എംബാപ്പയുമായി കരാർ നീട്ടാൻ പിഎസ്‌ജി ചെയ്യേണ്ടതെന്തെന്ന നിർദ്ദേശവുമായി ഫ്രഞ്ച് ഫുട്ബോൾ ജേർണലിസ്റ്റ്
By Sreejith N

2021-22 സീസൺ പകുതി പിന്നിട്ടിരിക്കെ പിഎസ്‌ജിക്കിനി ആശങ്കയുടെ നാളുകളാണ്. കരാർ അവസാനിക്കാൻ ഒരു ആറു മാസം മാത്രം ബാക്കിയുള്ള ഫ്രഞ്ച് മുന്നേറ്റനിരതാരം കിലിയൻ എംബാപ്പക്ക് ഏതു ക്ലബുമായും പ്രീ കോണ്ട്രാക്റ്റ് ഒപ്പിടാൻ കഴിയും എന്നതിനൊപ്പം അടുത്ത സമ്മറിൽ താരത്തെ നഷ്ടമാവുകയെന്ന ഭീഷണിയും അവർക്കുണ്ട്. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ താരത്തെ ഫ്രീ ട്രാൻസ്‌ഫറിൽ നഷ്ടമാകാൻ ഒരു ക്ലബും ആഗ്രഹിക്കുകയില്ല.
എംബാപ്പയെ ക്ലബിനൊപ്പം നിലനിർത്തുന്നതിനു വേണ്ടി താരത്തിന്റെ കരാർ പുതുക്കുന്നതിനായി പിഎസ്‌ജി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കയാണ്. എന്നാൽ ഇതുവരെയും പിഎസ്‌ജി മുന്നോട്ടു വെച്ച ഓഫറുകളോട് ഫ്രഞ്ച് താരം അനുകൂലമായി പ്രതികരിച്ചിട്ടില്ല. അതിനിടയിൽ എംബാപ്പയെ ക്ലബിനൊപ്പം നിലനിർത്താൻ പിഎസ്‌ജി ചെയ്യേണ്ടതെന്താണെന്ന നിർദ്ദേശം നൽകിയിരിക്കയാണ് ഫ്രഞ്ച് ജേര്ണലിസ്റ്റായ ഡേവ് അപ്പഡൂ.
"പാരീസിയൻ പ്രൊജക്റ്റിന്റെ കേന്ദ്രം എംബാപ്പെ ആയിരിക്കണം, അതൊരു മൗലികമായ വാദമാണ്. ഇവനാണ് ഒന്നാം നമ്പർ താരമെന്നു വ്യക്തമായി പറയേണ്ടിയിരുന്ന ചുവടുകൾ പിഎസ്‌ജി തെറ്റിച്ചു. ആദ്യം നെയ്‌മറെക്കൊണ്ട് പാരീസിലെ നേതാക്കൾ അത് നീട്ടി വെപ്പിച്ചു, ഇപ്പോഴത് മെസിയാണ്." ലാ ചെയ്‌നെ എൽ എക്വിപ്പെയോട് അപ്പഡൂ പറഞ്ഞത് പിഎസ്‌ജിടോക്ക് റിപ്പോർട്ടു ചെയ്‌തു.
"ഇതിൽ അവസാനം തർക്കമുണ്ടാകുമെന്ന് ഞാൻ കരുതുന്നു, പിഎസ്‌ജിയുടെ നമ്പർ വൺ എംബാപ്പെ തന്നെയാണെന്ന് ബോധ്യപ്പെടുത്തണം. റയൽ മാഡ്രിഡുമായി ഒരു പ്രധാന മത്സരം നടക്കാൻ പോകുന്നതിനാൽ തന്നെ വിന്ററിൽ താരം ക്ലബ് വിടുമെന്നു ഞാൻ കരുതുന്നില്ല. അതിനു മുൻപായി എന്തെങ്കിലും നടക്കുക അസാധ്യമാണെന്നും ഞാൻ കരുതുന്നു." അപ്പഡൂ വ്യക്തമാക്കി.
കരാർ പുതുക്കാനുള്ള പിഎസ്‌ജിയുടെ നീക്കങ്ങളോട് ഇതുവരെയും അനുകൂലമായി എംബാപ്പെ പ്രതികരിച്ചിട്ടില്ലെങ്കിലും താരം കരാർ പുതുക്കാനുള്ള നേരിയ സാധ്യത ഇപ്പോഴും നിലനിൽക്കുന്നത് ആരാധകർക്ക് പ്രതീക്ഷയാണ്. ഈ സീസണിൽ പിഎസ്‌ജി നടത്തുന്ന പ്രകടനത്തെ അടിസ്ഥാനമാക്കിയാവും എംബാപ്പെ അതിൽ അവസാന തീരുമാനമെടുക്കുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.