ഡി ജോങിനെ മാഞ്ചസ്റ്റർ യുണൈറ്റഡിനു സ്വന്തമാക്കാനായേക്കില്ല, താരം പരിഗണിക്കുന്നത് മറ്റു രണ്ടു ക്ലബുകളെ

Frenkie de Jong Prefer Chelsea And Bayern Over Man Utd
Frenkie de Jong Prefer Chelsea And Bayern Over Man Utd / James Williamson - AMA/GettyImages
facebooktwitterreddit

ബാഴ്‌സലോണയുടെ ഡച്ച് മധ്യനിരതാരമായ ഫ്രെങ്കീ ഡി ജോങിനെ സ്വന്തമാക്കാമെന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതീക്ഷ മങ്ങുന്നു. ഇരുപത്തിയഞ്ചു വയസുള്ള താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നതിനേക്കാൾ ചെൽസി, ബയേൺ മ്യൂണിക്ക് എന്നീ ക്ലബുകളിലേക്കുള്ള ട്രാൻസ്‌ഫറാണു പരിഗണിക്കുന്നതെന്ന് കാറ്റലൻ മാധ്യമമായ സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു.

കഴിഞ്ഞ ദിവസം ഇന്റർ മിയാമിക്കെതിരെ നടന്ന പ്രീ സീസൺ മത്സരത്തിൽ സെൻട്രൽ ഡിഫൻഡറായാണ് ഫ്രങ്കീ ഡി ജോങിനെ സാവി കളത്തിലിറക്കിയത്. ഇതു താരത്തിന് സാവിയുടെ ടീമിലെ മധ്യനിരയിൽ അവസരങ്ങൾ കുറയുമെന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്റർ മിയാമിക്കെതിരായ മത്സരത്തിൽ പകരക്കാരനായാണ് താരത്തിന് അവസരം ലഭിച്ചത്.

ബാഴ്‌സലോണ തന്നെ വിൽപ്പനക്ക് പരിഗണിക്കുന്നുണ്ടെന്ന കാര്യത്തിൽ ഡി ജോങിന് വ്യക്തമായ ധാരണയുണ്ട്. കാറ്റലൻ ക്ലബ് വിടാൻ താൽപര്യമില്ലെങ്കിലും അത്തരമൊരു സാഹചര്യം വന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നതിനു താരം പരിഗണന നൽകുന്നില്ല. മാഞ്ചസ്റ്റർ എന്ന നഗരത്തെയും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ പ്രവർത്തന രീതിയും താരത്തിന് താൽപര്യമില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലെന്നതും ഫ്രങ്കീ ഡി ജോംഗ് ക്ലബ്ബിനു പരിഗണന നൽകാതിരിക്കാൻ പ്രധാന കാരണമായിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് യോഗ്യത ഉള്ളതു കൊണ്ടു തന്നെയാണ് ചെൽസി, ബയേൺ മ്യൂണിക്ക് എന്നീ ക്ലബുകളിലേക്ക് ചേക്കേറാനുള്ള ഓഫറുകൾ താരം തള്ളിക്കളയാത്തതും.

ദിശാബോധത്തോടെ പ്രവർത്തിക്കുകയും എല്ലാ കിരീടങ്ങൾക്കും വേണ്ടി പൊരുതുകയും ചെയ്യുന്ന ബയേൺ മ്യൂണിക്കിലാണ് ഡി ജോങിന് കൂടുതൽ താൽപര്യം. പ്രീമിയർ ലീഗ് ഇഷ്‌ടമുള്ള ലീഗല്ലെങ്കിലും ചെൽസിയിലേക്കുള്ള ട്രാൻസ്‌ഫർ താരം പരിഗണിക്കാൻ സാധ്യതയുണ്ട്. എന്നാൽ എല്ലാറ്റിലുപരിയായി ബാഴ്‌സലോണയിൽ തന്നെ തുടരാനാണ് ഫ്രങ്കീ ഡി ജോംഗ് താൽപര്യപ്പെടുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.