Football in Malayalam

"ഒന്നുമില്ലായ്‌മയിലേക്ക് നീങ്ങുന്ന ടീം"- ലയണൽ മെസിക്കും പിഎസ്‌ജിക്കുമെതിരെ ഫ്രാൻസിൽ വിമർശനം

Sreejith N
Paris Saint-Germain v OGC Nice - Ligue 1
Paris Saint-Germain v OGC Nice - Ligue 1 / John Berry/GettyImages
facebooktwitterreddit

ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയതു മുതൽ തന്റെ കഴിവുകൾ പൂർണമായും പുറത്തെടുക്കാൻ കഴിയാത്ത സാഹചര്യമാണ് ലയണൽ മെസിക്കുള്ളത്. ഫ്രഞ്ച് ക്ലബിനൊപ്പം താരം മോശം പ്രകടനം നടത്തുമ്പോൾ കഴിഞ്ഞ മത്സരത്തിൽ നീസിനെതിരെ പിഎസ്‌ജി സമനില വഴങ്ങുകയാണ് ചെയ്‌തത്‌. ഇതിനു പിന്നാലെ മെസിയുടെയും ടീമിന്റെയും പ്രകടനത്തിനു നേരെ ഫ്രാൻസിൽ നിന്നു തന്നെ വിമർശനങ്ങളും ഉയരുന്നുണ്ട്.

ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ നീസിനെതിരായ മത്സരത്തിനു ശേഷം മെസിയുടെ പ്രകടനത്തെ രൂക്ഷമായാണ് വിമർശിച്ചത്. വളരെ വേഗത കുറഞ്ഞ താളത്തിൽ കളിച്ചു കൊണ്ടിരിക്കുന്ന താരം പലപ്പോഴും ടീമംഗങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നതു പോലെ തോന്നുന്നുവെന്ന് അവർ വിലയിരുത്തിയപ്പോൾ മറ്റൊരു ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ ടീമിനെ ഒന്നടങ്കവും പരിശീലകൻ പോച്ചട്ടിനോയുമാണ് വിമർശിക്കുന്നത്.

മൗറീസിയോ പോച്ചട്ടിനോയുടെ ടീം വളരെ സാവധാനത്തിൽ ഒന്നുമില്ലായ്‌മയിലേക്ക് നീങ്ങുകയാണെന്നാണ് ലെ പാരീസിയൻ നീസിനെതിരായ മത്സരത്തിനു ശേഷം കുറിച്ചത്. ഈ സീസണിലിതു വരെ ആധികാരികമായൊരു പ്രകടനം ടീമിൽ നിന്നും ഉണ്ടായിട്ടില്ല എന്നതിനാൽ പരിശീലകൻ മൗറീസിയോ പോച്ചറ്റിനോക്കും ടീമിലെ താരങ്ങൾക്കും സൂപ്പർതാരം ലയണൽ മെസിക്കും സമ്മർദ്ദം നൽകുന്നതാണ് ഈ വിമർശനങ്ങൾ.

2021 ബാലൺ ഡി ഓർ നേടിയതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ ആത്മവിശ്വാസത്തോടു കൂടിയുള്ള ഒരു പ്രകടനം മെസിയിൽ നിന്നും നീസിനെതിരെ പ്രതീക്ഷിച്ചുവെങ്കിലും താരം ലീഗ് വണിൽ നേടിയ ഒരേയൊരു ഗോളിലേക്ക് മറ്റൊന്നും കൂട്ടിച്ചേർക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ മാസം ആദ്യമായും അവസാനമായും ലീഗിൽ ഗോൾ നേടിയ താരത്തിന് ഓരോ സീസണിലും ചുരുങ്ങിയത് ഇരുപതു ലീഗ് ഗോളുകളെന്ന, നിരവധി വർഷങ്ങളായി തുടർന്നു പോരുന്ന റെക്കോർഡ് നിലനിർത്താൻ കഴിയാനുള്ള സാധ്യത ഈ വർഷം കുറവാണ്.

ലീഗ് വണ്ണിൽ പിഎസ്‌ജി വളരെയധികം മുന്നിലാണെങ്കിലും അവരെക്കാൾ വളരെയധികം മൂല്യം കുറഞ്ഞ ടീമുകൾക്കെതിരെ യാതൊരു ആധിപത്യവും പുലർത്താൻ കഴിയുന്നില്ലെന്നതു യാഥാർഥ്യമാണ്. ചാമ്പ്യൻസ് ലീഗിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയെങ്കിലും യൂറോപ്യൻ കിരീടം പ്രധാന ലക്ഷ്യമായി കാണുന്ന പിഎസ്‌ജിക്ക് നിലവിലെ പ്രകടനം വെച്ച് എവിടെയും എത്താൻ കഴിയുകയില്ല.

facebooktwitterreddit