ബെൻസിമയും എംബാപ്പയും സ്പെയിനെ വീഴ്ത്തി, യുവേഫ നാഷൻസ് ലീഗ് കിരീടം ഫ്രാൻസിന്


ഫൈനൽ പോരാട്ടത്തിന്റെ ആവേശം മുഴുവനായും രണ്ടാം പകുതിയിൽ കണ്ട മത്സരത്തിൽ സ്പെയിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി ഫ്രാൻസിന് യുവേഫ നാഷൻസ് ലീഗ് കിരീടം. ഇരുടീമുകളും മികച്ച പ്രകടനം നടത്തിയ കളിയിൽ പരിചയസമ്പത്തും സ്പെയിനിന്റെ മുന്നേറ്റങ്ങളെ കൃത്യമായി പ്രതിരോധിക്കാൻ കഴിഞ്ഞതും ലഭിച്ച അവസരങ്ങൾ മുതലാക്കാൻ കഴിഞ്ഞതുമാണ് പിന്നിൽ നിന്നും തിരിച്ചു വന്ന് ഫ്രാൻസ് കിരീടം നേടാൻ കാരണമായത്.
ഇരുടീമുകളും പരസ്പരബഹുമാനത്തോടെ കളിച്ച മത്സരത്തിന്റെ ആദ്യപകുതിയിൽ മികച്ച അവസരങ്ങളൊന്നും പിറന്നില്ലെന്നു മാത്രമല്ല, ആക്രമണത്തിൽ രണ്ടു ടീമുകളും പിന്നിലുമായിരുന്നു. സ്പെയിൻ പതിവുപോലെ പന്തിന്മേൽ ആധിപത്യം പുലർത്തി മുന്നേറിയപ്പോൾ പ്രത്യാക്രമണശൈലിയിലാണ് ഫ്രാൻസ് കളിച്ചത്. എന്നാൽ ആദ്യപകുതിയിൽ ഗോൾകീപ്പർമാരെ ചെറുതായെങ്കിലും പരീക്ഷിക്കാൻ പോലും രണ്ടു ടീമുകൾക്കും കഴിഞ്ഞില്ല.
FRANCE HAVE WON THE NATIONS LEAGUE ?
— BBC Sport (@BBCSport) October 10, 2021
They had to do it the hard way, coming from behind to beat Spain 2-1 at the San Siro.#bbcfootball #NationsLeague #ESPFRA
രണ്ടാം പകുതിയിൽ ഇരുടീമുകളും ആക്രമണങ്ങൾക്കു മൂർച്ച കൂട്ടിയത് മത്സരത്തെ കൂടുതൽ ആവേശഭരിതമാക്കി. തിയോ ഹെർണാണ്ടസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചതിനു പിന്നാലെ നടത്തിയ ഒരു പ്രത്യാക്രമണത്തിലൂടെ സ്പെയിനാണ് മത്സരത്തിൽ മുന്നിലെത്തുന്നത്. അറുപത്തിനാലാം മിനുട്ടിൽ ബുസ്ക്വറ്റ്സ് നൽകിയ പാസിൽ നിന്നും ഒരു ഇടങ്കാലൻ ഷോട്ടിലൂടെ ഒയാർസാബാലാണ് സ്പെയിന്റെ ഗോൾ നേടിയത്.
എന്നാൽ സ്പാനിഷ് പടയുടെ സന്തോഷത്തിനു നിമിഷങ്ങൾ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. ഗോൾ നേടിയതിന്റെ ആലസ്യത്തിലായിരുന്ന സ്പെയിൻ താരങ്ങളെ ഞെട്ടിച്ച് ബെൻസിമ രണ്ടു മിനിറ്റിനകം ഫ്രാൻസിനു വേണ്ടി സമനില ഗോൾ കണ്ടെത്തി. എൺപതാം മിനുട്ടിൽ എംബാപ്പെ കൂടി ഗോൾ കണ്ടെത്തിയതോടെ ഫ്രാൻസ് വിജയത്തിനരികിലെത്തി.
സമനില ഗോളിനായി തുടർന്നുള്ള നിമിഷങ്ങൾ കിണഞ്ഞു പരിശ്രമിച്ച സ്പെയിന് ഒയാർസാബാൽ നഷ്ടപ്പെടുത്തിയ സുവർണാവസരമടക്കം നിരവധി ചാൻസുകൾ ലഭിച്ചെങ്കിലും ഹ്യൂഗോ ലോറിസിന്റെ മിന്നുന്ന സേവുകളും പരിചയസമ്പത്തു കൊണ്ട് അതിനെ മറികടന്ന ഫ്രാൻസ് 2018 ലോകകപ്പിനു ശേഷം ആദ്യത്തെ കിരീടം നേടുകയായിരുന്നു.
ആദ്യപകുതിയേക്കാൾ തീവ്രത നിറഞ്ഞ രണ്ടാം പകുതിയിൽ ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലാക്കിയത് ഫ്രാൻസിനു കിരീടം സമ്മാനിച്ചെങ്കിലും യൂറോ കപ്പിലും യുവേഫ നാഷൻസ് ലീഗിലും നടത്തിയ മികച്ച പ്രകടനം അടുത്ത ലോകകപ്പിന് സ്പെയിൻ സുദൃഢമായൊരു ടീമിനെയാവും ഇറക്കുകയെന്ന വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്.