Football in Malayalam

ഇംഗ്ലണ്ട് ടീം ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ഗാരെത് സൗത്ത്‌ഗേറ്റ്

Sreejith N
Gareth Southgate Reacts To Potential England Boycott Of Qatar 2022
Gareth Southgate Reacts To Potential England Boycott Of Qatar 2022 / Michael Regan/GettyImages
facebooktwitterreddit

അഴിമതി, മാനുഷികാവകാശ ലംഘനം എന്നിവ സംബന്ധിച്ച് ഒരുപാട് ആരോപണവും വിമർശനവും നേരിടുന്ന ഖത്തർ ലോകകപ്പ് ഇംഗ്ലണ്ട് ടീം ബഹിഷ്‌കരിക്കാനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞ് പരിശീലകൻ ഗാരെത് സൗത്ത്‌ഗേറ്റ്. വളരെ സങ്കീർണമായൊരു വിഷയത്തിൽ അത്തരമൊരു നീക്കം നടത്തിയാൽ എന്തെങ്കിലും ഗുണമുണ്ടാകുമെന്ന കാര്യത്തിൽ തീർച്ചയില്ലെന്ന് അദ്ദേഹം പറയുന്നു.

കഴിഞ്ഞ നവംബറിലാണ് ഈ വർഷം അവസാനം നടക്കുന്ന ലോകകപ്പിനുള്ള ബർത്ത് ഇംഗ്ലണ്ട് ടീം ഉറപ്പിച്ചത്. ലോകകപ്പ് നറുക്കെടുപ്പ് നടക്കാനിരിക്കെ ടോപ് സീഡാവുമെന്ന് ഉറപ്പുള്ള ഇംഗ്ലണ്ട് കഴിഞ്ഞ യൂറോ കപ്പിന്റെ ഫൈനലിൽ എത്തിയതിനാൽ ലോകകപ്പ് സാധ്യതയും അവർക്കു കൽപ്പിക്കുന്നുണ്ട്. ഇംഗ്ലണ്ട് ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന അഭ്യൂഹങ്ങൾ ഇതിനിടയിലാണ് ശക്തമാകുന്നത്.

"അതെന്താണ് നേടിയെടുക്കുകയെന്ന് എനിക്കറിയില്ല. അതൊരു വലിയ വാർത്തയായിരിക്കും, പക്ഷെ ടൂർണമെന്റ് മുന്നോട്ടു തന്നെ പോകും. ദൗർഭാഗ്യവശാൽ പ്രധാന പ്രശ്‌നം മതപരമായതോ, സാംസ്‌കാരികപരമായതോ അല്ല. മറിച്ച് സ്റ്റേഡിയം ഉയർത്തുമ്പോൾ സംഭവിച്ചിട്ടുള്ള കാര്യങ്ങളാണ്. അതിലും ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്നതു വേദനയാണ്."

"എട്ടു വർഷമായി ഇതു ഖത്തറിൽ വെച്ചാണ് നടക്കുകയെന്ന കാര്യം ഞങ്ങൾക്കറിയാം. ഖത്തറിനെതിരായ നിലപാട് ഒരു രാജ്യമെന്ന നിലയിലാണോ? റഷ്യയുമായി ഉള്ളതുപോലെ തന്നെ ഈ രാജ്യത്തെ എല്ലാ തരത്തിലുള്ള നിക്ഷേപങ്ങളുമായി ഞങ്ങൾ ബന്ധപ്പെട്ടു നിൽക്കുന്നു."

"ഇതു വളരെ സങ്കീർണമാണ്. അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സങ്കീർണമാണ്. നയതന്ത്രബന്ധങ്ങളുമായും മറ്റു രാജ്യങ്ങളുമായും സംഘടനകളുമായും ഇടപെടുന്നതിന്റെ എല്ലാ പ്രത്യാഘാതങ്ങളും സങ്കീർണമാണ്." സൗത്ത്‌ഗേറ്റ് പറഞ്ഞു.

ഇറ്റലി ലോകകപ്പ് യോഗ്യത നേടാതെ പുറത്തു പോയത് തനിക്ക് വളരെ ആശ്ചര്യമുണ്ടാക്കിയ കാര്യമാണെന്നും സൗത്ത്‌ഗേറ്റ് പറഞ്ഞു. യോഗ്യത നേടുന്നതിനെ വിലകുറച്ചു കാണുന്നുണ്ടെന്നും പറഞ്ഞ അദ്ദേഹം ഇറ്റലി ആദ്യത്തെ മത്സരങ്ങൾ കഴിഞ്ഞപ്പോൾ മികച്ച നിലയിൽ എത്തിയതിനു ശേഷമാണ് ഇതിലേക്ക് വീണതെന്നും കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit