പിഎസ്‌ജിയിലെ താരങ്ങൾക്കു മേൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയർ

Galtier Impliment New Rules To PSG Players
Galtier Impliment New Rules To PSG Players / Jun Sato/GettyImages
facebooktwitterreddit

പിഎസ്‌ജിയുടെ പുതിയ പരിശീലകനായി ചുമതല ഏറ്റെടുത്ത ക്രിസ്റ്റഫെ ഗാൾട്ടിയർ ടീമിന്റെ രീതികൾ അടിമുടി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് റിപ്പോർട്ടുകൾ. യൂറോപ്യൻ മാധ്യമമായ റെക്കോർഡിന്റെ റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജിയിലെ താരങ്ങൾക്ക് അച്ചടക്കബോധമുണ്ടാക്കാൻ വേണ്ടി മൂന്നു പ്രധാന നിയമങ്ങളാണ് അദ്ദേഹം നടപ്പിലാക്കിയിരിക്കുന്നത്.

താരങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗത്തിലാണ് പ്രധാന മാറ്റം കൊണ്ടു വന്നിരിക്കുന്നത്. ടീമിനൊപ്പം ഭക്ഷണം കഴിക്കുന്ന സമയത്ത് ഒരു താരവും മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നാണ് നിലവിലെ നിയമം. പ്രത്യേക സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ഒഴികെ താരങ്ങൾ പിഎസ്‌ജി ട്രെയിനിങ് സെന്ററിൽ നിന്നു തന്നെ ഭക്ഷണം കഴിക്കണമെന്നും നിർദ്ദേശമുണ്ട്.

ഇതിനു പുറമെ പരിശീലനത്തിന് കൃത്യസമയത്ത് എത്തുക എന്നതും വളരെ നിർബന്ധമാക്കിയിട്ടുണ്ട്. രാവിലെ 8.30നും 8.45നും ഇടയിൽ പരിശീലനത്തിന് എത്തിയില്ലെങ്കിൽ താരങ്ങൾക്കെതിരെ ശിക്ഷാനടപടി ഉണ്ടായേക്കും. ശിക്ഷാനടപടിയിൽ പിഴയോ അല്ലെങ്കിൽ രാവിലത്തെ പരിശീലന സെഷനിൽ നിന്നും പൂർണമായും ഒഴിവാക്കലോ ഉൾപ്പെടുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ക്ലബിനുള്ളിലെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഗാൾട്ടിയർ പുതിയ നിയമങ്ങൾ ഏർപ്പാടാക്കിയത്. കഴിഞ്ഞ സീസണിൽ താരങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാൻ പോച്ചട്ടിനോക്ക് കഴിഞ്ഞില്ലെന്ന് വിമർശനം ഉയർന്നിരുന്നു. അത്തരം പോരായ്‌മകൾ പരിഹരിക്കുകയെന്നത് ഗാൾട്ടിയറുടെ പ്രധാന പരിഗണനയാണ്.

നിരാശപ്പെടുത്തുന്ന കഴിഞ്ഞ സീസണു ശേഷം കൂടുതൽ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് പിഎസ്‌ജി ഈ സീസണിൽ ഇറങ്ങുന്നത്. ലില്ലെക്ക് ഫ്രഞ്ച് ലീഗ് നേടിക്കൊടുത്ത പരിശീലകന് അതിനു കഴിയുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.