ക്ലബ്ബ് ഫുട്ബോളിൽ നിന്ന് വിരമിക്കാൻ തയ്യാറെടുത്ത് ബെയിൽ, രാജ്യത്തിനായി തുടർന്നും കളിക്കുമെന്ന് സൂചന

Gokul Manthara
Real Madrid v Liverpool - UEFA Champions League Final
Real Madrid v Liverpool - UEFA Champions League Final / Michael Regan/Getty Images
facebooktwitterreddit

വെയിൽസ് സൂപ്പർ താരം ഗരത് ബെയിൽ അടുത്ത വേനൽക്കാലത്ത് ക്ലബ്ബ് ഫുട്ബോളിൽ നിന്ന് വിരമിക്കാനുള്ള പദ്ധതികളിലാണെന്ന് റിപ്പോർട്ട്. ക്ലബ്ബ് ഫുട്ബോൾ മതിയാക്കിയതിന് ശേഷവും ദേശീയ ‌ടീമിൽ കളി തുടരാൻ ആഗ്രഹിക്കുന്ന അദ്ദേഹം 2022 ലെ ഫിഫ ലോകകപ്പിൽ വെയിൽസിനൊപ്പം കളിക്കാൻ ആഗ്രഹിക്കുന്നതായാണ് സൂചനകൾ. ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മിറർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒരു കാലത്ത് ലോകഫുട്ബോളിലെ മിന്നും താരമായിരുന്ന ബെയിൽ 2013 മുതൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ താരമാണ്. ക്ലബ്ബിലെത്തിയ ആദ്യ സീസണുകളിൽ റയലിന്റെ പ്രധാന താരമായിരുന്നുവെങ്കിലും പതുക്കെ പതുക്കെ ക്ലബ്ബിൽ അദ്ദേഹത്തിന്റെ പ്രധാന്യം നഷ്ടമായി. കഴിഞ്ഞ സീസണിലാവട്ടെ തന്റെ മുൻ ക്ലബ്ബായ ടോട്ടൻഹാം ഹോട്സ്പറിലേക്ക് ലോണിൽ കളിക്കാൻ ബെയിൽ മടങ്ങിയെത്തിയിരുന്നു.

2016 ൽ റയൽ മാഡ്രിഡുമായി പുതിയ കരാർ ഒപ്പിട്ടിരുന്ന ബെയിലിന് നിലവിൽ 600,000 പൗണ്ട് പ്രതിവാര ശമ്പളമാണ് അവിടെ ലഭിക്കുന്നത്. 2021-22 സീസൺ, ക്ലബ്ബിനൊപ്പം ബെയിലിന്റെ അവസാന‌ സീസണാണ്. എന്നാൽ റയലുമായുള്ള കരാർ അവസാനിച്ച് അടുത്ത സമ്മറിൽ ഫ്രീ ഏജന്റാകുമ്പോൾ മറ്റൊരു ക്ലബ്ബുമായി കരാർ ഒപ്പിടാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന്‌ ബെയിൽ, തന്റെ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായാണ് ഡെയിലി മിറർ റിപ്പോർട്ട് ചെയ്യുന്നത്. ക്ലബ്ബ് ഫുട്ബോളിൽ തുടരാൻ താല്പര്യമില്ലെങ്കിലും യോഗ്യത നേടിയാൽ വെയിൽസിനൊപ്പം ഖത്തർ ലോകകപ്പിൽ കളിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും ഇംഗ്ലീഷ് മാധ്യമം കൂട്ടിച്ചേർക്കുന്നു.

അതേ സമയം വെയിൽസ് ദേശീയ ടീമിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ബെയിൽ രാജ്യത്തിനായി കളിച്ച 96 മത്സരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടിയിട്ടുണ്ട്. ക്ലബ്ബ് തലത്തിൽ സതാംപ്ടൺ, ടോട്ടൻഹാം ഹോട്സ്പർ, റയൽ മാഡ്രിഡ് എന്നീ ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ള ബെയിൽ ക്ലബ്ബ് കരിയറിൽ ഇതു വരെ കളിച്ച 533 മത്സരങ്ങളിൽ നിന്ന് 182 ഗോളുകൾ നേടിയതിനൊപ്പം 141 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.

facebooktwitterreddit