൂട്ടിച്ചേർത്തു.


facebooktwitterreddit