FC Barcelona News

നെതർലൻഡ്‌സിന്റെ ശൈലിയാണ് തനിക്ക് കൂടുതൽ അനുയോജ്യമെന്ന് ഫ്രങ്കീ ഡി ജോംഗ്

Sreejith N
Frenkie De Jong Says Netherlands Team Suits Him Better
Frenkie De Jong Says Netherlands Team Suits Him Better / Soccrates Images/GettyImages
facebooktwitterreddit

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ വിടുമെന്ന അഭ്യൂഹങ്ങളുടെ ഇടയിൽ ക്ലബിന്റെ ശൈലിയെക്കാൾ ഹോളണ്ട് ടീമിനൊപ്പമാണ് തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്നതെന്നു വെളിപ്പെടുത്തി മധ്യനിര താരം ഫ്രങ്കീ ഡി ജോംഗ്. കഴിഞ്ഞ ദിവസം ബെൽജിയത്തിനെതിരെ നടന്ന മത്സരത്തിൽ മികച്ച വിജയം നേടിയതിനു ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം.

യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ ബെൽജിയവുമായി നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയം നേടിയ ഡച്ച് ടീമിനു വേണ്ടി മികച്ച പ്രകടനമാണ് ഫ്രങ്കീ ഡി ജോംഗ് നടത്തിയത്. ആദ്യഗോളിന് അസിസ്റ്റ് നൽകിയ താരം മധ്യനിരയുടെ കേന്ദ്രമായി പ്രവർത്തിച്ച് മത്സരത്തിൽ ടീമിനെ നിയന്ത്രിക്കുകയും ചെയ്‌തിരുന്നു.

"ഞാൻ ബാഴ്‌സലോണയിൽ കളിക്കുന്നതിനേക്കാൾ വളരെ വ്യത്യസ്‌തമായാണ് ഇവിടെ കളിക്കുന്നത്. എനിക്ക് തോന്നുന്നത് ഇതാണെനിക്ക് കൂടുതൽ അനുയോജ്യമായി തോന്നുന്നതെന്നാണ്." മത്സരത്തിനു ശേഷം എൻഓഎസിനോട് സംസാരിക്കുമ്പോൾ ഫ്രെങ്കീ ഡി ജോംഗ്‌ പറഞ്ഞു.

മത്സരത്തിൽ ഡിഫൻസീവ് മിഡ്‌ഫീൽഡറായി കളിച്ച ഡി ജോംഗ്‌ ബാഴ്‌സലോണയിൽ പക്ഷെ ആ പൊസിഷനിൽ അല്ല കളിക്കുന്നത്. പൊസിഷനില് ഈ ചെറിയ മാറ്റം താരത്തിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്‌തിട്ടുണ്ട്‌. "പന്ത് പ്രതിരോധതാരങ്ങളിൽ നിന്നും ആദ്യം സ്വീകരിച്ച് ആക്രമണത്തിലേക്ക് കൂട്ടിച്ചേർക്കുന്ന ആളാകാനാണ് എനിക്കു താൽപ്പര്യം." ഡി ജോംഗ് കൂട്ടിച്ചേർത്തു.

മത്സരത്തിനു ശേഷം ഡച്ച് പരിശീലകൻ ലൂയിസ് വാൻ ഗാലും ഡി ജോംഗിന്റെ പ്രകടനത്തെ പ്രശംസിച്ചിരുന്നു. അതേസമയം ഈ സമ്മറിൽ ഡി ജോംഗ് ബാഴ്‌സ വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് താരം ചേക്കേറാൻ സാധ്യതയുണ്ട് എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit