"ഞാൻ കളിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ക്ലബിൽ"- മാഞ്ചസ്റ്റർ യുണൈറ്റഡ് അഭ്യൂഹങ്ങൾ തള്ളി ഫ്രങ്കീ ഡി ജോംഗ്

Frenkie De Jong Denied Man Utd Rumours Again
Frenkie De Jong Denied Man Utd Rumours Again / Richard Heathcote/GettyImages
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് ബാഴ്‌സലോണ താരം ഫ്രാങ്കീ ഡി ജോംഗ്. മറ്റുള്ള ക്ലബുകളിൽ നിന്നും ഓഫറുകൾ വരുന്നത് ഒരു താരമെന്ന നിലയിൽ തനിക്ക് സന്തോഷം തരുന്നുണ്ടെങ്കിലും ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ക്ലബിലാണ് താനുള്ളതെന്ന് ഡി ജോംഗ് വ്യക്തമാക്കി.

എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി എത്തിയതോടെയാണ് ഫ്രാങ്കീ ഡി ജോംഗ്‌ ബാഴ്‌സ വിട്ട് പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സക്ക് പുതിയ താരങ്ങളെ സ്വന്തമാക്കാൻ നിലവിലുള്ള താരങ്ങളെ ഒഴിവാക്കണമെന്നതിനാൽ ഡി ജോംഗിനെ വിൽക്കാൻ താൽപര്യമുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

"ഒരു കളിക്കാരനെന്ന നിലയിൽ ടീമുകൾ നമ്മളിൽ താൽപര്യം കാണിക്കുമ്പോൾ സന്തോഷം തോന്നും. പക്ഷെ ഞാനിപ്പോഴുള്ളത് ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നിലാണ്, അതിലെനിക്ക് സന്തോഷവുമുണ്ട്. അതിനാൽ തന്നെ പുതിയ വാർത്തകൾ ഒന്നുമില്ല." വെയിൽസിനെതിരെ നടന്ന മത്സരത്തിനു ശേഷം മാധ്യമങ്ങളോട് ഡി ജോംഗ് പറഞ്ഞു.

2019ൽ അയാക്‌സിനൊപ്പം നടത്തിയ മികച്ച പ്രകടനമാണ് ഫ്രാങ്കീ ഡി ജോംഗ് ബാഴ്‌സലോണയിലെത്താൻ പ്രധാന കാരണമായത്. എന്നാൽ കാറ്റലൻ ക്ലബിനൊപ്പം തന്റെ ഏറ്റവും മികച്ച പ്രകടനം സ്ഥിരമായി പുറത്തെടുക്കാൻ ഡി ജോംഗിനു കഴിഞ്ഞിട്ടില്ല. എന്നാൽ പരിശീലകൻ സാവി തന്റെ പദ്ധതികളിൽ പ്രധാനിയായ ഒരു താരമാണ് ഡി ജോംഗെന്നാണ് വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.