Football in Malayalam

ഫ്രാൻസ് യൂറോ 2020ൽ നിന്ന് പുറത്ത്! പെനാൽറ്റി ഷൂട്ടൗട്ടിൽ ലോക ചാമ്പ്യന്മാരെ വീഴ്ത്തി സ്വിട്സർലൻഡ്‌

Ali Shibil Roshan
Switzerland celebrate
Switzerland celebrate / MARKO DJURICA/Getty Images
facebooktwitterreddit

ലോകമെമ്പാടുമുള്ള കാഴ്ചക്കാരെ ആവേശത്തിരയിലാഴ്ത്തിയ റൗണ്ട്-ഓഫ്‌-16 പോരാട്ടത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി സ്വിട്സർലൻഡ്‌.

നോർമൽ സമയത്തിനും, എക്സ്ട്രാ ടൈമിനും ഇരു ടീമുകളെ പിരിക്കാൻ കഴിയാത്തതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ സ്വിട്സർലൻഡിന് വേണ്ടി കിക്കെടുത്ത അഞ്ച് താരങ്ങളും ലക്ഷ്യം കണ്ടപ്പോൾ, ഫ്രാൻസിന്റെ നിർണായകമായ അഞ്ചാം കിക്കെടുത്ത കെയ്‌ലിൻ എംബാപ്പക്ക് പിഴച്ചു. അതോടെ, ലോക ചാമ്പ്യന്മാർ യൂറോ 2020ൽ നിന്ന് പുറത്ത്, അർഹിച്ച വിജയവുമായി സ്വിട്സർലൻഡ്‌ ക്വാർട്ടറിലും.

നോർമൽ സമയത്ത് ആറ് ഗോളുകൾ പിറന്ന മത്സരത്തിൽ ആദ്യം അക്കൗണ്ട് തുറന്നത് സ്വിട്സർലൻഡാണ്. മത്സരത്തിന്റെ 15ആം മിനുട്ടിലായിരുന്നു ഫ്രാൻസിനെ ഞെട്ടിച്ച ആ ഗോൾ. സ്റ്റീവൻ സുബറിന്റെ ക്രോസിൽ നിന്ന് മനോഹരമായ ഒരു ഹെഡറിലൂടെ ഹാരിസ് സെഫെറോവിച്ചാണ് ഫ്രാൻസ് വലകുലുക്കിയത്.

മത്സരത്തിന്റെ 53ആം മിനുറ്റിൽ തങ്ങളുടെ ലീഡ് രണ്ടാക്കി ഉയർത്താനുള്ള സുവർണാവസരം സ്വിട്സർലൻഡിന് ലഭിച്ചെങ്കിലും അവർക്ക് അത് മുതലാക്കാനായില്ല. ഫ്രാൻസിന്റെ ബോക്സിനുള്ളിൽ സുബറിനെ ബെഞ്ചമിൻ പവാർഡ് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി, കിക്കെടുത്ത റിക്കാർഡോ റോഡ്രിഗസിന് ലക്ഷ്യത്തിലെത്തിക്കാനായില്ല.

ആ പിഴവിന്റെ വില വളരെ കൂടുതലാകുമെന്ന് തോന്നിപ്പിച്ച രംഗങ്ങളാണ് പിന്നീട് അരങ്ങേറിയത്. 57ആം മിനുറ്റിൽ കരിം ബെൻസിമയിലൂടെ ഫ്രാൻസ് തങ്ങളുടെ സമനില ഗോൾ നേടി. എംബാപ്പയുടെ പാസ് അവിശ്വസനീയമാം വിധം നിയന്ത്രണത്തിൽ വരുത്തിയ ബെൻസിമ, അതിന് ശേഷം തന്റെ അടുത്ത ടച്ചിലൂടെ സ്വിട്സർലൻഡ് ഗോൾകീപ്പറെ മറികടന്ന് വല കുലുക്കി.

രണ്ട് മിനിറ്റുകൾക്ക് ശേഷം ബെൻസിമയും ഫ്രാൻസും തങ്ങളുടെ രണ്ടാം ഗോളും നേടി. എംബാപ്പയുമായുള്ള വൺ-ടുവിന് ശേഷം ഗ്രീസ്മാൻ ഫാർ പോസ്റ്റിലേക്ക് നൽകിയ ക്രോസിൽ നിന്ന് കൃത്യമായ ഹെഡറിലൂടെ ബെൻസിമ ലക്ഷ്യം കാണുകയായിരുന്നു. 75ആം മിനുറ്റിൽ ഒരു ലോങ്ങ്-റേഞ്ചർ വണ്ടർ ഗോളിലൂടെ പോൾ പോഗ്ബ ഫ്രാൻസിന്റെ ഗോൾ നേട്ടം മൂന്നായും, ലീഡ് രണ്ടായും ഉയർത്തി.

എന്നാൽ, 81ആം മിനുറ്റിൽ മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടി സെഫെറോവിച്ച് ഒരു വൻ തിരിച്ചുവരവിന് കളമൊരുക്കി. കെവിൻ എംബാബുവിന്റെ ക്രോസിൽ നിന്ന് ഹെഡറിലൂടെ ആയിരുന്നു ഗോൾ.

മത്സരത്തിന്റെ 90ആം മിനുറ്റിലാണ് ഫ്രാൻസിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് കൊണ്ട് സ്വിട്സർലൻഡ് തങ്ങളുടെ സമനില ഗോൾ നേടിയത്. ഗ്രാനിറ്റ് സാക്കയുടെ പാസ് സ്വീകരിച്ച മരിയോ ഗവ്രനോവിച്ച് തൊടുത്ത് വിട്ട ഒരു ലോ ഷോട്ട്, ലോറിസിനെ മറികടന്ന് പോസ്റ്റിന്റെ വലത് മൂലയിലേക്ക്!

നാല് മിനുറ്റ് ഇഞ്ചുറി സമയത്തിനും, 30 മിനുറ്റ് എക്സ്ട്രാ ടൈമിന് ശേഷവും സ്കോർനില അതേ നിലയിൽ തുടർന്നതോടെ മത്സരത്തിന്റെ വിധിനിർണയിക്കുന്നത് പെനാൽറ്റി ഷൂട്ടൗട്ടിലായി. സ്വിട്സർലൻഡിന് വേണ്ടി കിക്കെടുത്ത ഗവ്രനോവിച്ച്, ഫാബിയൻ ഷാർ, മാനുവൽ അകാഞ്ചി, റൂബൻ വർഗാസ്, അദ്മിർ മെഹ്‌മെദി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഫ്രാൻസിന് വേണ്ടി പോഗ്ബ, ഒലിവർ ജിറൂദ്, മാർക്കസ് തുറാം, പ്രെസ്നൽ കിംപെംബെ എന്നിവർ വലകുലുക്കി. എന്നാൽ, ഫ്രാൻസിന് വേണ്ടി അഞ്ചാം കിക്കെടുത്ത എംബാപ്പയുടെ ശ്രമം യാൻ സോമർ തടുത്തിട്ടതോടെ അവസാന ചിരി സ്വിട്സർലൻഡിന്റേതായി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit