സാവിയുടെ വാക്കുകളും പ്രവൃത്തിയും ഒത്തു പോകുന്നില്ല, ഡി ജോംഗ് ബാഴ്‌സലോണ വിടാൻ ആലോചിക്കുന്നു

Frenkie De Jong Considering Barcelona Exit
Frenkie De Jong Considering Barcelona Exit / Soccrates Images/GettyImages
facebooktwitterreddit

ബാഴ്‌സലോണ മധ്യനിരയിലെ സൂപ്പർതാരമായ ഫ്രാങ്കീ ഡി ജോംഗ് വരുന്ന സമ്മറിൽ ക്ലബ് വിടുന്ന കാര്യം ആലോചിക്കുന്നു. താരവുമായി ബന്ധപ്പെട്ട് നിരവധി ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ഉയരുന്നുണ്ടെങ്കിലും പരിശീലകൻ സാവി അതിനെയെല്ലാം തള്ളിക്കളഞ്ഞിരുന്നു. ഡി ജോംഗ് ബാഴ്‌സലോണക്ക് വളരെ പ്രധാനപ്പെട്ട കളിക്കാരനാണെന്ന് സാവി കഴിഞ്ഞ ദിവസമടക്കം വ്യക്തമാക്കിയെങ്കിലും താരം ക്ലബിൽ പൂർണമായും സംതൃപ്‌തനല്ലെന്നാണ് മാർക്കയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

തന്റെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉയർന്നു വന്നപ്പോൾ ബാഴ്‌സലോണ ആവശ്യപ്പെട്ടാൽ ദീർഘകാല കരാർ ഒപ്പിടാൻ തയ്യാറാണെന്നാണ് ഡി ജോംഗ് ഗലത്സരക്കെതിരായ യൂറോപ്പ ലീഗ് മത്സരത്തിനു മുൻപ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം റയോ വയ്യക്കാനൊക്കെതിരെ നടന്ന ലീഗ് മത്സരത്തിനു ശേഷം സാവി ടീമിന്റെ ഒരു കാലഘട്ടം തന്നെ അടയാളപ്പെടുത്താൻ കഴിവുള്ള താരമാണ് ഡി ജോംഗെന്നാണ് പറഞ്ഞത്.

എന്നാൽ സാവിയുടെ വാക്കുകളും പ്രവൃത്തികളും തമ്മിൽ ഒത്തുപോകുന്നില്ലെന്നതാണ് താരം ക്ലബ് വിടുന്നത് പരിഗണിക്കാൻ കാരണമായത്. സാവി താരത്തെക്കുറിച്ച് വലിയ വാക്കുകളാണ് പറയുന്നതെങ്കിലും മത്സരത്തിൽ മുഴുവൻ സമയവും കലിപ്പിക്കുന്നില്ലെന്നത് ഡി ജോംഗിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ഒട്ടുമിക്ക മത്സരങ്ങളിലും 60-70 മിനുട്ടുകൾ മാത്രം താരത്തെ കളിപ്പിക്കുന്ന സാവി അതിനു ശേഷം പകരക്കാരനെ ഇറക്കുന്നത് ഡി ജോങിന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ട്.

സാവിക്കു കീഴിൽ ഡി ജോംഗ് കളിച്ച അവസാനത്തെ 27 മത്സരങ്ങളിൽ ഏഴെണ്ണത്തിൽ മാത്രമാണ് താരം മുഴുവൻ സമയവും കളിച്ചിരുന്നത്. എഴുപത്തിയഞ്ചു മില്യൺ മുടക്കി ക്ലബിലെത്തിച്ച് ടീമിന്റെ ഭാവിതാരമായി കണക്കാക്കപ്പെടുന്ന ഒരു താരത്തെ സംബന്ധിച്ച് ഇതു പൂർണമായും അംഗീകരിക്കാൻ കഴിയുന്നില്ല. റയോ വയ്യക്കാനൊക്കെതിരെ നടന്ന മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ട താരം രോഷാകുലനായാണ് ഡ്രസിങ് റൂമിലേക്ക് പോയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഡി ജോങിനായി നിരവധി ക്ലബുകൾ രംഗത്തുണ്ട്. റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡും ബയേൺ മ്യൂണിക്കുമാണ് ഇപ്പോൾ താരത്തിനായി സജീവമായി ശ്രമം നടത്തുന്നത്. ബാഴ്‌സക്ക് താരത്തെ വിട്ടുകൊടുക്കാൻ താൽപര്യമില്ലെങ്കിലും നിലവിലെ സാമ്പത്തികസ്ഥിതിയിൽ ക്ലബിലെ ഏറ്റവും മൂല്യമുള്ള താരത്തെ വിട്ടുകൊടുക്കുന്നതിനെ കുറിച്ച് അവർ ചിന്തിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.