ബേൽ ഫുട്ബോളിൽ നിന്നും വിരമിക്കാൻ ആലോചിക്കുന്നു, തീരുമാനം വെയിൽസ് ലോകകപ്പ് യോഗ്യത നേടുന്നതിനെ ആശ്രയിച്ച്

Sreejith N
Wales v Belarus - 2022 FIFA World Cup Qualifier
Wales v Belarus - 2022 FIFA World Cup Qualifier / Athena Pictures/GettyImages
facebooktwitterreddit

ഈ സീസണു പൂർത്തിയാകുന്നതോടെ റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിക്കുന്ന ഗാരത് ബേൽ ഫുട്ബോളിൽ നിന്നും വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. പ്രമുഖ കായികമാധ്യമമായ സ്കൈ സ്പോർട്സിനെ അടിസ്ഥാനമാക്കി എഎസ് റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം ഈ വർഷാവസാനം ഖത്തറിൽ വെച്ചു നടക്കുന്ന ലോകകപ്പിന് വെയിൽസ്‌ യോഗ്യത നേടിയാൽ മാത്രമേ താരം ഫുട്ബോളിൽ തുടരാനുള്ള സാധ്യതയുള്ളൂ.

2013ൽ റയൽ മാഡ്രിഡിലെത്തി എട്ടു വർഷത്തിലധികം ലോസ് ബ്ലാങ്കോസിൽ കളിച്ച താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. ബേലിനെ നിരവധി ട്രാൻസ്‌ഫർ ജാലകങ്ങളിലായി ഒഴിവാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന റയൽ മാഡ്രിഡ് നേതൃത്വത്തിനും താരത്തിനും കരാർ പുതുക്കാൻ താൽപര്യമില്ല എന്നതിനാൽ ഈ സീസണു ശേഷം മുപ്പത്തിരണ്ട് വയസുള്ള താരം റയൽ വിടുമെന്ന കാര്യം ഉറപ്പാണ്.

കരാർ അവസാനിക്കുന്നതോടെ ഫുട്ബോളിൽ നിന്നും തന്നെ വിരമിക്കാനുള്ള ആലോചന താരത്തിനുണ്ടെങ്കിലും പ്ലേ ഓഫിലൂടെ ലോകകപ്പ് യോഗ്യത വെയിൽസിനു നേടാൻ കഴിഞ്ഞാൽ താരം കളിക്കളത്തിൽ തുടരുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകകപ്പിൽ കളിക്കാനുള്ള മാച്ച് ഫിറ്റ്നസ് ഉറപ്പാക്കാൻ വെയിൽസ്‌ കേന്ദ്രീകരിച്ചുള്ള ക്ലബുകളായ സ്വാൻസിയിലേക്കോ, കാർഡിഫ് സിറ്റിയിലേക്കോ താരം ചേക്കേറുമെന്നും അതിൽ വെളിപ്പെടുത്തുന്നു.

ലോകകപ്പ് യോഗ്യതക്കു വേണ്ടിയുള്ള പ്ലേ ഓഫ് സെമി ഫൈനലിൽ ഓസ്ട്രിയയാണ് വെയിൽസസിന്റെ എതിരാളികൾ. അതിനു ശേഷം സ്കോട്ട്ലൻഡ്, യുക്രൈൻ എന്നീ ടീമുകളിൽ ഒന്നിനെ ഫൈനലിൽ അവർ നേരിടും. ഈ നിർണായക മത്സരങ്ങൾക്ക് പരിക്കൊന്നുമില്ലാതെ കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താരം.

റയൽ മാഡ്രിഡിൽ സ്‌ക്വാഡിന്റെ ഭാഗമാണെങ്കിലും ഈ സീസണിൽ താരത്തിന് അവസരങ്ങൾ വളരെ കുറവാണ്. എന്നാൽ അതിൽ യാതൊരു പരാതിയും കാണിക്കാത്ത താരത്തിന്റെ ശ്രദ്ധ മുഴുവൻ വെയിൽസ്‌ ടീമിലാണ്. ലോകകപ്പ് കളിച്ച് ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ബേലിന്റെ കരിയറിന് അതൊരു മികച്ച ക്ലൈമാക്‌സ് തന്നെയായിരിക്കും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit