മെസി ട്രാൻസ്ഫറിൽ പിഎസ്ജിക്കെതിരെ ലാ ലിഗ പ്രസിഡന്റ് നടത്തിയ വിമർശനങ്ങൾക്കു മറുപടി നൽകി ഫ്രഞ്ച് ലീഗ്


ലയണൽ മെസി പിഎസ്ജിയിലേക്ക് ചേക്കേറിയതുമായി ബന്ധപ്പെട്ടു സംസാരിക്കുമ്പോൾ ലീഗ് വണിനെയും പിഎസ്ജി ക്ലബിനെയും വിമർശിച്ച ലാ ലിഗ പ്രസിഡന്റായ ഹാവിയർ ടെബാസിനു മറുപടി നൽകി ഫ്രഞ്ച് ലീഗ്. കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവേ ടെബാസ് വെളിപ്പെടുത്തിയ അഭിപ്രായങ്ങൾ മര്യാദകൾ ലംഘിക്കുന്നു എന്നാണു ഫ്രഞ്ച് ലീഗ് അഭിപ്രായപ്പെട്ടത്.
യൂറോപ്യൻ സൂപ്പർ ലീഗ് പോലെത്തന്നെ എതിരാളികളായി കാണേണ്ടവരാണ് പിഎസ്ജി എന്നായിരുന്നു ടെബാസ് പറഞ്ഞ ഒരു അഭിപ്രായം. അതിനു പുറമെ ഫ്രഞ്ച് ലീഗ് പല താരങ്ങളും റിട്ടയർ ചെയ്യാനുള്ള സ്ഥലമായി മാറിയെന്നും റാമോസ്, മെസി എന്നിവരുടെ ട്രാൻസ്ഫറിനെക്കുറിച്ച് സംസാരിക്കുമ്പോൾ ടെബാസ് പറഞ്ഞിരുന്നു.
French league comes rushing to defence of PSG by launching withering attack on La Liga président Javier Tebas, who castigated PSG for its spending earlier today https://t.co/nvVythxUgJ
— tariq panja (@tariqpanja) September 8, 2021
ഒരു പ്രൊഫെഷണൽ ഫുട്ബോൾ ലീഗിന്റെ നേതൃത്വത്തെ പ്രതിനിധീകരിക്കുന്ന ടെബാസ് ഇത്തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കുമ്പോൾ വളരെയധികം സൂക്ഷിക്കണമെന്നും അതദ്ദേഹം നിലനിൽക്കുന്ന സ്ഥാനത്തിന് കളങ്കമാണെന്നും ഫ്രഞ്ച് ലീഗ് പ്രസ്താവനയിൽ പറയുന്നു. വളരെക്കാലം സ്പാനിഷ് ലീഗ് സാമ്പത്തികമായി കരുത്തരായിരുന്ന് പിന്നീട് പുറകോട്ടു പോയതാണ് ഈ പ്രശ്നത്തിന്റെ പ്രധാന കാരണമെന്നും അതിനു പിഎസ്ജി ഉത്തരവാദികളല്ലെന്നും അവർ വ്യക്തമാക്കി.
സ്പാനിഷ് ലീഗും ഫ്രഞ്ച് ലീഗും ഘടനാനാപരമായി പല കാര്യങ്ങളിലും വളരെയധികം വ്യത്യാസമുണ്ടെന്നും എല്ലാ ഫുട്ബോൾ ലീഗുകളും അവരവരുടെ ചാമ്പ്യൻഷിപ്പിനെയും യൂറോപ്യൻ ഫുട്ബോളിനെയും വളർത്തിയെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും അവർ പറഞ്ഞു. സാമ്പത്തികമായി വളരെയധികം ബാധിക്കപ്പെട്ടിരുന്ന സമയത്ത് അതിൽ നിന്നും തിരിച്ചു വരവിനു വേണ്ടി പ്രവർത്തിക്കേണ്ടതിനെ കുറിച്ചും ഒരുമിച്ചു നിന്നു പ്രവർത്തിക്കേണ്ടതിനെ കുറിച്ചും അവർ ചൂണ്ടിക്കാട്ടി.
ലാ ലീഗയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു മുഖങ്ങളെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നഷ്ടപ്പെട്ടതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് പിഎസ്ജി വിരമിക്കാറായ താരങ്ങൾക്ക് ഇടമൊരുക്കുന്നുവെന്ന കളിയാക്കൽ ടെബാസ് നടത്തിയത്. ഇതിനു പുറമെ ഈ ക്ലബുകളുടെ സാമ്പത്തികമായ ഇടപെടൽ ശേഷി ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിരുന്നു.