Football in Malayalam

ഫുട്‌ബോള്‍ കരിയറില്‍ നേരിട്ട ഏറ്റവും മികച്ച താരത്തെ വെളിപ്പെടുത്തി ഫ്രാങ്ക് ലാംപാര്‍ഡ്

Haroon Rasheed
The Sun's Who Cares Wins Awards 2021 - Red Carpet Arrivals
The Sun's Who Cares Wins Awards 2021 - Red Carpet Arrivals / Gareth Cattermole/GettyImages
facebooktwitterreddit

ഫുട്‌ബോള്‍ കരിയറില്‍ ഇതുവരെ നേരിട്ടതില്‍ ഏറ്റവും കരുത്തനായ എതിരാളിയുടെ പേര് വെളിപ്പെടുത്തി ചെല്‍സിയുടെ താരമായിരുന്ന ഫ്രാങ്ക് ലാംപാര്‍ഡ്. ബാഴ്‌സലോണയുടെ സ്പാനിഷ് താരമായിരുന്ന ആന്ദ്രെസ് ഇനിയസ്റ്റയാണ് താൻ കരിയറില്‍ നേരിട്ട ഏറ്റവും മികച്ച താരമെന്ന് ലാംപാര്‍ഡ് വ്യക്തമാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി തുടങ്ങിയ താരങ്ങളെ ഒഴിവാക്കിയാണ് ലാംപാര്‍ഡ് ഇനിയസ്റ്റയെ തിരഞ്ഞെടുത്തത്.

ചെല്‍സിയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ലാംപാര്‍ഡ് നീലപ്പടക്കൊപ്പം മൂന്ന് പ്രീമിയര്‍ ലീഗ് കിരീടം, നാല് എഫ്.എ കപ്പ്, ചാംപ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കിയ താരമാണ്. ഏറെ കാലം ചെല്‍സിയുടെ മിഡ്ഫീല്‍ഡിലെ സ്ഥിര സാന്നിധ്യമായിരുന്നു ലാംപാര്‍ഡ്.

"ഇനിയേസ്റ്റ," താൻ നേരിട്ടതിൽ വെച്ച് ഏറ്റവും മികച്ച എതിരാളിയെ കുറിച്ച് ചോദിച്ചപ്പോൾ ലാംപാർഡ് പറഞ്ഞു. "അദ്ദേഹത്തിന് ഏത് വഴിക്കും പോകാം. പിച്ചിന്റെ മധ്യഭാഗത്ത് കളിക്കുന്ന പല താരങ്ങളും നിങ്ങളെ ഡ്രിബ്ൾ ചെയ്യാൻ ശ്രമിക്കില്ല, അവർ പാസ് ചെയ്‌ത്‌ ഓടാനാണ് ആഗ്രഹിച്ചിരുന്നത്. ഞാൻ മികച്ച താരങ്ങൾക്ക് [എതിരെ] കളിച്ചിട്ടുണ്ട്, ശാരീരികമായി മികച്ച സ്റ്റീവൻ ജെറാഡിനെ [പോലെയുള്ളവർക്കെതിരെ]. പക്ഷെ, ചില സമയങ്ങളിൽ ഇനിയേസ്റ്റക്ക് നിങ്ങളെ ഏത് സൈഡിലേക്കും ഡ്രിബ്ൾ ചെയ്യാൻ കഴിയും, അതിനാൽ നിങ്ങൾക്ക് അദ്ദേഹത്തിന് അടുത്തേക്ക് പോകാൻ പറ്റില്ല. അദ്ദേഹവും സാവിയും ആ ബാഴ്‌സലോണ ടീമിൽ കളിച്ചപ്പോൾ അവർ അസാധാരണായിരുന്നു," ഗാരി നെവില്ലിനോട് ഓവർ ദി ലാപ്പിൽ ലാംപാർഡ് പറഞ്ഞു.

അതേ സമയം, ഇനിയേസ്റ്റയും ലാംപാര്‍ഡും നേര്‍ക്കുനേര്‍ വന്നപ്പോള്‍ കൂടുതല്‍ തവണയും ജയം ഇനിയേസ്റ്റയുടെ ടീമിനായിരുന്നു. രാജ്യന്തര തലത്തിലും ക്ലബ് തലത്തിലും 13 തവണയാണ് രണ്ട് പേരും തമ്മില്‍ ഏറ്റുമുട്ടിയത്. അതില്‍ ഒന്‍പത് തവണ ഇനിയേസ്റ്റക്കൊപ്പമായിരുന്നു ജയം. 2002 മുതല്‍ 2018 വരെ ബാഴ്‌സലോണയില്‍ കളിച്ച ഇനിയസ്റ്റ ഇപ്പോള്‍ ജപ്പാന്‍ ലീഗില്‍ വിസല്‍ കോബെ ക്ലബിന് വേണ്ടിയാണ് കളിക്കുന്നത്. അതേ സമയം, ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതിന് ശേഷം ചെല്‍സിയുടെയും ഡെർബി കൗണ്ടിയുടെയും പരിശീലകനായി ലാംപാർഡ് പ്രവർത്തിച്ചിരുന്നു.

facebooktwitterreddit