Football in Malayalam

പ്രതിരോധതാരങ്ങൾ മുതൽ മുന്നേറ്റതാരങ്ങൾ വരെ, റൊണാൾഡോയെ തടുക്കുക എന്നത് ടീമിലെ എല്ലാവരുടെയും ജോലിയെന്ന് ലുകാസ് ഡിഗ്‌നെ

Gokul Manthara
Portugal v Germany - UEFA Euro 2020: Group F
Portugal v Germany - UEFA Euro 2020: Group F / Matthias Schrader - Pool/Getty Images
facebooktwitterreddit

യൂറോ കപ്പ് ഗ്രൂപ്പ് എഫിലെ തങ്ങളുടെ അവസാന പോരാട്ടത്തിൽ പോർച്ചുഗലിനെ നേരിടുമ്പോൾ ഫ്രാൻസിന് ഏറ്റവും വലിയ തലവേദന നൽകുക ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിലും ഗോളുകൾ സ്കോർ ചെയ്ത റൊണാൾഡോയെ എങ്ങനെ പിടിച്ചു കെട്ടാൻ കഴിയുമെന്നതിനെ ആശ്രയിച്ചാകും ഈ മത്സരത്തിൽ ഫ്രാൻസിന്റെ സാധ്യതകൾ.

പോർച്ചുഗലിനെതിരായ മത്സരത്തിനിറങ്ങുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയെ എങ്ങനെ നിയന്ത്രിച്ചു നിർത്തണമെന്ന‌ കാര്യത്തിൽ ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ് തന്റെ കളിക്കാർക്ക് ചില തന്ത്രങ്ങൾ പകർന്നു നൽകിയിട്ടുണ്ടാകുമെന്ന് ഉറപ്പ്. കഴിഞ്ഞ‌ ദിവസം മാധ്യമങ്ങളോട്‌ സംസാരിക്കവെ ഫ്രാൻസിന്റെ ഫുൾബാക്ക് താരമായ ലൂക്കാസ് ഡിഗ്നെ ഇക്കാര്യത്തിൽ മനസ് തുറക്കുകയും ചെയ്തു.

ഈ പ്രായത്തിൽ മാത്രമല്ല തന്റെ കരിയറിലുടനീളം റൊണാൾഡോ ചെയ്യുന്ന കാര്യങ്ങൾ അസാധാരണമാണെന്നാണ് ഡിഗ്നെയുടെ പക്ഷം. റൊണാൾഡോ പ്രതിരോധ താരങ്ങൾക്ക് ഒരു വലിയ തലവേദനയാണെന്ന് പറയുന്ന ഫ്രെഞ്ച് താരം, റോണോയുടെ ആക്രമണ ലൈനിലൂടെയുള്ള നീക്കങ്ങൾ വളരെ മികച്ച രീതിയിലാണെന്നും ചൂണ്ടിക്കാട്ടുന്നു. ഇത് കൊണ്ടു തന്നെ മൈതാനത്ത് റൊണാൾഡോക്ക് സ്പേസ് നൽകാതിരിക്കാൻ തങ്ങൾ മികച്ച രീതിയിൽ ആശയവിനിമയം നടത്തേണ്ടതുണ്ടെന്ന് പരിശീലകൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഡിഗ്നെ കൂട്ടിച്ചേർത്തു. റൊണാൾഡോയെ തടയുന്നത് പ്രതിരോധനിര താരങ്ങൾ മുതൽ, മുന്നേറ്റനിര താരങ്ങൾ വരെ ടീമിലെ എല്ലാവരുടേയും ജോലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം യൂറോ 2020ൽ തകർപ്പൻ ഫോമിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചു കൊണ്ടിരിക്കുന്നത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഹംഗറിക്കെതിരെ ഇരട്ട ഗോളുകൾ നേടിയ താരം, ര‌ണ്ടാം മത്സരത്തിൽ ജർമനിക്കെതിരെയും വല കുലുക്കിയിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit