യൂറോ കിരീടം നേടിയ കില്ലിനിക്ക് ഓഫറുകളില്ല, യുവന്റസിന്റെ വിളി കാത്ത് ഫ്രീ ഏജന്റായ ഇറ്റാലിയൻ താരം


ഇറ്റലിക്ക് യൂറോ കപ്പ് സ്വന്തമാക്കി നൽകുന്നതിൽ നിർണായക പങ്കു വഹിച്ച ജോർജിയോ കില്ലിനിക്ക് ഇതുവരെയും യാതൊരു ക്ലബുകളും ഓഫർ നൽകിയിട്ടില്ലെന്നും കരാർ അവസാനിച്ച താരം യുവന്റസ് വിളിക്കുമെന്ന പ്രതീക്ഷയിൽ തുടരുകയാണെന്നും താരത്തിന്റെ ഏജന്റ് വെളിപ്പെടുത്തി. അതേസമയം മുപ്പത്തിയാറുകാരനായ കില്ലിനിക്ക് ഫുട്ബോളിൽ നിന്നും റിട്ടയർ ചെയ്യാൻ ഉദ്ദേശമില്ലെന്നും ഏജന്റ് വ്യക്തമാക്കി.
"ഒരു കോൺട്രാക്ട് സൈൻ ചെയ്യണമെങ്കിൽ രണ്ടു പേരും ആവശ്യമാണ്. ജോർജിയോ യൂറോ കപ്പിനു പോവുകയും അതിൽ മാത്രം കേന്ദ്രീകരിക്കുകയും ചെയ്തു. യുവന്റസുമായി യാതൊരു പ്രശ്നവുമില്ല, സമ്മറിൽ വീണ്ടും കാണാമെന്നു ഞങ്ങൾ പറഞ്ഞിരുന്നു. പക്ഷെ ഇതുവരെയും കരാർ പുതുക്കാനുള്ള ചർച്ചകൾക്കായി ഞങ്ങൾ ഇരുന്നിട്ടില്ല."
He is hoping to stay in Turin.https://t.co/8oskeErwVf
— MARCA in English (@MARCAinENGLISH) July 16, 2021
മറ്റു ക്ലബുകളുടെ ഓഫർ വന്നാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് കില്ലിനിയുടെ ഏജന്റായ ഡേവിഡ് ലിപ്പിയുടെ മറുപടി ഇങ്ങിനെയായിരുന്നു. "അതിനു അവരാദ്യം ഓഫർ നൽകേണ്ടതുണ്ട്. ഇന്നുവരെ ആരും ഓഫർ നൽകിയിട്ടില്ല. കരാർ പുതുക്കാനുള്ള ചർച്ചകൾ നടത്താൻ വേണ്ടി യുവന്റസ് അറിയിക്കുന്നതും കാത്തിരിക്കയാണ് ഞങ്ങൾ."
അതേസമയം താരത്തിന് റിട്ടയർ ചെയ്യാൻ യാതൊരു പദ്ധതിയും ഇല്ലെന്ന് ലിപ്പി വ്യക്തമാക്കി. "കില്ലിനി കളിക്കളം വിടുമെന്നു ചിന്തിക്കുന്നത് മണ്ടത്തരമാണ്. ആന്റീരിയർ ക്രൂസിയേറ്റ് ലിഗ്മെന്റിനു പരിക്കു പറ്റിയതിനു ശേഷം താരം ചെയ്തതെല്ലാം അവിശ്വസനീയമാണ്. അഭിനിവേശമാണ് താരത്തിന് ഊർജ്ജം നൽകുന്നത്, യൂറോയിൽ അതു കാണുകയും ചെയ്തു."
"കില്ലിനി വളരെക്കാലമായി യുവന്റസിന്റെ അടയാളമായി കരുതപ്പെടുന്ന താരമാണ്, ഞങ്ങളിപ്പോൾ ഒരു ക്ലബ്ബിനെ കാത്തിരിക്കുന്നു. ആരും ഇതുവരെയും വിളിച്ചിട്ടില്ല. എന്നാൽ ആരെങ്കിലും വിളിച്ചാൽ അതിൽ ഞാൻ അത്ഭുതപ്പെടുകയുമില്ല. ഇറ്റലിയുടെ സ്ക്വാഡിലെ ഒരേയൊരു ഫ്രീ ഏജന്റാണ് താരം." ലിപ്പി വ്യക്തമാക്കി.