Football in Malayalam

പവർപാക്കേജ് ഫ്രാൻസ്, ജർമനിയെ വിറപ്പിച്ച ഈ‌ സംഘം ഇക്കുറി പലരുടേയും ഉറക്കം കെടുത്തും

FBL-EURO-2020-2021-MATCH12-FRA-GER
FBL-EURO-2020-2021-MATCH12-FRA-GER / MATTHIAS SCHRADER/Getty Images
facebooktwitterreddit

യൂറോ 2020 തുടങ്ങുന്നതിന് മുൻപ് ടൂർണമെന്റിൽ കിരീടം ചൂടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീമായി ഭൂരിപക്ഷം വരുന്ന ഫുട്ബോൾ പണ്ഡിതരും തിരഞ്ഞെടുത്ത ടീമാണ് ഫ്രാൻസ്. എന്തു കൊണ്ടാണ് തങ്ങൾ ഈ യൂറോയിലെ സൂപ്പർ ഫേവറിറ്റുകളായെന്നത് ഇപ്പോളിതാ തങ്ങളുടെ ആദ്യ മത്സരത്തിൽത്തന്നെ അവർ തെളിയിച്ചിരിക്കുന്നു. മരണഗ്രൂപ്പായ എഫ് ഗ്രൂപ്പിലെ ആദ്യ പോരാട്ടത്തിൽ ജർമനിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി യൂറോ 2020ന് വിജയത്തുടക്കമിട്ട ഫ്രാൻസ് ഇക്കുറിയും തങ്ങളേറെ മുന്നോട്ട് പോകുമെന്ന് ഇന്നത്തെ പ്രകടനത്തിലൂടെ വിളിച്ചു പറഞ്ഞിരിക്കുകയാണ്‌‌. ഗോൾ നില നോക്കുമ്പോൾ ഈ വിജയം അത്ര വലുതല്ലെന്ന് തോന്നൽ പലർക്കുമുണ്ടാകാമെങ്കിലും മത്സരം കണ്ടവർക്കൊന്നും ഇന്നത്തെ ഫ്രാൻസിന്റെ പ്രകടനത്തെ അങ്ങനെ ചെറുതായി കാണാൻ കഴിയില്ല.

എൻഗോളോ കാന്റെ, പോൾ പോഗ്ബെ എന്നീ രണ്ട് ലോകോത്തര താരങ്ങൾ ഒരുമിച്ച് കളിക്കുന്നതിന്റെ എല്ലാ നേട്ടങ്ങളും ഫ്രാൻസിന്റെ കളിയിൽ ഇന്ന് പ്രകടമായിരുന്നു. ജർമനിയുടെ മുന്നേറ്റ താരങ്ങളെ പൂട്ടിക്കളഞ്ഞ ഇരുവരും എതിരാളികളെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് മ്യൂണിച്ചിലെ അലയൻസ് അരീനയിൽ പുറത്തെടുത്തത്. ഇന്റർസെപ്ഷനുകളും ടാക്കിളുകളുമായി മൈതാനത്ത് നിറഞ്ഞു നിന്ന ഇവർ എതിരാളികളെ വെള്ളം കുടിപ്പിച്ചതിന് കണക്കില്ല‌. ജർമൻ ടീം നടത്താൻ ശ്രമിക്കുന്ന ആക്രമണങ്ങളുടെയെല്ലാം മുനയൊടിക്കാൻ മുന്നിൽ നിന്ന ഇരുവരും പന്ത് റിക്കവർ ചെയ്ത് തങ്ങളുടെ മുന്നേറ്റ നിരക്ക് കൈമാറുന്നത് കളിയിലെ സുന്ദര‌കാഴ്ചയായിരുന്നു.

പ്രതിരോധത്തിലും ഫ്രാൻസ് വളരെ മികച്ച പ്രകടനമാണ് ജർമനിക്കെതിരെ പുറത്തെടുത്തത്. വരാനെയും, കിംപെമ്പെയും എതിരാളികളെ ഇടം വലം അനങ്ങാൻ അനുവദിക്കാതെ കളിച്ചപ്പോൾ പവാർഡ്, ഹെർണാണ്ടസ് എന്നിവരും ആടിയുലയാതെ നിന്നു‌. മത്സരത്തിൽ കൂടുതൽ സമയം പന്ത് കൈവശം വെച്ച് കളിച്ചിട്ടും ഒരു ഷോട്ട് മാത്രമേ ഗോളിലേക്ക് തൊടുക്കാൻ‌ ജർമനിയുടെ പേരു കേട്ട മുന്നേറ്റനിരക്ക് കഴിഞ്ഞുള്ളൂവെങ്കിൽ ഈ പ്രതിരോധനിര എത്രത്തോളം ഫലവത്തായ പ്രകടനമായിരുന്നു ഇന്ന് പുറത്തെടുത്തതെന്ന് നമുക്ക് മനസിലാക്കാൻ കഴിയും. പോഗ്ബെ, കാന്റെ എന്നിവർ അണിനിരന്ന മധ്യനിരക്കും ഇക്കാര്യത്തിൽ ക്രെഡിറ്റ് നൽകേണ്ടതുണ്ട്.

കെയ്ലിൻ എംബാപ്പെയുടെ വേഗതക്ക് മുന്നിൽ എതിരാളികൾ വിയർക്കുന്നതിനും ഒരിക്കൽക്കൂടി നാം സാക്ഷിയായി. എംബാപ്പെയെ പൂട്ടാൻ മത്യാസ് ഗിന്ററിനെ ജർമനി ചുമതലപ്പെടുത്തിയെങ്കിലും പലപ്പോളും താരത്തിന്റെ വേഗതക്കൊപ്പമെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നതാണ് സത്യം. വേഗത കൊണ്ട് ജർമനിയെ വിറപ്പിച്ച എംബാപ്പെയുടെ പേരിൽ ഒരു ഗോളും അസിസ്റ്റും മത്സരത്തിൽ രേഖപ്പെടുത്തേണ്ടതായിരുന്നു‌. എന്നാൽ ഓഫ്സൈഡായതിനാൽ ആ 2 ഗോളുകളും ഫ്രാൻസിന് നിഷേധിക്കപ്പെടുകയായിരുന്നു.

ഗോൾ വലക്ക് മുന്നിൽ നായകൻ ലോറിസിന് കാര്യമായ പരീക്ഷണങ്ങളൊന്നും ഇന്ന് നേരിടേണ്ടി വന്നില്ലെങ്കിലും മികച്ച രീതിയിൽത്തന്നെ അദ്ദേഹം തന്റെ ജോലി ചെയ്തു. അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ എല്ലാ മേഖലകളിലും മികച്ചു നിന്ന ഒരു ഫുൾപാക്കേജ് പ്രകടനമായിരുന്നു ഇന്ന് ഫ്രാൻസിന്റേത്.

ടൂർണമെന്റിന് മുൻപ് എംബാപ്പെയും, ഗ്രീസ്മാനും, ബെൻസേമയും അണിനിരക്കുന്ന ഫ്രാൻസിന്റെ മുന്നേറ്റ നിരയെപ്പറ്റിയാണ് ഭൂരിഭാഗം ആൾക്കാരും ചർച്ച ചെയ്തത്. ഇവരെയായിരുന്നു ടീമിന്റെ പ്രകടനം നിർണയിക്കുന്നവരായി ഭൂരിഭാഗവും ചൂണ്ടിക്കാട്ടിയതും. എന്നാൽ പ്രതിരോധ നിരയും, കാന്റെ+പോഗ്ബെ കൂട്ടുകെട്ടുമാകും യൂറോ 2020 ൽ ഫ്രാൻസിന്റെ കിരീടസാധ്യതകൾ തീരുമാനിക്കുക എന്ന തോന്നൽ‌ ജർമനിക്കെതിരായ അവരുടെ കളികണ്ട ഏതൊരാൾക്കും തോന്നുന്നുണ്ടാവും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit