Transfers

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതീക്ഷ മങ്ങുന്നു, ബാഴ്‌സലോണയിൽ തന്നെ തുടരാനാണ് താൽപര്യമെന്ന് ഫ്രങ്കീ ഡി ജോംഗ്

Sreejith N
Frenkie De Jong Refuses To Leave Barcelona
Frenkie De Jong Refuses To Leave Barcelona / Eric Alonso/GettyImages
facebooktwitterreddit

ബാഴ്‌സലോണ മധ്യനിര താരമായ ഫ്രങ്കീ ഡി ജോംഗിനെ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കാൻ കഴിയുമെന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതീക്ഷ മങ്ങുന്നു. ഡച്ച് താരത്തിന്റെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് ബാഴ്‌സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ കരാർ ധാരണയിൽ എത്തിയെങ്കിലും കാറ്റലൻ ക്ലബ് വിടാൻ ഡി ജോംഗിന് താല്പര്യമില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി സ്ഥാനം ഏറ്റെടുത്ത സമയം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യമായിരുന്നു ഫ്രങ്കീ ഡി ജോംഗ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണ അതിനെ മറികടക്കാൻ താരത്തെ വിൽക്കാനും ഒരുക്കമായിരുന്നു. എന്നാൽ ബാഴ്‌സലോണയിൽ തന്നെ തുടരാനുള്ള താൽപര്യം ഡി ജോംഗ് രണ്ടു ക്ലബുകളെയും അറിയിച്ചുവെന്ന് കാറ്റലൻ മാധ്യമം സ്പോർട്ടിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബാഴ്‌സലോണയിൽ തന്നെ തുടരാനുള്ള ഫ്രങ്കീ ഡി ജോംഗിന്റെ താൽപര്യത്തിൽ അസാധാരണമായി യാതൊന്നും തന്നെയില്ല. അയാക്‌സിൽ നിന്നും ബാഴ്‌സലോണയിൽ എത്തിയപ്പോൾ തന്നെ കാറ്റലൻ ക്ലബിന്റെ ജേഴ്‌സിയണിയുകയെന്ന സ്വപ്‍നം തനിക്ക് ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയ താരമാണ് ഡി ജോംഗ്. മാഞ്ചസ്റ്റർ യുണൈറ്റഡ് അഭ്യൂഹങ്ങൾ ശക്തമായ സമയത്തും ബാഴ്‌സലോണയിൽ തന്നെ തുടരണം എന്നു താരം ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്‌തിരുന്നു.

അതേസമയം ഡി ജോങിന്റെ തീരുമാനം ബാഴ്‌സലോണക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും കനത്ത തിരിച്ചടി നൽകുന്നതാണ്. ലെവൻഡോസ്‌കിയടക്കമുള്ള താരങ്ങളെ സ്വന്തമാക്കാൻ വമ്പൻ തുക പ്രതിഫലമായി വാങ്ങുന്ന ഡി ജോംഗിനെ വിൽക്കേണ്ടത് ബാഴ്‌സലോണക്ക് അനിവാര്യമാണ്. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് ടെൻ ഹാഗിന്റെ അടുത്ത സീസണിലെ പദ്ധതികളിൽ നിർണായക പങ്കു വഹിക്കാൻ ലക്‌ഷ്യം വെച്ച താരത്തെയാണ് നഷ്‌ടമാകുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit