യുഎസ് ടൂറിനായുള്ള ബാഴ്സലോണ സ്‌ക്വാഡിലേക്ക് ഫ്രെങ്കി ഡി യോങ്ങിനെയും ഉൾപ്പെടുത്തി
By Vaisakh. M

മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്ന ഡച്ച് മധ്യനിര താരം ഫ്രെങ്കി ഡി യോങിനെയും ബാഴ്‌സലോണയുടെ യുഎസ് പ്രീ-സീസൺ ടൂറിനുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്തി. ബാഴ്‌സലോണ പുറത്ത് വിട്ട ലിസ്റ്റിൽ താരത്തിന്റെയും പേരുണ്ട്.
നേരത്തെ, ക്ലബ് വിടാൻ ഡി യോങിന് മേൽ സമ്മർദ്ദം ചെലുത്താൻ വേണ്ടി താരത്തെ പ്രീ-സീസൺ ടൂറിനുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്തില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ താരത്തെ സ്‌ക്വാഡിൽ ഉൾപ്പെടുത്തുമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജൊവാൻ ലപോർട്ട തന്നെ വ്യക്തമാക്കിയിരുന്നു.
യുഎസിൽ വെച്ച് ഇന്റർ മയാമി, റയൽ മാഡ്രിഡ്, യുവന്റസ്, ന്യൂയോർക്ക് റെഡ് ബുൾസ് എന്നിവരെയാണ് പ്രീ-സീസൺ മത്സരങ്ങളിൽ ബാഴ്‌സലോണ നേരിടുന്നത്.
𝐒𝐐𝐔𝐀𝐃 𝐋𝐈𝐒𝐓
— FC Barcelona (@FCBarcelona) July 16, 2022
US Summer Tour 🇺🇸 pic.twitter.com/r14Zgeuf89
ഫ്രെങ്കി ഡി യോങ്ങിനെ സ്വന്തമാക്കാൻ 85 മില്യൺ യൂറോക്ക് ബാഴ്സയുമായി മാഞ്ചസ്റ്റർ യുണൈറ്റഡുമായി ധാരണയിലെത്തിയിട്ടുണ്ടെങ്കിലും, കുടിശ്ശികയിനത്തിൽ തനിക്ക് നൽകാനുള്ള വേതനം മുഴുവനായും നൽകാതെ ഒരു ഡീലിനും താത്പര്യമില്ലെന്നു താരം വ്യക്തമാക്കിയതായി 90min മനസിലാക്കുന്നു.
പ്രീ-സീസൺ മത്സരങ്ങൾക്കായി ഡി യോങ്ങിനൊപ്പം പുതിയ സൈനിങ്ങുകളായ റാഫിഞ്ഞ, ഫ്രാങ്ക് കെസ്സി, ആൻഡ്രിയാസ് ക്രിസ്റ്റെൻസൺ, കൂടാതെ കരാർ പുതുക്കിയ ഉസ്മാൻ ഡെംബെലെയും ബാഴ്സക്കൊപ്പം യുഎസ് ടൂറിലുണ്ടാവും. വരുന്ന തിങ്കളാഴ്ച തന്നെ ലെവൻഡോവ്‌സ്‌കി സൈനിങ് പൂർത്തീകരിച്ചു താരത്തെ യുഎസ് ടൂറിൽ ഉൾപ്പെടുത്താനാകുമെന്നും ബാഴ്സ പ്രതീക്ഷിക്കുന്നുണ്ട്.
അതേ സമയം, മാർട്ടിൻ ബ്രത്വൈറ്റ്, ഓസ്‌കാർ മിൻഗ്വേസ, സാമുവേൽ ഉംറ്റിറ്റി, റിക്കി പുയ്‌ഗ്, നെറ്റോ എന്നിവരെ യുഎസ് ടൂറിനുള്ള ബാഴ്‌സ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല.