മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള നീക്കത്തിന് ഫ്രങ്കി ഡി യോങ്ങിന്റെ പച്ചക്കൊടി

ബാഴ്സലോണയുടെ ഡച്ച് മധ്യനിര താരം ഫ്രങ്കി ഡി യോങ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. യുണൈറ്റഡിലേക്കുള്ള നീക്കത്തിനായി ഡി യോങ് പച്ചക്കൊടി കാണിച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
2019ല്‍ ഡച്ച് ക്ലബായ അയാക്സില്‍ നിന്നായിരുന്നു ഡി യോങ് ബാഴ്സലോണയുടെ മധ്യനിരയിലെത്തിയത്. ബാഴ്സക്കായി അത്യാവശ്യം മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും കാറ്റാലൻ ക്ലബ് ഇപ്പോൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ഡി യോങ്ങിനെ വിൽപ്പനക്ക് വെക്കുന്ന കാര്യം അവർ പരിഗണിക്കുന്നുണ്ട്.
ഡി യോങ്ങിന് വേണ്ടി ബയേണ്‍ മ്യൂണിക്, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവരും താത്പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ടായിരുന്നു. എന്നാല്‍ താരം ചുവന്ന ചെകുത്താന്മാര്ക്കൊപ്പം ചേരുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ സമ്മതം മൂളിയിരിക്കുന്നതെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. 80 മില്യന്‍ യൂറോയാണ് ഡി യോങ്ങിന് വേണ്ടി ബാഴ്സലോണ വിലയിട്ടിരിക്കുന്നത്.
അയാക്സില്‍ കളിച്ചിരുന്ന കാലത്തെ താരത്തെ പരിശീലിപ്പിച്ച എറിക് ടെന്‍ ഹാഗാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ. മുന്‍ ഡച്ച് ഫുട്ബോള്‍ താരമായ റാഫേല്‍ വാന്‍ ഡെര്‍ വാര്‍ട്ടും ഡി യോങ്ങിനോട് യുണൈറ്റഡ് തിരഞ്ഞെടുക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. താനായിരുന്നു ഡി യോങെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന് സിഗ്ഗോ സ്പോർട്ടിനോട് വാൻ ഡെർ വാർട്ട് പറഞ്ഞു.