Premier League

"പുതിയ സ്വപ്‌നങ്ങളിൽ ജീവിക്കാനുള്ള തുടക്കം"- മാഞ്ചസ്റ്റർ സിറ്റിയോടു വിടപറഞ്ഞ് ഗബ്രിയേൽ ജീസസ്

Sreejith N
Gabriel Jesus Sent Farewell Message To Fans
Gabriel Jesus Sent Farewell Message To Fans / Visionhaus/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ സിറ്റി വിട്ട് ആഴ്‌സണലിലേക്ക് ചേക്കേറിയതിനു പിന്നാലെ വിടവാങ്ങൽ സന്ദേശവുമായി ബ്രസീലിയൻ മുന്നേറ്റനിര താരം ഗബ്രിയേൽ ജീസസ്. 45 മില്യൺ പൗണ്ടിന്റെ ട്രാൻസ്‌ഫറിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഗണ്ണേഴ്‌സ്‌ സ്വന്തമാക്കിയ താരം പുതിയ സ്വപ്‌നങ്ങളിൽ ജീവിക്കാനുള്ള തുടക്കമെന്നാണ് തന്റെ ട്രാൻസ്‌ഫറിനെ വിശേഷിപ്പിച്ചത്.

അഞ്ചര വർഷമായി മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമുള്ള ഗബ്രിയേൽ ജീസസ് 236 മത്സരങ്ങളിൽ നിന്നും 95 ഗോളുകൾ നേടുകയും നാല് പ്രീമിയർ ലീഗടക്കം നിരവധി കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്‌തിട്ടുണ്ട്‌. പെപ് ഗ്വാർഡിയോളയുടെ പദ്ധതികളിൽ താരം ഭാഗമായിരുന്നെങ്കിലും എർലിങ് ഹാലാൻഡിന്റെ വരവോടെ ജീസസ് ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു.

"എനിക്ക് ബ്രസീലിൽ വിജയം നേടണമായിരുന്നു, അതു ഞാൻ നേടി. എനിക്കെന്റെ രാജ്യത്തെ പ്രതിനിധീകരിക്കണമായിരുന്നു. അതും ഞാൻ ചെയ്‌തു. അതിനു ശേഷം ഫോൺ ബെല്ലടിച്ചു. അപ്പുറത്ത് ഒരു പുതിയ സ്വപ്‌നമായിരുന്നു, ഞാൻ ഇതുവരെ കാണാത്ത സ്വപ്‌നം. മാഞ്ചസ്റ്ററിൽ, സിറ്റിയുടെ ജേഴ്‌സിയിൽ ഞാനെല്ലാം അനുഭവിച്ചു. കരഞ്ഞു, ചിരിച്ചു, വിജയിച്ചു, സന്തോഷവാനായി, പലതും മനസിലാക്കുകയും ചെയ്‌തു."

"കീഴടക്കൽ എന്റെ സ്വപ്‌നമായിരുന്നു, അതു ഞാൻ ചെയ്‌തു. ഞാൻ ആഗ്രഹിച്ചതെല്ലാം അനുഭവിച്ചു. എന്റെ ജീവിതത്തിൽ അഞ്ചു വർഷത്തിലധികമായി ഉണ്ടായതിൽ സിറ്റിക്ക് നന്ദി. ജാർധിം പെരിയിൽ നിന്നുള്ള പയ്യൻ സ്വപ്‌നം കാണുന്നത് നിർത്തില്ല. ഒരു പുതിയ സ്വപ്‌നത്തിൽ ജീവിക്കാനുള്ള തുടക്കമാണിത്." സോഷ്യൽ മീഡിയയിൽ ജീസസ് കുറിച്ചു.

ആഴ്‌സണലിലേക്ക് ചേക്കേറി അവസരങ്ങൾ വർധിക്കുന്നത് ലോകകപ്പിനുള്ള ബ്രസീൽ ടീമിലെ തന്റെ സ്ഥാനം ഉറപ്പിക്കും എന്നാണു ജീസസ് ഉറപ്പിക്കുന്നത്. മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ മൈക്കൽ അർടെട്ടക്കു കീഴിൽ താരം മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit