Football in Malayalam

മത്സരത്തിനിടെ സഹതാരവുമായി കയ്യാങ്കളി, ഒടുവിൽ റെഡ് കാർഡ്; തുർക്കിഷ് ലീഗിൽ നാടകീയ സംഭവങ്ങൾ

Sreejith N
GZT Giresunspor v Galatasaray - Turkish Super Lig
GZT Giresunspor v Galatasaray - Turkish Super Lig / Anadolu Agency/Getty Images
facebooktwitterreddit

മത്സരത്തിനിടെയുണ്ടാകുന്ന വൈകാരിക വേലിയേറ്റങ്ങളുടെ ഭാഗമായി എതിരാളികളെ കായികമായി ആക്രമിക്കുന്നത് പലപ്പോഴും ഫുട്ബോൾ മൈതാനത്ത് സംഭവിക്കാറുള്ളതാണ്. എന്നാൽ സ്വന്തം ടീമിലെ കളിക്കാരനെ തന്നെ ആക്രമിച്ച് ഒരു താരത്തിന് ചുവപ്പുകാർഡ് നേടേണ്ടി വന്ന അസാധാരണ സംഭവമാണ് കഴിഞ്ഞ ദിവസം തുർക്കിഷ് ലീഗിൽ ഗലത്സരേയും ഗിറേസുൻസ്പോറും തമ്മിൽ നടന്ന മത്സരത്തിനിടെയുണ്ടായത്.

2021-22 സീസണിൽ ഗലത്സരയുടെ ആദ്യത്തെ മത്സരത്തിലാണ് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. മത്സരത്തിന്റെ സെക്കൻഡ് ഹാഫ് പകുതിയോളം പിന്നിട്ടപ്പോഴാണ് പ്രതിരോധതാരമായ മാർക്കാവോ സഹതാരമായ കെരം അക്തുർകൊഗ്‌ലുവുമായി കൊമ്പുകോർത്തത്. ഇതിന്റെ ഭാഗമായി മാർക്കാവോക്ക് ചുവപ്പുകാർഡ് ലഭിക്കുകയും ചെയ്‌തു.

മാർക്കാവോയോട് മത്സരത്തിനിടെ നിശബ്ദനായിരിക്കാൻ കെരം ആവശ്യപ്പെടുന്നതും അതിനു പിന്നാലെ പ്രകോപിതനായ ബ്രസീലിയൻ താരം കെരമിനെ തല കൊണ്ടിടിക്കുന്നതും മുഖത്തിടിക്കുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. സഹതാരങ്ങൾ ചേർന്ന് മാർക്കാവോയെ പിടിച്ചു മാറ്റിയതിനു പിന്നാലെ റഫറി റെഡ് കാർഡ് ഉയർത്തുകയും ചെയ്‌തു.

ഗലത്സരയിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളിൽ ഒരാളായ മാർക്കാവോയുടെ ക്ലബിലെ ഭാവി ഇതോടെ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. ചുവപ്പുകാർഡിനു പുറമെ ദീർഘകാലത്തെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ള താരത്തിന്റെ കരാർ ക്ലബ് അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം അപമാനകരമായ സംഭവത്തിനു ശേഷം ഒരു താരം പുറത്തു പോയിട്ടും മത്സരത്തിൽ വിജയം നേടാൻ ഗലാത്സരേക്ക് കഴിഞ്ഞു. ആദ്യപകുതിയിൽ ഡിയാനെ, സിസാൽഡു എന്നിവർ നേടിയ ഗോളുകളിലാണ് ഗലത്സരെ വിജയം നേടിയത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit