ഗരത് ബെയില്‍ എം.എല്‍.എസിലേക്ക്; ലോസ് ആഞ്ചലസ് എഫ്സിയുമായി ധാരണയിലെത്തി

മുന്‍ റയല്‍ മാഡ്രിഡ് താരം ഗരത് ബെയില്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബായ ലോസ് ആഞ്ചലസ് എഫ്സി (എൽഎഎഫ്സി)യിലേക്ക് ചേക്കേറും. കരാർ കാര്യത്തിൽ ബെയിൽ ലോസ് ആഞ്ചലസ് എഫ്സിയുമായി ധാരണയിലെത്തിയതായി 90min മനസിലാക്കുന്നു.
റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിക്കുന്ന ബെയിൽ ഫ്രീ ട്രാൻസ്ഫറിലാണ് ലോസ് ആഞ്ചലസ് എഫ്സിയിലേക്ക് കൂടുമാറുന്നത്. 2013ൽ റയൽ മാഡ്രിഡിലെത്തിയ ബെയിൽ, മൂന്ന് ലാ ലീഗ, അഞ്ച് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 16 കിരീടങ്ങൾ സ്വന്തമാക്കിയാണ് സ്പാനിഷ് ക്ലബിനോട് വിടപറയുന്നത്. റയലിനായി 258 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം അത്രയും മത്സരങ്ങളിൽ നിന്ന് 106 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.
റയല്‍ മാഡ്രിഡ് വിട്ടതിന് ശേഷം താരം എവിടേക്കാണ് പോവുകയെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു. കാര്‍ഡിഫ് സിറ്റിയുമായി താരം ചർച്ചകൾ നടത്തിയിരുന്നെങ്കിലും, ലോസ് ആഞ്ചലസ് എഫ്സിയുമായാണ് ഇപ്പോൾ ധാരണയിലെത്തിയിട്ടുള്ളത്. ഒരു വർഷത്തെ കരാറിലാണ് താരം എൽഎഎഫ്സിയിലേക്ക് ചേക്കേറുക. ഇത് 18 മാസത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനും കരാറിലുണ്ട്.
നേരത്തെ, യുവന്റസുമായുള്ള കരാർ അവസാനിച്ച ഇറ്റാലിയൻ പ്രതിരോധ താരം ജോർജിയോ കില്ലിനിയെയും എൽഎഎഫ്സി സ്വന്തമാക്കിയിരുന്നു.