Football in Malayalam

റൊണാൾഡോയുടെ ഗോളടിമികവ് മറ്റാർക്കുമില്ല, പ്രീമിയർ ലീഗിലേക്കുള്ള രണ്ടാം വരവിലും താരം തിളങ്ങുമെന്നു ഗാരെത് ബേൽ

Sreejith N
Real Madrid v Girona - La Liga
Real Madrid v Girona - La Liga / TF-Images/Getty Images
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ടാം വരവിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പ്രകടിപ്പിച്ച് റയൽ മാഡ്രിഡിൽ പോർച്ചുഗൽ നായകൻറെ സഹതാരമായിരുന്ന ഗാരെത് ബേൽ. റൊണാൾഡോയുടെ ഗോളടി മികവിനൊപ്പമെത്താൻ മറ്റൊരു താരങ്ങൾക്കും കഴിയില്ലെന്നും അതുകൊണ്ടു തന്നെ പ്രീമിയർ ലീഗിലേക്കുള്ള മടങ്ങി വരവിലും മികച്ച പ്രകടനം നടത്താൻ താരത്തിനു കഴിയുമെന്നും ബേൽ പറഞ്ഞു.

റയൽ മാഡ്രിഡിന് തുടർച്ചയായി മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കി നൽകിയ വിഖ്യാതമായ ബിബിസി ത്രയത്തിന്റെ ഭാഗമായിരുന്ന റൊണാൾഡോയും ബേലും അതിനു മുൻപ് പ്രീമിയർ ലീഗ് താരങ്ങളായിരുന്നു. റൊണാൾഡോ ഈ സീസണിൽ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയപ്പോൾ കഴിഞ്ഞ സീസണിൽ തന്നെ ബേൽ ലോൺ കരാറിൽ ടോട്ടനത്തിലേക്ക് എത്തിയിരുന്നെങ്കിലും ആൻസലോട്ടി പരിശീലകനായതോടെ റയലിലേക്കു തന്നെ തിരിച്ചു പോവുകയായിരുന്നു.

"മടങ്ങിവരവിൽ റൊണാൾഡോ വളരെ മികച്ച പ്രകടനം തന്നെ നടത്തുമെന്ന് എനിക്കുറപ്പാണ്. പ്രീമിയർ ലീഗിൽ മുൻപു തന്നെ തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ച വെച്ചിട്ടുള്ള താരത്തിന് ആ ലീഗിനെയും നന്നായി അറിയാം. ഫുട്ബോളിൽ സാധ്യമാകുന്ന കാര്യങ്ങളെല്ലാം താരം ചെയ്‌തു കഴിഞ്ഞിരിക്കുന്നു."

"റൊണാൾഡോയുടെ ഗോൾസ്കോറിങ് മികവ് മറ്റൊരു താരത്തിനും പകരം വെക്കാൻ കഴിയാത്തതാണ്. എല്ലാവരെയും പോലെ തന്നെ ഞാനും റൊണാൾഡോയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു." സ്കൈ സ്പോർട്സിനോട് ബേൽ പറഞ്ഞത് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് പുറത്തുവിട്ടു.

അതേസമയം ദേശീയ ടീമിന്റെ ക്യാംപിൽ നിന്നും നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ റൊണാൾഡോ പരിശീലനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സെപ്‌തംബർ 11നു ന്യൂകാസിൽ യുണൈറ്റഡിനെതിരായ മത്സരത്തിലാവും താരത്തിന്റെ രണ്ടാം അരങ്ങേറ്റം. പ്രീമിയർ ലീഗിൽ റൊണാൾഡോ ഏറ്റവുമധികം ഗോളുകൾ നേടിയ ക്ലബുകളിൽ ഒന്നാണ് ന്യൂകാസിൽ എന്നതിനാൽ ആരാധകർ ആവേശത്തോടെയാണ് മത്സരത്തിനായി കാത്തിരിക്കുന്നത്.

facebooktwitterreddit