Football in Malayalam

നേരിട്ടതിൽ ഏറ്റവും മികച്ച എതിരാളികളെ വെളിപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡിലെ ബ്രസീലിയൻ താരങ്ങൾ

Sreejith N
Real Sociedad v Manchester United  - UEFA Europa League Round Of 32 Leg One
Real Sociedad v Manchester United - UEFA Europa League Round Of 32 Leg One / Jonathan Moscrop/Getty Images
facebooktwitterreddit

കരിയറിൽ ഇതുവരെ നേരിട്ടതിൽ ഏറ്റവും മികച്ച എതിരാളികളെ വെളിപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡിലെ ബ്രസീലിയൻ താരങ്ങളായ ഫ്രഡും അലക്‌സ് ടെല്ലസും. ഈ ലോകത്തിനുമപ്പുറമുള്ള താരമെന്ന് വിശേഷിപ്പിച്ച് ലയണൽ മെസിയെ ഏറ്റവും കടുപ്പമേറിയ എതിരാളിയായി ഫ്രെഡ് തിരഞ്ഞെടുത്തപ്പോൾ ബ്രസീലിയൻ സഹതാരമായ നെയ്മറെയാണ് അലക്‌സ് ടെല്ലസ് നേരിടാൻ ബുദ്ധിമുട്ടേറിയ കളിക്കാരനായി തിരഞ്ഞെടുത്തത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒഫിഷ്യൽ വെബ്‌സൈറ്റിലെ ചോദ്യോത്തരവേളയിലാണ് ഇരുതാരങ്ങളും തങ്ങളുടെ കടുപ്പമേറിയ എതിരാളികളെ വെളിപ്പെടുത്തിയത്. "നെയ്‌മർ വളരെ മികച്ച താരമാണ്. അദ്ദേഹത്തെ മാർക്ക് ചെയ്യുന്നതും വളരെ പ്രയാസകരമായ കാര്യമാണ്," ഫ്രെഡ് പറഞ്ഞു.

"എന്നെ സംബന്ധിച്ച് ഞാൻ നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയ താരം ലയണൽ മെസിയാണ്. ജീനിയസായ അദ്ദേഹം ഈ ലോകത്തിനുമപ്പുറത്താണ്. ലോകത്തിലെ ഏറ്റവും മികച്ച താരവും അദ്ദേഹം തന്നെയാണെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ടു തന്നെ നേരിട്ട എതിരാളികളിൽ മികച്ചതും മെസിയാണ്," ഫ്രെഡ് കൂട്ടിച്ചേർത്തു.

അതേസമയം നെയ്മറെയാണ് ബുദ്ധിമുട്ടേറിയ എതിരാളിയായി ടെല്ലസ് തിരഞ്ഞെടുത്തത്. "കഴിവും വേഗതയും ബുദ്ധിയുമെല്ലാമുള്ള നെയ്മറെ മാർക്ക് ചെയ്യാൻ വളരെ പ്രയാസമാണ്. ദേശീയ ടീമിനൊപ്പമുള്ളപ്പോഴും പിഎസ്‌ജിക്കെതിരെ കളിച്ചപ്പോഴും അത് മനസിലാക്കാൻ കഴിഞ്ഞു. വ്യത്യസ്തമായ കഴിവുകളുള്ള താരത്തിന് പെട്ടന്ന് തീരുമാനങ്ങളെടുക്കാൻ കഴിയുമെന്നതിനാൽ വളരെയധികം ശ്രദ്ധ നെയ്മറെ തടുക്കാൻ ആവശ്യമാണ്."

"എന്നെ സംബന്ധിച്ച് നെയ്മറാണ് തടുക്കാൻ പ്രയാസമേറിയ കളിക്കാരൻ. നിരവധി മറ്റു താരങ്ങളും ഇതുതന്നെ പറയുന്നുണ്ട്," ടെല്ലസ് പറഞ്ഞു.

2018-19ലെ ചാമ്പ്യൻസ് ലീഗിലാണ് ഫ്രെഡ് മെസിക്കെതിരെ വരുന്നത്. അന്ന് അർജന്റീനിയൻ നായകൻറെ ഇരട്ടഗോളുകളുടെ പിൻബലത്തിൽ നാല് ഗോളുകൾക്കാണ് ബാഴ്‌സ വിജയിച്ചത്. അതേസമയം ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ പിഎസ്‌ജിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിട്ടപ്പോഴാണ് ടെല്ലസ് നെയ്മർക്കെതിരെ കളിക്കുന്നത്.


facebooktwitterreddit