റോമ വിട്ടാൽ ചേക്കേറണമെന്നു തോന്നിയിരുന്ന ഒരേയൊരു ക്ലബ്ബിനെ വെളിപ്പെടുത്തി ഫ്രാൻസിസ്കോ ടോട്ടി


ആധുനിക ഫുട്ബോളിൽ വളരെ അപൂർവമായൊരു കഥയാണ് ഫ്രാൻസിസ്കോ ടോട്ടിയും റോമയും തമ്മിലുള്ളത്. മികച്ച പ്രകടനം നടത്താൻ കഴിയുന്ന താരങ്ങൾ വമ്പൻ ഓഫറുകളുമായി വരുന്ന ക്ലബുകളിലേക്ക് ചേക്കേറാൻ യാതൊരു മടിയും കാണിക്കാത്ത ഈ കാലഘട്ടത്തിൽ വലിയ വിജയങ്ങൾ അവകാശപ്പെടാൻ ഇല്ലാത്ത സമയത്തും മറ്റു ക്ലബുകളുടെ ഓഫറുകൾ തഴഞ്ഞ് കരിയർ മുഴുവൻ റോമയിൽ പൂർത്തിയാക്കിയ ടോട്ടിയുടെ കഥ അപൂർവം ഫുട്ബാൾ താരങ്ങൾക്കു മാത്രം അവകാശപ്പെടാൻ കഴിയുന്നതാണ്.
പ്രതിഭാധനനായ, റോമക്കൊപ്പം ഒരു സീരി എ കിരീടവും ഇറ്റലിക്കൊപ്പം ലോകകപ്പും ഉയർത്തിയിട്ടുള്ള ടോട്ടി കഴിഞ്ഞ ദിവസം റോമ വിടുകയാണെങ്കിൽ താൻ ചേക്കേറുമായിരുന്ന ക്ലബ്ബിനെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. കരിയറിൽ നിരവധി ക്ലബുകൾ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും റോമയിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ മാത്രമാണ് തനിക്കു താല്പര്യമുണ്ടായിരുന്നതെന്നാണ് താരം പറയുന്നത്.
The Italian legend came close to joining Los Blancos in 2006.https://t.co/iqNWjtUECH
— MARCA in English (@MARCAinENGLISH) October 13, 2021
ദി ഗാർഡിയനോട് സംസാരിക്കുമ്പോൾ 2006ൽ തനിക്കു വേണ്ടി റയൽ മാഡ്രിഡ് രംഗത്തെത്തിയതിനെ കുറിച്ച് ടോട്ടി പറഞ്ഞ മറുപടി ഇങ്ങിനെയായിരുന്നു. "തീർച്ചയായും ഞാനതിനെ കുറിച്ച് ചിന്തിച്ചിരുന്നു. ഒരു കാൽ അകത്തും ഒരു കാൽ പുറത്തും വെച്ചുള്ള ഏതാനും ദിവസങ്ങൾ ഉണ്ടായിരുന്നു എന്നു പറയാം. എന്നാൽ റോമയിൽ തന്നെ തുടരാനുള്ള തീരുമാനം ഞാൻ ഹൃദയത്തിൽ നിന്നും എടുത്തതാണെന്നു തന്നെ പറയണം. അങ്ങിനെ ചിന്തിച്ചിരുന്ന സമയങ്ങളിൽ നിങ്ങൾക്ക് മറ്റൊരിടത്തേക്കു പോകാൻ കഴിയുമായിരുന്നില്ല."
"എന്നാൽ തിരിഞ്ഞു നോക്കുമ്പോൾ, റയൽ മാഡ്രിഡിനെ വേണ്ടെന്നു വെച്ചതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ചെറിയ സംശയം അവശേഷിക്കുന്നു. ഞാൻ കളിക്കാൻ പോകേണ്ടിയിരുന്ന ഒരേയൊരു ക്ലബ് റയൽ മാഡ്രിഡ് മാത്രമായിരുന്നു എന്ന് ഞാൻ ചിന്തിക്കുന്നു. മറ്റൊരു രാജ്യത്തിലെ അനുഭവം മനോഹരമായ ഒന്നായിരിക്കും. എനിക്കും, എന്റെ കുടുംബത്തിനും. എന്നാൽ നമ്മൾ ചിന്തിച്ചൊരു തീരുമാനം എടുക്കുമ്പോൾ അതൊരിക്കലും തെറ്റായ തിരഞ്ഞെടുപ്പ് ആയിരിക്കരുത്, നിങ്ങളങ്ങനെയല്ലേ ചിന്തിക്കുക?" ടോട്ടി പറഞ്ഞു.
ഇരുപത്തിയഞ്ചു വർഷം ഒരൊറ്റ ക്ലബിനു വേണ്ടി കളത്തിലിറങ്ങി ഫുട്ബോളിനോട് വിട പറഞ്ഞ ടോട്ടി റോമക്കു വേണ്ടി കളിച്ചതും ടീമിന്റെ നായകനായതും ടീമിലെ പ്രധാന താരമായതുമെല്ലാം വലിയ അഭിമാനമാണെന്നും പറഞ്ഞു. എന്നാൽ കൂടുതലായി ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാൽ സമകാലിക ഫുട്ബോളിൽ താൻ ചെയ്തതു പോലൊരു പ്രവൃത്തി ഉണ്ടാകാനുള്ള സാധ്യത വിരളമാണെന്നും താരം കൂട്ടിച്ചേർത്തു.