ബാഴ്സലോണയുമായുള്ള ഫ്രെങ്കി ഡി യോങിന്റെ വമ്പൻ കരാറിന്റെ വിശദാംശങ്ങൾ പുറത്ത്


പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊരാളാണ് ബാഴ്സലോണ മധ്യ നിരതാരം ഫ്രങ്കി ഡി യോങ്. ബാഴ്സലോണയിൽ തുടരണമെന്നാണ് താരത്തിന്റെ നിലപാടെങ്കിലും നിലവിൽ താരത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. അതിനു കാരണം ബാഴ്സലോണയുടെ സാമ്പത്തിക പ്രതിസന്ധികളും, താരത്തിന്റെ കരാറിലെ ഉയർന്ന ശമ്പളവുമാണ്.
ഡി യോങ്ങിനെ നിലനിർത്താനാണ് ശ്രമിക്കുന്നതെങ്കിലും താരത്തിന്റെ ശമ്പളം വെട്ടിക്കുറക്കാൻ താരം തയ്യാറാവണമെന്ന് അടുത്തിടെ ബാഴ്സ പ്രസിഡന്റ് ജൊവാൻ ലപ്പോർട്ട ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ട്രാൻസ്ഫർ ഉണ്ടായാൽ തന്നെ അത് കായികപരമായ കുറവുകൊണ്ടല്ല പകരം സാമ്പത്തികപരമായ കാരണങ്ങൾ കൊണ്ടാണ്. ഡി യോങിന് അടുത്ത നാലു വർഷത്തേക്കുള്ള കരാറിൽ ബാഴ്സക്ക് താരത്തിനു വലിയ തുക വേതനമായി നൽകേണ്ടി വരുമെന്ന് മാർക്കയുടെ റിപ്പോർട്ടിനെ ഉദ്ധരിച്ച് സ്പോർട് റിപ്പോർട്ട് ചെയ്യുന്നു. 2026 വരെയാണ് ഡി യോങിന്റെ ബാഴ്സലോണയുമായുള്ള നിലവിലെ കരാർ
ഡി യോങിന്റെ ബാഴ്സയുമായുള്ള കരാർ പ്രകാരം അടുത്ത നാലു വർഷത്തിൽ തന്നെ ബോണസുകളുൾപ്പെടെ 88.58 മില്യൺ യൂറോ വരെ താരത്തിന് ലഭിക്കും. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയാൽ 1.2 മില്യൺ യൂറോ, ജയിച്ചാൽ 1 മില്യൺ യൂറോ, ലാലിഗ കിരീടം നേടിയാൽ 750,000 യൂറോ, കോപ്പ ഡെൽ റേ കിരീടം നേടിയാൽ 250,000 യൂറോ എന്നിങ്ങനെയുള്ള മറ്റു അധികവേതനങ്ങളും ഡി യോങിന്റെ കരാറിൽ ഉൾപ്പെടുന്നു.
കരാറിൽ പറഞ്ഞിരിക്കുന്ന കിരീടങ്ങളെല്ലാം നേടിയാൽ 12.8 മില്യൺ യൂറോ താരത്തിന്റെ പോക്കറ്റിലെത്തും. ഓരോ സീസണിലും 60%ൽ കൂടുതൽ മത്സരങ്ങൾ കളിച്ചാൽ 2 മില്യൺ വീതം ബോണസായും ലഭിക്കും.
2019ൽ താരം ബാഴ്സയിലെത്തുമ്പോൾ 14 മില്യൺ യൂറോ ആണ് ശമ്പളമായി നിശ്ചയിരുന്നത്. ആദ്യ സീസണിൽ 12% വെട്ടിക്കുറച്ചതിനാൽ 12.32 മില്യൺ യൂറോ മാത്രമാണ് ലഭിച്ചത്.
2019-20 സീസണിൽ ശമ്പളയിനത്തിൽ 3 മില്യൺ യൂറോയാണ് ഡി യോങിന് ലഭിച്ചതെങ്കിൽ, 2020-21 സീസണിൽ അത് 9 മില്യൺ യൂറോയായി ഉയർന്നു. അടുത്ത സീസണിൽ ഡി യോങ്ങിനു ലഭിക്കാൻ പോവുന്നത് 18 മില്യൺ യൂറോയാണ്. കൂടാതെ 2.88 മില്യൺ ലോയൽറ്റി ബോണസും ലഭിക്കും.
2023-24ൽ സ്ഥിതി ഇതിനേക്കാൾ ഭീകരമാണ്. താരത്തിനു 18 മില്യൺ യൂറോയും 9.7 മില്യൺ ലോയൽറ്റി ബോണസുമായും ലഭിക്കും. അതായത് താരത്തിന്റെ വേതനം മാത്രം മൊത്തത്തിൽ 27.7 മില്യൺ യൂറോയായി വർധിക്കും. ചുരുക്കിപ്പറഞ്ഞാൽ ബാഴ്സലോണക്ക് താങ്ങാവുന്ന ശമ്പളപരിധിയേക്കാൾ എത്രയോ മേലെയാണിത്.
ഇത് മനസിലാക്കിയതോടെയാണ് താരത്തിനോട് ശമ്പളം വെട്ടിക്കുറക്കാൻ തയ്യാറാവുക അല്ലെങ്കിൽ ക്ലബ്ബ് വിടുക എന്ന നിർദേശം ബാഴ്സ പ്രസിഡന്റ് ലപോർട്ട മുന്നോട്ടു വെച്ചത്. താരത്തിന്റെ സേവനത്തിനായി ഇതിനോടകം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ശക്തമായി ശ്രമങ്ങൾ നടത്തുന്നുണ്ട്. യുണൈറ്റഡിനെ കൂടാതെ ചെൽസിക്കും താരത്തിൽ താത്പര്യമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.