Football in Malayalam

മരണഗ്രൂപ്പിലെ പൊടിപാറും പോരാട്ടം; യൂറോപ്പിന്റെ രാജാക്കന്മാരാവാനുള്ള യാത്ര വിജയത്തോടെ തുടങ്ങാൻ ഫ്രാൻസും ജർമനിയും

Gokul Manthara
FBL-NATIONS-GER-FRA
FBL-NATIONS-GER-FRA / FRANCK FIFE/Getty Images
facebooktwitterreddit

യൂറോ കപ്പിലെ ഗ്രൂപ്പ് എഫിൽ ഇക്കുറി എന്ത് വേണമെങ്കിലും സംഭവിക്കാം. നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും കരുത്തുറ്റ‌‌ ടീമുകളായ ഫ്രാൻസ്, ജർമനി, പോർച്ചുഗൽ എന്നിവർക്കൊപ്പം ആരെയും ഞെട്ടിക്കാൻ കെൽപ്പുള്ള‌ ഹംഗറിയും ചേരുമ്പോൾ ഇവിടുത്തെ മത്സരഫലങ്ങൾ പ്രവചനാതീതം.

ഇക്കുറി യൂറോയിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഫുട്ബോൾ ലോകം ഏറ്റവുമധികം ഉറ്റുനോക്കുന്ന പോരാട്ടങ്ങളിലൊന്നായ ഫ്രാൻസ്-ജർമനി മത്സരം അടുത്ത ദിവസം നടക്കുകയാണ്‌. നിലവിലെ‌ ലോക ചാമ്പ്യന്മാരും, കഴിഞ്ഞ‌ യൂറോയിലെ ഫൈനലിസ്റ്റുകളുമായിരുന്ന ദിദിയർ ദെഷാംപ്സിന്റെ ഫ്രാൻസും, മുൻ ലോക ചാമ്പ്യന്മാരായ ജോക്കിം ലോയുടെ ജർമനിയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഒരു ത്രില്ലർ പോരാട്ടത്തിൽക്കുറഞ്ഞതൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. മരണഗ്രൂപ്പായതിനാൽ ഗ്രൂപ്പ് എഫിലെ‌ എല്ലാ മത്സരങ്ങളും ടീമുകൾക്ക് അതിനിർണായകമായതിനാൽ ഈ മത്സരത്തിലെ ഫലം ഇരു ടീമുകളുടേയും നോക്കൗട്ട് പ്രതീക്ഷകളെപ്പോലും ബാധിച്ചേക്കാം.

ഫ്രാൻസ് ടീം വാർത്ത

ബൾഗേറിയക്കെതിരെ കഴിഞ്ഞയാഴ്ച നടന്ന സൗഹൃദ മത്സരത്തിൽ സ്റ്റാർ സ്ട്രൈക്കർ കരീം ബെൻസേമക്ക് പരിക്കേറ്റത് ഫ്രാൻസ് ടീമിന് ചെറിയ ആശങ്ക സമ്മാനിക്കുന്നുണ്ടെങ്കിലും താരം പരിശീലനത്തിലേക്ക് മടങ്ങിയെത്തിയതെന്നത് അവർക്ക്‌ ശുഭ സൂചനയാണ്. ആദ്യ മത്സരത്തിൽ ബെൻസേമയെ കളിപ്പിച്ച് റിസ്ക് എടുക്കാൻ പരിശീലകൻ ദെഷാംപ്സ് തയ്യാറായില്ലെങ്കിൽ ഒളിവർ ജിറൂഡും, കെയ്ലിൻ എംബാപ്പെയും ചേർന്നാകും ടീമിന്റെ സ്ട്രൈക്കർ ചുമതലകൾ പങ്കിടുക. ബൾഗേറിയക്കെതിരായ മത്സരത്തിന് ശേഷം ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങൾ കളിയിലേക്ക് കൊണ്ടു വരാതെ നോക്കേണ്ടത് പരിശീലക‌ൻ ദെഷാംപ്സിന്റേയും കൂടി ഉത്തരവാദിത്വമായിരിക്കും.‌ കളിയുടെ എല്ലാ മേഖലകളിലും അതിശക്തരാണ് ഫ്രാൻസ്. അത് കൊണ്ടു തന്നെ ജർമനിക്കെതിരായ മത്സരത്തിൽ അവർ തന്നെയാണ് ഫേവറിറ്റുകളും.

ജർമനി ടീം വാർത്ത

പരിക്കേറ്റ മധ്യനിര സൂപ്പർ താരം ലിയോൺ ഗൊരെട്സ്ക ഇല്ലാതെയാവും ജർമനി കളിക്കാനിറങ്ങുക.‌ കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ലാത്വിയക്കെതിരെ ടീം 7-1 ന് വിജയം കണ്ട മത്സരത്തിൽ കളിക്കാതിരുന്ന ആർ ബി ലെപ്സിഗ് പ്രതിരോധ താരം ലൂക്കാസ് കോസ്റ്റർമാനും ഈ മത്സരത്തിൽ കളിക്കുന്ന കാര്യം സംശയമാണ്.

ഫ്രാൻസ്-ജർമനി മത്സരത്തിൽ ഇരു ടീമുകളുടേയും സാധ്യതാ ലൈനപ്പ്

ഫ്രാൻസ് - ഹ്യൂഗോ ലോറിസ് (ഗോൾകീപ്പർ), ബെഞ്ചമിൻ പവാർഡ്, റാഫേൽ വരാൻ, പ്രെസ്നൽ കിംപെമ്പെ, ലൂക്കാസ് ഹെർണാണ്ടസ്, പോൾ പോഗ്ബ, എൻഗോളോ കാന്റെ, കോറെന്റിൻ ടോളിസോ, അന്റോയിൻ ഗ്രീസ്മാൻ, കെയ്ലിൻ എംബാപ്പെ, കരീം ബെൻസേമ.

ജെർമ്മനി - മാനുവൽ ന്യൂയർ (ഗോൾകീപ്പർ), അന്റോണിയോ റുഡിഗർ, നിക്ലസ് സൂൾ, മാറ്റ്സ് ഹമ്മൽസ്, ജോഷ്വ കിമ്മിച്ച്, ഇൽകേയ് ഗുണ്ടോഗൻ, ടോണി ക്രൂസ്, ഗോസൻസ്, തോമസ് മുള്ളർ, കൈ ഹാവർട്സ്, സെർജെ ഗ്നാബ്രി.

മത്സരം തത്സമയം കാണാൻ

2021 ജൂൺ 16-ം തീയതി ഇന്ത്യൻ സമയം പുലർച്ചെ 12.30 നാണ് മത്സരത്തിന്റെ കിക്കോഫ്.

സോണി പിക്ചേഴ്സ് സ്പോർട്സ് നെറ്റ്‌വർക്കാണ് മത്സരം ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യുന്നത്. മലയാളത്തിലടക്കം 6 വിവിധ ഭാഷകളിൽ ഇന്ത്യയിൽ മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണമുണ്ടാകും. സോണി ടെൻ 2, സോണി ടെൻ 3, സോണി സിക്സ്, സോണി ടെൻ 4 എന്നിവക്ക് പുറമേ സോണി ലൈവ് ആപ്പിലും ഫ്രാൻസ്-ജർമനി പോരാട്ടം നിങ്ങൾക്ക് വീക്ഷിക്കാം. മലയാളം കമന്ററിയിൽ മത്സരം ലഭ്യമാവുക സോണി സിക്സിലാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit