മികച്ച പ്രകടനം നടത്തുന്നില്ലെങ്കിലും ബാഴ്‌സ ഏറ്റവും മനോഹരമായ ക്ലബ്, തനിക്കിനിയും മെച്ചപ്പെടാൻ കഴിയുമെന്നും ഡി ജോംഗ്

RCD Mallorca v FC Barcelona - La Liga Santander
RCD Mallorca v FC Barcelona - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിയുന്നില്ലെങ്കിലും ബാഴ്‌സലോണ ഇപ്പോഴും ലോകത്തിലെ ഏറ്റവും മനോഹരമായ ക്ലബാണെന്ന് ടീമിന്റെ മധ്യനിരതാരമായ ഫ്രാങ്കീ ഡി ജോംഗ്. തന്നെക്കുറിച്ച് വിമർശനം നടത്തുന്നവരുടെ വാക്കുകളെ തള്ളിക്കളഞ്ഞ താരം ടീമിനു വേണ്ടി കൂടുതൽ സംഭാവന ചെയ്യാൻ തനിക്ക് കഴിയുമെന്നും വ്യക്തമാക്കി.

"ബാഴ്‌സലോണയെക്കുറിച്ച് ഞാൻ ചിന്തിക്കുമ്പോൾ ഇപ്പോഴും പഴയതു പോലെ തന്നെയാണ് ചിന്തിക്കുന്നത്. നിലവിൽ ഈ ടീം ഏറ്റവും മികച്ചതല്ല. പക്ഷെ, ഇതിപ്പോഴും ലോകത്തിലെ ഏറ്റവും മനോഹരമായ ക്ലബ് തന്നെയാണ്." എൻഓഎസിനോട് സംസാരിക്കേ ഡി ജോംഗ് പറഞ്ഞു.

ഈ സീസണിൽ മികച്ച ഫോമിലല്ല ഡി ജോംഗ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇരുപത്തിയാറ് മത്സരങ്ങൾ കളിച്ച് രണ്ടു ഗോളും രണ്ട് അസിസ്റ്റും മാത്രം സ്വന്തമാക്കിയ താരത്തിനെതിരെ വിമർശനങ്ങൾ ശക്തമാണെങ്കിൽ ചില വിമർശകർ സ്വന്തമായൊരു അഭിപ്രായം രൂപീകരിക്കാതെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ പിന്തുടരുക മാത്രമാണു ചെയ്യുന്നതെന്നാണ് താരം പറയുന്നത്.

"എനിക്ക് ഫുട്ബോൾ ഇഷ്ടമായതിനാൽ തന്നെ ഞാൻ വാർത്തകൾ പിന്തുടരുന്നുണ്ട്. നിരവധിയാളുകൾ പരസ്‌പരം സംസാരിക്കുന്നത് ഞാൻ കാണാറുണ്ട്. അവർ ശരിക്കും മത്സരങ്ങൾ കാണാറില്ലെന്ന തോന്നൽ പലപ്പോഴും എനിക്കുണ്ടാവാറുണ്ട്. അവർ മത്സരങ്ങൾ കണ്ടാൽ തന്നെ കമന്ററി പറയുന്നവരിൽ നിന്നും വിശകലനം നടത്തുന്നവരിൽ നിന്നും അഭിപ്രായങ്ങൾ സ്വരൂപിക്കയാണ് ചെയ്യുന്നത്."

"എല്ലാവരും മറ്റുള്ളവരെ അനുകരിക്കാൻ തുടങ്ങിയാൽ വളരെ മോശം അന്തരീക്ഷത്തിലേക്കാണ് കാര്യങ്ങൾ പോവുക. എനിക്കു ടീമിനായി ഇനിയും സംഭാവന നൽകാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. എനിക്ക് കൂടുതൽ വേറിട്ടു നിൽക്കാനും കഴിയും." ഡി ജോംഗ് വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.