Premier League

ഈ സീസണു ശേഷം റയലിലേക്ക് തിരിച്ചു പോകാനാണ് തന്റെ പദ്ധതിയെന്ന് ഗാരത് ബേൽ

Sreejith N
Arsenal v Tottenham Hotspur - Premier League
Arsenal v Tottenham Hotspur - Premier League / Julian Finney/Getty Images
facebooktwitterreddit

ടോട്ടനം ഹോസ്പറുമായുള്ള ഒരു വർഷത്തെ ലോൺ കരാർ അവസാനിച്ചതിന് ശേഷം റയൽ മാഡ്രിഡിലേക്ക് തന്നെ തിരിച്ചു പോകാനാണ് തന്റെ പദ്ധതിയെന്നു വെളിപ്പെടുത്തി ഗാരത് ബേൽ. അടുത്ത വർഷം ജൂൺ വരെ റയൽ മാഡ്രിഡുമായി കരാറുള്ള താരം ഈ സീസണിൽ ടോട്ടനം ഹോസ്പറിനൊപ്പം ഇരുപത്തിയഞ്ചു മത്സരങ്ങൾ കളിക്കുകയും പത്തു ഗോളും മൂന്നു അസിസ്റ്റും സ്വന്തമാക്കുകയും ചെയ്‌തിട്ടുണ്ട്‌.

ടോട്ടനത്തിനൊപ്പം മികവു കാണിച്ചു തുടങ്ങിയെങ്കിലും മൗറീന്യോയുടെ ടീമിൽ സ്ഥിരസാന്നിധ്യമാവാൻ കഴിയാത്ത ബേലിന്റെ അടുത്ത സീസൺ എവിടെയാകുമെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. എന്നാൽ അതിനെക്കുറിച്ചൊന്നും താൻ ചിന്തിക്കുന്നില്ലെന്നും യൂറോ കപ്പിനു ശേഷം റയൽ മാഡ്രിഡിലേക്ക് തിരികെ പോകാനാണ് പദ്ധതിയെന്നും താരം വ്യക്തമാക്കി.

"യൂറോ കപ്പിൽ പങ്കെടുക്കാൻ ഇതൊന്നും എന്നെ ബാധിക്കുന്നേയില്ല. ഒരു സീസൺ സ്‌പർസിൽ നിൽക്കാനായിരുന്നു എന്റെ പദ്ധതി. യൂറോ കപ്പിന് ശേഷം എനിക്ക് റയൽ മാഡ്രിഡിൽ ഒരു വർഷം ബാക്കിയുള്ളതു കൊണ്ടു തന്നെ അവിടേക്ക് തിരിച്ചു പോകാനാണ് തീരുമാനം. നിലവിൽ അതാണ് എന്റെ തീരുമാനം."

"കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഞാൻ ഏറ്റവും ഫിറ്റ്നസ് നേടിയ സീസണാണിത്. എനിക്ക് വളരെയധികം ഉന്മേഷവും മുന്നോട്ടു പോകാനുള്ള ആഗ്രഹവുമുണ്ട്. ഒരു ക്ലബിൽ കാര്യങ്ങൾ നല്ല രീതിയിലല്ല മുന്നോട്ടു പോകുന്നതെങ്കിൽ അവിടെ നിന്നും പുറത്തു പോകുന്നതാണ് നല്ലത്. ക്ലബിന്റെ അന്തരീക്ഷത്തിൽ നിന്നും മാനസികമായി മറികടക്കേണ്ടത് അത്യാവശ്യമാണ്." ബേൽ വ്യക്തമാക്കി.

251 മത്സരങ്ങൾ റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ള ബേൽ ഇതുവരെ 105 ഗോളുകളും 68 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുള്ള താരമാണ്. എന്നാൽ സിദാൻ കഴിഞ്ഞ സീസണിൽ തീരെ പരിഗണിക്കാത്തതിനെ തുടർന്നാണ് താരം സമ്മറിൽ റയൽ മാഡ്രിഡ് വിട്ട് മുൻ ക്ലബായ ടോട്ടനത്തിലേക്ക് ചേക്കേറിയത്.

facebooktwitterreddit