Football in Malayalam

ആറു വർഷത്തിനു ശേഷമുള്ള തിരിച്ചുവരവിൽ ബെൻസിമ പെനാൽറ്റി തുലച്ചെങ്കിലും മികച്ച വിജയം നേടി ഫ്രാൻസ്

Sreejith N
France v Wales - International Friendly
France v Wales - International Friendly / Valerio Pennicino/Getty Images
facebooktwitterreddit

ഫ്രാൻസ് ടീമിലേക്ക് ആറു വർഷത്തിനു ശേഷം തിരിച്ചെത്തിയ ബെൻസിമ കളിച്ച ആദ്യ മത്സരത്തിൽ തന്നെ പെനാൽറ്റി നഷ്ടപ്പെടുത്തി. ഇന്നലെ വെയിൽസിനെതിരെ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിലാണ് തന്റെ രണ്ടാം അരങ്ങേറ്റത്തിൽ ഗോൾ നേടാനുള്ള അവസരം റയൽ സ്‌ട്രൈക്കർ തുലച്ചത്. ഇതോടെ ഫ്രാൻസിനു വേണ്ടി അവസാനം എടുത്ത മൂന്നു പെനാൽറ്റികളും ലക്ഷ്യത്തിലെത്തിക്കാൻ ബെൻസിമ പരാജയപ്പെട്ടു.

പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും മത്സരത്തിൽ മികച്ച പ്രകടനമാണ് ബെൻസിമ കാഴ്‌ച വെച്ചതെന്നത് യൂറോ കപ്പിനു മുൻപ് ഫ്രാൻസിന് പ്രതീക്ഷ നൽകുന്നതാണ്. ഫ്രാൻസ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ കെയ്‌ലിയൻ എംബാപ്പെ, അന്റോയിൻ ഗ്രീസ്മാൻ, ഒസ്മാനെ ഡെംബലെ എന്നിവർ നേടിയ ഗോളുകളുടെ പിന്നിൽ പ്രവർത്തിക്കാൻ റയൽ മാഡ്രിഡ് താരത്തിനു കഴിഞ്ഞു.

മത്സരത്തിന്റെ തുടക്കത്തിൽ വെയിൽസ്‌ ഫ്രാൻസിനു ഭീഷണി ഉയർത്തിയെങ്കിലും നെക്കോ വില്യംസ് പന്ത് കൈകൊണ്ടു കൈകാര്യം ചെയ്‌തതിനു ചുവപ്പുകാർഡ് കണ്ടു പുറത്തു പോയതോടെ ഫ്രാൻസ് ആധിപത്യം സ്ഥാപിക്കുകയായിരുന്നു. വമ്പൻ താരങ്ങൾ അണിനിരന്ന ഫ്രാൻസ് ടീമിനു പിന്നീട് വലിയ ഭീഷണിയുയർത്താൻ വെയിൽസിനു കഴിഞ്ഞില്ല.

ചുവപ്പുകാർഡ് നേടിയതോടെ അൽബാനിയക്കെതിരെ നടക്കുന്ന അടുത്ത മത്സരം വില്യംസിനു നഷ്‌ടമാകും. അതേസമയം ഫ്രാൻസിന്റെ അടുത്ത സന്നാഹ മത്സരം ബൾഗേറിയക്കെതിരെയാണ്. അതിലും ഗംഭീര വിജയം നേടി യൂറോ കപ്പിനുള്ള തയ്യാറെടുപ്പുകൾ മികച്ച രീതിയിൽ പൂർത്തിയാക്കാനാണ് ഫ്രാൻസ് ഒരുങ്ങുന്നത്.

വമ്പൻ താരങ്ങൾ നിരവധിയുള്ള ഫ്രാൻസ് സ്‌ക്വാഡ് ഇത്തവണ യൂറോ കിരീടം ഉയർത്താൻ സാധ്യതയുള്ള ടീമായാണ് പരിഗണിക്കപ്പെടുന്നതെങ്കിലും ഗ്രൂപ്പ് ഘട്ടം തന്നെ അവർക്ക് കനത്ത വെല്ലുവിളിയാണ്. ഗ്രൂപ്പ് എഫിൽ കരുത്തരായ ജർമനി, പോർച്ചുഗൽ എന്നിവർക്കു പുറമെ ഹംഗറിയെയുമാണ് ഫ്രാൻസ് നേരിടേണ്ടത്,


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit