റയൽ മാഡ്രിഡിന്റെ തിരിച്ചുവരവുകളെ തടുക്കാൻ കഴിയില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി താരം ജീസസ്


ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ പോരാട്ടത്തിന് നാളെ ഇറങ്ങാനിരിക്കെ മത്സരങ്ങളിൽ പോരാട്ടവീര്യത്തോടെ തിരിച്ചു വരാനുള്ള റയൽ മാഡ്രിഡിന്റെ കഴിവിനെ തടുക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പു നൽകി മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ സ്ട്രൈക്കറായ ഗബ്രിയേൽ ജീസസ്. സ്പാനിഷ് മാധ്യമമായ മാർക്കക്കു നൽകിയ അഭിമുഖത്തിലാണ് ജീസസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രീ ക്വാർട്ടറിലും ക്വാർട്ടർ ഫൈനലിലും പരാജയം വഴങ്ങുമെന്നു തോന്നിച്ചിടത്തു നിന്നും മികച്ച പോരാട്ടവീര്യം കാണിച്ചു തിരിച്ചടിച്ചാണ് റയൽ മാഡ്രിഡ് സെമി ഫൈനൽ വരെയെത്തിയത്. പ്രീ ക്വാർട്ടറിൽ പിഎസ്ജിക്കെതിരെ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നതിനു ശേഷം മൂന്നു ഗോൾ തിരിച്ചടിച്ച് വിജയം നേടിയ റയൽ ക്വാർട്ടറിൽ വിജയത്തിന്റെ അരികിലെത്തി ചെൽസിയെ അട്ടിമറിക്കുകയും ചെയ്തിരുന്നു.
"നിങ്ങൾക്കതിനെ തടുക്കാൻ കഴിയില്ല. റയൽ മാഡ്രിഡ് എന്ന ക്ലബ് മാത്രമല്ല അതിലെ മിക്ക താരങ്ങളും ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ട് മത്സരങ്ങളിൽ വളരെയധികം പരിചയസമ്പത്തുള്ളവരാണ്. അതു തീർച്ചയായും വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ ഞങ്ങളും സ്വയം വിശ്വസിക്കുന്നു. കഴിഞ്ഞ വർഷം ഞങ്ങൾ ഫൈനലിലെത്തി, വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ഞങ്ങൾ അവിടെയെത്തിയിരുന്നു." ജീസസ് പറഞ്ഞു.
റയൽ മാഡ്രിഡിനു വേണ്ടി കളിക്കുന്ന ബ്രസീലിയൻ സഹതാരമായ വിനീഷ്യസ് ജൂനിയറെക്കുറിച്ചും ജീസസ് പറഞ്ഞു. വളരെയധികം പ്രതിഭയുള്ള താരം കൂടുതൽ പക്വത കൈവരിച്ചുവെന്നും വിനീഷ്യസിന്റെ വലിയ ആരാധകനാണ് താനെന്നും ജീസസ് പറഞ്ഞു. താരത്തിന് ഇനിയും കൂടുതൽ കൂടുതൽ മെച്ചപ്പെടാൻ കഴിയട്ടെ എന്നു പറഞ്ഞ ജീസസ് തനിക്കെതിരെ കളിക്കുമ്പോളൊഴികെയുള്ള ദിവസങ്ങളിൽ വിനീഷ്യസിന് ആശംസകൾ നേരുന്നുവെന്നും കൂട്ടിച്ചേർത്തു.
റയൽ മാഡ്രിഡിനെതിരെ നാളെ ഇറങ്ങുമ്പോൾ ഗബ്രിയേൽ ജീസസിൽ തന്നെയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന പ്രതീക്ഷ. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ വാട്ഫോഡിനെതിരെ നാല് ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള തയ്യാറെടുപ്പ് താരം പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. സിറ്റിക്കൊപ്പം ചാമ്പ്യൻസ് ലീഗ് വിജയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും താരം പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.