പിഎസ്ജിയിൽ നെയ്മറുടെ ഭാവിയും താരത്തെ വെച്ചുള്ള പദ്ധതികളും വെളിപ്പെടുത്തി ക്രിസ്റ്റഫെ ഗാൾട്ടിയർ


സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബ്രസീലിയൻ സൂപ്പർതാരം നെയ്മറെ പിഎസ്ജി ഒഴിവാക്കുമെന്ന് അഭ്യൂഹങ്ങൾ വളരെ ശക്തമായിരുന്നു. ക്ലബ് നേതൃത്വത്തിന് ഒഴിവാക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പിഎസ്ജി വിടാൻ ബ്രസീലിയൻ താരത്തിന് താൽപര്യമില്ലാതിരുന്നതും വമ്പൻ പ്രതിഫലം വാങ്ങുന്ന നെയ്മറെ വാങ്ങാൻ മറ്റു ക്ലബുകൾ തയ്യാറാവാത്തതും ട്രാൻസ്ഫർ നീക്കങ്ങളെ ബാധിച്ചു.
അതേസമയം പുതിയ പരിശീലകനായെത്തിയ ക്രിസ്റ്റഫെ ഗാൾട്ടിയർ അടുത്ത സീസണിലെ തന്റെ പദ്ധതികളിൽ ബ്രസീലിയൻ താരത്തിന് ഇടമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മെസിക്കും എംബാപ്പെക്കുമൊപ്പം നെയ്മറെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പദ്ധതി ആവിഷ്കരിക്കുമെന്ന് വ്യക്തമാക്കിയ ഗാൾട്ടിയർ ടീമിന്റെ മുന്നോട്ടുപോക്കിൽ താരത്തിന് നിർണായക സ്വാധീനം ചെലുത്താൻ കഴിയുമെന്നും വ്യക്തമാക്കി.
"അതെ, എനിക്കു വ്യക്തതയുണ്ട്. ഞാൻ വീണ്ടും ആവർത്തിക്കുന്നു, ഈ വൈദഗ്ദ്യത്തിന്റെ മേഖലയിൽ എനിക്ക് അധിപനാകാൻ കഴിയാത്ത നിരവധി കാര്യങ്ങളുണ്ട്. എനിക്കുള്ള സ്ക്വാഡിനോട് ഞാൻ ഇണങ്ങിച്ചേരാൻ ശ്രമിക്കും. അതത്രയും എനിക്കു വേണം, അതിലെ എണ്ണം കുറക്കണം. എന്നാൽ സാധ്യമായത്രയും എനിക്കു വേണം." എൽ എക്വിപ്പെയോട് ഗാൾട്ടിയർ പറഞ്ഞു.
"നെയ്മറുടെ ചുമതല എന്തായിരിക്കും? താരം എവിടെയായിരിക്കും ഏറ്റവും മികച്ചതെന്ന് എനിക്കറിയാം. ചിലപ്പോഴത് ഏറ്റവും മുന്നിലാവാം, രണ്ടു മധ്യനിര താരങ്ങളുടെ മുന്നിലാവാം. നെയ്മർ മെസിയെപ്പോലെ തന്നെ അവസരങ്ങൾ ഒരുക്കാൻ കഴിയുന്ന താരമാണ്. അവർക്ക് ലൈനുകൾക്കിടയിലെ വിടവുകൾ കണ്ടെത്താനും നിർണായകശക്തിയാവാനും കഴിയും." ഗാൾട്ടിയർ പറഞ്ഞു.
പിഎസ്ജി ഒഴിവാക്കാൻ സമ്മർദ്ദം ചെലുത്തിയാലും നെയ്മർ അടുത്ത സീസണിലും പിഎസ്ജിയിൽ തന്നെ തുടരാനാണ് സാധ്യത. ഖത്തർ ലോകകപ്പിന് മികച്ച രീതിയിൽ തയ്യാറെടുക്കാൻ ഫ്രഞ്ച് ക്ലബിനൊപ്പം തുടരുകയാണ് നല്ലതെന്നും അതല്ലെങ്കിൽ ലോകകപ്പിലെ പ്രകടനത്തെ ബാധിക്കുമെന്നുമാണ് നെയ്മർ കരുതുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.