Football in Malayalam

ഫ്രെങ്കീ ഡി ജോംഗിനു വേണ്ടി യൂറോപ്പിലെ അഞ്ചു പ്രധാന ടീമുകൾ അന്വേഷണം നടത്തിയെന്ന് താരത്തിന്റെ പിതാവ്

Sreejith N
FC Barcelona v Real Betis - La Liga Santander
FC Barcelona v Real Betis - La Liga Santander / Alex Caparros/GettyImages
facebooktwitterreddit

ബാഴ്‌സലോണ മധ്യനിര താരമായ ഫ്രെങ്കീ ഡി ജോംഗിനെ സ്വന്തമാക്കുന്നതിനു വേണ്ടി യൂറോപ്പിലെ അഞ്ചു പ്രധാനപ്പെട്ട ക്ലബുകൾ വിളിച്ച് അന്വേഷണം നടത്തിയെന്ന് താരത്തിന്റെ പിതാവായ ജോൺ ഡി ജോംഗിന്റെ വെളിപ്പെടുത്തൽ. എന്നാൽ നെതർലൻഡ്‌സ് താരം സമീപഭാവിയിൽ ബാഴ്‌സലോണ വിടാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സീസണിൽ ബാഴ്‌സലോണക്കു വേണ്ടി നടത്തുന്ന മോശം പ്രകടനത്തിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന താരമാണ് ഫ്രെങ്കീ ഡി ജോംഗ്. ചാമ്പ്യൻസ് ലീഗിൽ നിന്നും ബാഴ്‌സലോണ പുറത്തായതോടെ അതു ശക്തമാവുകയും ചെയ്‌തു. ഇതിനിടയിൽ ക്ലബിന്റെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാൻ ഡി ജോംഗിനെ ബാഴ്‌സ വിൽക്കുമെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു.

ഡി ജോംഗ് ബാഴ്‌സലോണ വിട്ടാലും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കും ജർമൻ ക്ലബായ ബയേൺ മ്യൂണിക്കിലേക്കും ചേക്കേറില്ലെന്നാണ് ജോൺ ഡി ജോംഗ് ഒരു ഡച്ച് മാധ്യമത്തോട് സംസാരിക്കുമ്പോൾ പറഞ്ഞത്. "അവിടെ പല സമയത്തും മോശം കാലാവസ്ഥയാണ്. ഇതു ഫുട്ബോൾ ആണെങ്കിലും തീർച്ചയായും അതെല്ലാം പരിഗണിക്കേണ്ട കാര്യങ്ങൾ തന്നെയാണ്."

"ബാഴ്‌സലോണക്ക് പണം ആവശ്യമുണ്ടെന്നും ഡി ജോംഗിനായി ഒരു വലിയ ഓഫർ വന്നാൽ അതു ക്ലബിനൊരു സഹായമാകുമെന്നും എനിക്കറിയാം. എന്നാൽ അതു സമീപഭാവിയിൽ നടക്കുമെന്ന് ഞാൻ കരുതുന്നില്ല. എന്തായാലും യൂറോപ്പിലെ അഞ്ചു പ്രധാന ക്ലബുകൾ അതിനായി വിളിച്ചിരുന്നു." താരത്തിന്റെ പിതാവ് അറിയിച്ചു.

ബാഴ്‌സലോണ മധ്യനിരയിലെ സ്ഥിരസാന്നിധ്യമാണ് ഫ്രെങ്കീ ഡി ജോംഗ്. ഈ സീസണിൽ 19 മത്സരങ്ങളിൽ കളിച്ച താരം ഒരു ഗോളും രണ്ട് അസിസ്റ്റും മാത്രമാണ് ടീമിനു വേണ്ടി നേടിയത്. ഈ സീസണിൽ മോശം പ്രകടനം നടത്തുന്നതു മൂലം ലീഗിൽ എട്ടാം സ്ഥാനത്തുള്ള ക്ലബ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായി യൂറോപ്പ ലീഗ് പ്ലേ ഓഫിൽ നാപ്പോളിയെ നേരിടാനിരിക്കയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit