Football in Malayalam

ലയണൽ മെസ്സിക്ക് ഈ വർഷത്തെ ബാലൺ ഡി'ഓർ നൽകരുതെന്ന് ഫ്രാങ്ക് ലെബോഫ്, കാരണം സ്പാനിഷ് സൂപ്പർകപ്പിൽ ലഭിച്ച റെഡ് കാർഡ്

Ali Shibil Roshan
Lionel Messi
Lionel Messi / Marc Atkins/GettyImages
facebooktwitterreddit

ഈ വർഷത്തെ ബാലൺ ഡി'ഓർ പുരസ്‌കാരം ലയണൽ മെസ്സിക്ക് നൽകരുതെന്ന് ചെൽസിയുടെയും ഫ്രാൻസിന്റെയും താരമായിരുന്ന ഫ്രാങ്ക് ലെബോഫ്. 2000ലും 2006ലും ഓരോ റെഡ് കാർഡ് വീതം ലഭിച്ചതിനാലാണ് ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാന് ബാലൺ ഡി'ഓർ നൽകാതിരുന്നതെന്ന് അഭിപ്രായപ്പെട്ട ലെബോഫ്, അതിനാൽ തന്നെ ഈ വർഷം ജനുവരിയിൽ സ്പാനിഷ് സൂപ്പർ കപ്പിൽ റെഡ് കാർഡ് ലഭിച്ച മെസ്സിക്കും അവാർഡ് കൊടുക്കരുതെന്ന് പറഞ്ഞു.

2000ൽ ഹാംബർഗ് താരത്തെ തലകൊണ്ട് കുത്തിയതിന് റെഡ് കാർഡ് ലഭിച്ച സിദാൻ, ആ വർഷത്തെ ബാലൺ ഡി'ഓർ വോട്ടിങ്ങിൽ ലൂയിസ് ഫിഗോക്ക് പിന്നാലെ രണ്ടാമതായിരുന്നു. 2006 ഫിഫ ലോകകപ്പ് ഫൈനലിൽ ഇറ്റലി താരം മാർക്കോ മറ്റരാസിയെ തലക്കൊണ്ട് കുത്തിയതിനും സിദാന് റെഡ് കാർഡ് ലഭിച്ചിരുന്നു. ആ വർഷത്തെ ബാലൺ ഡി'ഓർ ഫാബിയോ കന്നവാരോ നേടിയപ്പോൾ, വോട്ടിങ്ങിൽ അഞ്ചാം സ്ഥാനത്തായിരുന്നു സിദാൻ.

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ സിദാൻ 1998ൽ ബാലൺ ഡി'ഓർ നേടിയിട്ടുണ്ടെങ്കിലും, 2000ലും 2006ലും ഫുട്ബാൾ ലോകത്തെ പരമോന്നത വ്യക്തിഗത പുരസ്‌കാരം നിഷേധിച്ചത് റെഡ് കാർഡ് മൂലമാണെന്നാണ് ലെബോഫ് അഭിപ്രായപ്പെടുന്നത്. അതിനാൽ തന്നെ, സിദാന് നൽകാതിരുന്ന ബാലൺ ഡി'ഓർ മെസ്സിക്കും നൽകരുതെന്നാണ് അദ്ദേഹത്തിൻറെ പക്ഷം.

"2000ലും 2006ലും സിദാന് ബാലൺ ഡി'ഓർ ലഭിക്കാതിരുന്നത്, ആ വർഷങ്ങളിൽ ഓരോ റെഡ് കാർഡ് വീതം അവന് ലഭിച്ചത് കൊണ്ടാണ്." ടെലിഫൂട്ട് എന്ന ഫ്രഞ്ച് ഫുട്ബോൾ പ്രോഗ്രാമിൽ ലെബോഫ് പറഞ്ഞു.

"ആരെയോ കുത്തിയതിന് സ്പാനിഷ് സൂപ്പർ കപ്പിൽ മെസ്സിക്ക് റെഡ് കാർഡ് ലഭിച്ചിരുന്നു. അത് പ്രാധാന്യമർഹിക്കുന്നു. നമ്മൾ സിസോവുവിന് നൽകിയില്ലെങ്കിൽ, നമ്മൾ മെസ്സിക്കും നൽകരുത്," ലെബോഫ് വ്യക്തമാക്കി.

ഈ വർഷം ജനുവരിയിൽ നടന്ന സ്പാനിഷ് സൂപ്പർകപ്പ് ഫൈനലിൽ അത്ലറ്റിക്കോ ബിൽബാവോക്കെതിരെ മെസ്സിക്ക് ലഭിച്ച റെഡ് കാർഡാണ് ലെബോഫ് ഇവിടെ പരാമർശിക്കുന്നത്. ബാഴ്‌സലോണ 2-3ന് പരാജയപ്പെട്ട മത്സരത്തിൽ എക്സ്ട്രാ-ടൈമിന്റെ ഇഞ്ചുറി ടൈമിലാണ് അർജന്റീന താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചത്.

അതേ സമയം, ഈ വർഷത്തെ ബാലൺ ഡി'ഓർ നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന താരങ്ങളിൽ ഒരാളാണ് മെസ്സി. പിഎസ്‌ജി താരത്തിന് പുറമെ, ബയേൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോസ്‌കി, ചെൽസിയുടെ ജോർജീനോ, റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരീം ബെൻസിമ എന്നിവരും പുരസ്‌കാരത്തിനുള്ള മുൻനിര മത്സരാർത്ഥികളായി കണക്കാക്കപ്പെടുന്നവരാണ്.


facebooktwitterreddit