കളിക്കാരെ കൈകാര്യം ചെയ്യാൻ കാണികൾ മൈതാനത്തിറങ്ങി, ഫ്രഞ്ച് ലീഗ് മത്സരം ഉപേക്ഷിച്ചു


ഫ്രഞ്ച് ലീഗിൽ ഒജിസി നീസും മാഴ്സയും തമ്മിലുള്ള മത്സരത്തിനിടെ മൈതാനത്ത് അരങ്ങേറിയത് അവിശ്വസനീയ സംഭവങ്ങൾ. നീസിന്റെ മൈതാനത്തു വെച്ചു നടന്ന മത്സരത്തിൽ മാഴ്സ താരങ്ങളെ കൈകാര്യം ചെയ്യുന്നതിനായി കാണികൾ തന്നെ മൈതാനത്തേക്ക് ആർത്തിരമ്പി വന്നതിനെ തുടർന്ന് മത്സരം പുനരാരംഭിക്കാൻ കഴിയാതെ ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായി.
മത്സരം അവസാനിക്കാൻ പതിനഞ്ചു മിനുട്ടോളം ബാക്കി നിൽക്കെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. മാഴ്സക്കു ലഭിച്ച കോർണർ എടുക്കാൻ ദിമിത്രി പയറ്റ് നിൽക്കുമ്പോൾ കാണികൾ വെള്ളക്കുപ്പികൾ താരത്തിനു നേരെ വലിച്ചെറിയുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഫ്രഞ്ച് താരം അതെ വെള്ളക്കുപ്പികൾ എടുത്ത് കാണികൾക്കു നേരെ എറിഞ്ഞതോടെ കാര്യങ്ങൾ കൈവിട്ടു പോയി.
Quite incredible scenes between Nice & Marseille ?
— Sacha Pisani (@Sachk0) August 22, 2021
Nice fans throwing bottles etc onto the pitch. Marseille’s Payet reacts by throwing a bottle back into the crowd.
Nice supporters then storm the pitch!
Game suspended.#OGCNOM #Ligue1
pic.twitter.com/MvK70xFNTi
തങ്ങളുടെ കാണികൾക്കു നേരെ പയറ്റ് കുപ്പിയെറിഞ്ഞത് ചോദ്യം ചെയ്യാൻ നീസ് താരങ്ങളും അതിനെ പ്രതിരോധിക്കാൻ മാഴ്സ താരങ്ങളും എത്തിയതോടെ മൈതാനം സംഘർഷഭരിതമായി. ഇതിനിടയിൽ സെക്യൂരിറ്റി ജീവനക്കാരെ മറികടന്ന് കാണികളും മൈതാനത്തേക്ക് എത്തിയതോടെ സ്ഥിതിഗതികൾ രൂക്ഷമായി മാറുകയും കളിക്കാർ മൈതാനം വിടുകയും ചെയ്യുകയായിരുന്നു.
പിന്നീട് പുനരാരംഭിക്കാനുള്ള സാധ്യതകൾ ഇല്ലാതായതോടെയാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. മത്സരം നിർത്തി വെക്കുമ്പോൾ കാസ്പർ ഡോൾബെർഗ് നേടിയ ഗോളിൽ നീസ് മുന്നിലായിരുന്നു. കഴിഞ്ഞ സീസണിൽ ലില്ലെയെ ഫ്രഞ്ച് ലീഗ് കിരീടത്തിലേക്ക് നയിച്ച ഗാൾട്ടിയർ പരിശീലിപ്പിക്കുന്ന ടീമാണ് നീസ്.