Football in Malayalam

കഴിഞ്ഞ സീസണിൽ ലീഗ് നഷ്ടമായതിനു പ്രതികാരം ചെയ്യാൻ പിഎസ്‌ജി, ഫ്രാൻസിൽ ഇന്നു വമ്പന്മാരുടെ കിരീടപ്പോരാട്ടം

Sreejith N
Paris Saint-Germain v Lille OSC - Ligue 1
Paris Saint-Germain v Lille OSC - Ligue 1 / Xavier Laine/Getty Images
facebooktwitterreddit

പുതിയ സീസണിന് കിരീടത്തോടെ തുടക്കം കുറിക്കാൻ കഴിഞ്ഞ തവണത്തേക്കാൾ കരുത്തരായ പിഎസ്‌ജി ഇന്നു ലില്ലെക്കെതിരെ ഫ്രഞ്ച് സൂപ്പർകപ്പ് മത്സരത്തിനിറങ്ങുന്നു. ഫ്രഞ്ച് ലീഗ് ജേതാക്കളും ഫ്രഞ്ച് കപ്പ് ജേതാക്കളും തമ്മിൽ നടക്കുന്ന കിരീടപ്പോരാട്ടം കഴിഞ്ഞ സീസണിൽ ലീഗ് കിരീടം തങ്ങളെ മറികടന്ന് സ്വന്തമാക്കിയ ലില്ലെയോട് പകരം ചോദിക്കാൻ പിഎസ്‌ജിക്ക് ലഭിക്കുന്ന ഒരവസരം കൂടിയാണ്.

ഒപ്പത്തിനൊപ്പം മുന്നേറിയിരുന്ന കഴിഞ്ഞ സീസണിലെ ലീഗ് പോരാട്ടത്തിലെ അവസാന മത്സരത്തിൽ ആംഗേഴ്‌സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് ലില്ലെ പിഎസ്‌ജിയെ ഒരു പോയിന്റ് വ്യത്യാസത്തിൽ മറികടന്ന് ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കിയത്. ഒരു ദശാബ്‌ദത്തിനിടെ ആദ്യത്തെ കിരീടമുയർത്തിയ ലില്ലെക്ക് പക്ഷെ പുതിയ സീസൺ അത്ര ഗുണകരമല്ല.

ലീഗ് കിരീടം നേടിയതിനു പുറമെ പരിശീലകനായ ക്രിസ്റ്റോഫെ ഗാൾട്ടിയർ ലില്ലെ വിടുകയുണ്ടായി. മറ്റൊരു ഫ്രഞ്ച് ക്ലബായ നീസിലേക്ക് ചേക്കേറിയ ഗാൾട്ടിയർക്ക് പകരക്കാരനായി ലില്ലെയിലെത്തിയ ജോസെലിൻ ഗൂർവെന്നെക്കിനു ഇതുവരെയുള്ള ലില്ലെയുടെ പ്രകടനം അത്ര മികച്ചതല്ല. പ്രീ സീസണിലെ ആദ്യത്തെ മത്സരത്തിൽ വിജയിച്ചെങ്കിലും അതിനു ശേഷമുള്ള മൂന്നു കളിയിൽ ടീം തോൽവിയേറ്റു വാങ്ങി.

അതേസമയം കഴിഞ്ഞ സീസണിലേക്കാൾ കരുത്തരായ ടീമുമായാണ് ഇത്തവണ പിഎസ്‌ജി സീസണിനു തയ്യാറെടുക്കുന്നത്. സെർജിയോ റാമോസ്, അഷ്‌റഫ് ഹക്കിമി, ഡോണറുമ്മ, വൈനാൽഡം എന്നിങ്ങനെ കരുത്തരായ താരങ്ങളെ ടീമിലെത്തിച്ച് സീസണിൽ സാധ്യമായ കിരീടങ്ങളെല്ലാം നേടിയെടുക്കാനാണ് പോച്ചട്ടിനോയുടെ കീഴിൽ ടീം ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ ലില്ലെക്ക് കിരീടപ്രതീക്ഷ തീരെയില്ലെങ്കിലും നെയ്‌മർ, മാർക്വിന്യോസ്, ഏഞ്ചൽ ഡി മരിയ, പരഡെസ്, വെറാറ്റി, ഡോണറുമ്മ എന്നിങ്ങനെ കോപ്പ അമേരിക്ക, യൂറോ കപ്പ് ടൂർണമെന്റുകളിൽ മുന്നേറിയ താരങ്ങൾ പിഎസ്‌ജി നിരയിൽ ഉണ്ടാകില്ലെന്നത് ആശ്വാസമാണ്. ഇന്നു രാത്രി 11.30നാണു രണ്ടു ക്ലബുകളും തമ്മിൽ ഏറ്റുമുട്ടുന്നത്.

facebooktwitterreddit