മെസി, നെയ്‌മർ, എംബാപ്പെ സഖ്യത്തെ ഒരുമിച്ചു കളിപ്പിക്കാൻ പദ്ധതിയാവിഷ്‌കരിച്ച് പിഎസ്‌ജി പരിശീലകൻ ഗാൾട്ടിയർ
By Sreejith N

നിരവധി സൂപ്പർതാരങ്ങൾ ടീമിലുണ്ടായിട്ടും അവർക്ക് ചേരുന്ന ശൈലി രൂപാന്തരപ്പെടുത്താൻ കഴിയാതിരുന്നത് കഴിഞ്ഞ സീസണിൽ പിഎസ്‌ജിയുടെ പ്രകടനത്തെ ബാധിച്ചിരുന്നു. മെസി, നെയ്‌മർ, എംബാപ്പെ, റാമോസ്, ഡോണറുമ്മ തുടങ്ങി നിരവധി താരങ്ങളുടെ സ്വാധീനം ഉണ്ടായിട്ടും കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗ് കിരീടം മാത്രം നേടിയ പിഎസ്‌ജി അവരുടെ പ്രധാന ലക്ഷ്യമായ ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിൽ തന്നെ പുറത്താവുകയാണുണ്ടായത്.
എന്നാൽ കഴിഞ്ഞ സീസണിലെ പോരായ്‌മകൾക്ക് ഈ സീസണിൽ പരിഹാരം കാണാൻ പോച്ചട്ടിനോയിൽ നിന്നും പിഎസ്‌ജിയുടെ പരിശീലകസ്ഥാനം ഏറ്റെടുത്ത ക്രിസ്റ്റഫെ ഗാൾട്ടിയർ പദ്ധതികൾ ആവിഷ്‌കരിച്ചു തുടങ്ങിയെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം ടീമിന്റെ ഫോർമേഷനിൽ കാതലായ മാറ്റങ്ങൾ വരുത്താനാണ് ഗാൾട്ടിയർ ഒരുങ്ങുന്നത്.
അടുത്ത സീസണിൽ പിഎസ്‌ജിയെ 3-4-2-1 എന്ന ഫോർമേഷനിൽ ഇറക്കാനാണ് ഗാൾട്ടിയർ പദ്ധതിയിടുന്നത്. സെന്റർ ബാക്കായി മൂന്നു താരങ്ങളെ അണിനിരത്തുന്ന ഈ ശൈലിയിൽ ടീമിന്റെ മുന്നേറ്റനിരയിലെ പ്രധാനതാരങ്ങളായ മെസി, നെയ്‌മർ, എംബാപ്പെ എന്നിവരെ കൃത്യമായി ഉൾക്കൊള്ളിക്കാൻ കഴിയുമെന്ന് ഗാൾട്ടിയർ കരുതുന്നു. മെസിയെ സെൻട്രൽ അറ്റാക്കിങ് പ്ലേ മേക്കറായി കളിപ്പിച്ച് എംബാപ്പെ, നെയ്‌മർ എന്നിവരെ താരത്തിനു മുന്നിൽ അണിനിരത്താനാണ് ഗാൾട്ടിയർ ഒരുങ്ങുന്നത്.
തന്റെ പുതിയ ഫോർമേഷനെക്കുറിച്ച് പിഎസ്‌ജി താരങ്ങളെ അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സീസണിൽ മെസിയെ സമാനമായ പൊസിഷനിൽ പോച്ചട്ടിനോ ചില മത്സരങ്ങളിൽ കളിപ്പിച്ചിട്ടുണ്ട്. മെസി ഇതേ പൊസിഷനിൽ കളിച്ച സെയിന്റ് ഏറ്റിയെന്നെക്കെതിരായ മത്സരത്തിൽ മൂന്നു അസിസ്റ്റുകളും താരം നേടി. മെസിയിൽ നിന്നും ഏറ്റവും മികച്ച പ്രകടനം കൊണ്ടുവരാൻ ഈ ശൈലിക്ക് കഴിയുമെന്നും ഗാൾട്ടിയർ കരുതുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.