ഈ വർഷത്തെ ബാലൺ ഡി ഓർ മെസിക്കാണെന്ന് ഫ്രാൻസ് ഫുട്ബോൾ താരത്തെ അറിയിച്ചുവെന്ന് പോർച്ചുഗീസ് മാധ്യമം

Sreejith N
Ballon D'Or Ceremony At Theatre Du Chatelet : Inside Ceremony In Paris
Ballon D'Or Ceremony At Theatre Du Chatelet : Inside Ceremony In Paris / Kristy Sparow/GettyImages
facebooktwitterreddit

2021 വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം ലയണൽ മെസിക്കാണെന്ന് അവാർഡ് നൽകുന്ന ഫ്രഞ്ച് മാധ്യമമായ ഫ്രാൻസ് ഫുട്ബോൾ പിഎസ്‌ജി താരത്തെ അറിയിച്ചുവെന്ന് റിപ്പോർട്ടുകൾ. പോർച്ചുഗീസ് മാധ്യമമായ ആർടിപി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ബാലൺ ഡി ഓർ വിജയവുമായി ബന്ധപ്പെട്ട് ഫ്രാൻസ് ഫുട്ബോളിന് മെസി അഭിമുഖവും നൽകിയിട്ടുണ്ട്.

ഈ വർഷത്തെ ബാലൺ ഡി ഓർ നേടാൻ ഏറ്റവുമധികം സാധ്യത കളിപ്പിക്കപ്പെടുന്ന താരങ്ങളിൽ മുൻനിരയിൽ തന്നെയാണ് മെസിയുടെ സ്ഥാനം. ഇതിനു മുൻപ് ആറു ബാലൺ ഡി ഓർ നേടിയിട്ടുള്ള താരത്തിന് കഴിഞ്ഞ സീസണിൽ ബാഴ്‌സക്കൊപ്പം നടത്തിയ മികച്ച പ്രകടനവും അർജന്റീനക്കൊപ്പമുണ്ടായ കോപ്പ അമേരിക്ക വിജയവുമാണ് കൂടുതൽ സാധ്യത നൽകുന്നത്.

അതേസമയം മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി ബാലൺ ഡി ഓറിനായി തുറന്ന പോരാട്ടം നടക്കുന്ന ഈ വർഷം മെസിക്ക് കനത്ത വെല്ലുവിളിയുമായി ജോർജിന്യോ, ലെവൻഡോസ്‌കി, കരിം ബെൻസിമ എന്നീ താരങ്ങളുണ്ട്. അതുകൊണ്ടു തന്നെ പോർച്ചുഗീസ് മാധ്യമം പുറത്തു വിട്ട റിപ്പോർട്ടിന്റെ ആധികാരികതയെ പലരും ചോദ്യം ചെയ്യുന്നു.

നിലവിൽ തന്നെ ആറു ബാലൺ ഡി ഓർ നേടിയിട്ടുള്ള മെസി ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഒരേയൊരു താരമാണ്. ഈ വർഷത്തെ ബാലൺ ഡി ഓർ കൂടി നേടിയാൽ ഏഴു ബാലൺ ഡി ഓറെന്ന, അടുത്ത കാലത്തൊന്നും മറ്റൊരു ഫുട്ബോൾ താരത്തിനും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടമായിരിക്കും അർജന്റീനിയൻ നായകനു സ്വന്തമാവുക.


facebooktwitterreddit