ഗെറ്റാഫെക്കു വേണ്ടി കളിക്കില്ല, ട്രാൻസ്ഫർ അഭ്യൂഹങ്ങൾ നിഷേധിച്ച് ഗാരെത് ബേൽ


സ്പാനിഷ് ക്ലബായ ഗെറ്റാഫെയിലേക്ക് ചേക്കേറുമെന്ന വാർത്തകൾ നിഷേധിച്ച് വെയിൽസ് താരം ഗാരെത് ബേൽ. ജൂണിൽ കരാർ അവസാനിക്കുന്ന താരത്തെ ഏജന്റ് ഗെറ്റാഫെക്ക് ഓഫർ ചെയ്തുവെന്നും ട്രാൻസ്ഫറിന്റെ കാര്യങ്ങൾ ആലോചിച്ച തീരുമാനിക്കുമെന്നും ക്ലബ് പ്രസിഡന്റ് ഏഞ്ചൽ ഗോമസ് പറഞ്ഞതിനു പിന്നാലെയാണ് ബേൽ അതെല്ലാം നിഷേധിച്ചത്.
നേരത്തെ റയൽ മാഡ്രിഡ് കരാർ അവസാനിക്കുന്നതിനു പിന്നാലെ ബേൽ ഫുട്ബോളിൽ നിന്നും വിരമിക്കുമെന്നാണ് കരുതിയത് എങ്കിലും വെയിൽസ് ലോകകപ്പിനു യോഗ്യത നേടിയതോടെ താരം കളിക്കളത്തിൽ തുടരുമെന്ന് വ്യക്തമായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മാഡ്രിഡ് നഗരത്തിൽ തന്നെയുള്ള ക്ലബായ ഗെറ്റാഫെ താരത്തിന്റെ സേവനം ഏജന്റ് ഓഫർ ചെയ്തുവെന്ന് വെളിപ്പെടുത്തിയത്.
Gareth Bale is not going to Getafe 💀
— GOAL India (@Goal_India) June 10, 2022
Which club should he sign for? pic.twitter.com/RMgYSJfbs7
മാഡ്രിഡിൽ തന്നെ തുടരാൻ ഗാരെത് ബേൽ ആഗ്രഹിക്കുന്നുണ്ട് എന്നതിനാൽ താരം ഗെറ്റാഫയിലേക്ക് എത്തുമോയെന്ന സംശയം ആരാധകർക്ക് ഉണ്ടായിരുന്നെങ്കിലും അതിനെ താരം പൂർണമായും നിഷേധിച്ചു. "ഞാൻ ഗെറ്റാഫെക്കു വേണ്ടി കളിക്കാൻ പോകുന്നില്ല, അതുറപ്പുള്ള കാര്യമാണ്. ഞാൻ എവിടെ പോയാലും അത് രണ്ടു കക്ഷികൾക്കും ഗുണമുള്ള കാര്യമാണ്, കാരണം ലോകകപ്പിനു മുൻപ് ഞാൻ മത്സരങ്ങൾ കളിക്കും." ബേൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ അത്ലറ്റികോ മാഡ്രിഡിന് ഗാരെത് ബേൽ ഓഫർ ചെയ്യപ്പെട്ടുവെന്നും എന്നാൽ അവർ അതു നിഷേധിച്ചുവെന്നും വാർത്തകൾ ഉണ്ടായിരുന്നു. താരത്തിന്റെ മുൻ ക്ലബായ ടോട്ടനം ഹോസ്പറിനും ബേലിനെ സ്വന്തമാക്കാൻ താൽപര്യമില്ല. റിപ്പോർട്ടുകൾ പ്രകാരം തന്റെ രാജ്യമായ വെയിൽസിലെ ക്ലബായ കാർഡിഫ് സിറ്റിയിലേക്കാണ് താരം ചേക്കേറാൻ സാധ്യത.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.