Football in Malayalam

ദെഷാംപ്‌സിന്റെ പരിശീലകസ്ഥാനം തെറിച്ചേക്കും, സൂചനകൾ നൽകി ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്

Sreejith N
FBL-EURO-2020-2021-MATCH41-FRA-SUI
FBL-EURO-2020-2021-MATCH41-FRA-SUI / FRANCK FIFE/Getty Images
facebooktwitterreddit

ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുമായി, യൂറോ കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീമെന്ന വിശേഷണത്തോടെ എത്തിയ ഫ്രാൻസിന്റെ അപ്രതീക്ഷിത പുറത്താവലിൽ ദിദിയർ ദെഷാംപ്‌സിന് പരിശീലകസ്ഥാനം നഷ്ടപ്പെടാൻ സാധ്യത. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റായ നോയൽ ഡി ഗ്രെയ്റ്റാണ് ഇതു സംബന്ധിച്ച സൂചനകൾ നൽകിയത്.

സ്വിറ്റ്സർലണ്ടിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മുന്നിലായിരുന്നിട്ടും അവസാന പത്ത് മിനിറ്റുകളിൽ രണ്ടു ഗോൾ വഴങ്ങിയ ഫ്രാൻസ് ഷൂട്ടൗട്ടിലാണ് പരാജയം വഴങ്ങിയത്. ലോകോത്തര താരങ്ങൾ ആദ്യ ഇലവനിലും ബെഞ്ചിലും ഉണ്ടായിട്ടും താരതമ്യേനെ ദുർബലരായ സ്വിറ്റ്സർലൻഡിനോട് തോൽവി വഴങ്ങി ഫ്രാൻസ് പുറത്തായതോടെ ദെഷാംപ്‌സിനോട് സംസാരിച്ചതിനു ശേഷം ഭാവി തീരുമാനങ്ങൾ എടുക്കുമെന്നാണ് ഡി ഗ്രെയ്റ്റ് പറയുന്നത്.

"മുൻ കാലങ്ങളിൽ പല നേട്ടങ്ങളും ഉണ്ടാക്കിയിട്ടെങ്കിലും ഫ്രാൻസിന്റെ ലക്‌ഷ്യം ഇതുവരെയും പൂർത്തിയായിട്ടില്ല. നമ്മൾ കാര്യങ്ങളെ കാഴ്ച്ചപ്പാടോടു കൂടി സമീപിക്കണം. പാരീസിലുള്ളപ്പോൾ അദ്ദേഹത്തെ വിളിച്ച് അടുത്ത ആഴ്‌ച സംസാരിക്കുകയോ, അല്ലെങ്കിൽ സംസാരിക്കാനുള്ള സമയം തീരുമാനിക്കുകയോ ചെയ്യും." ഡി ഗ്രെയ്റ്റ് പറഞ്ഞത് മാർക്ക റിപ്പോർട്ടു ചെയ്‌തു.

അതേസമയം ദെഷാംപ്‌സിന്റെ കാര്യത്തിൽ തിടുക്കത്തിൽ ഒരു തീരുമാനം എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "ദെഷാംപ്‌സുമായി നല്ലൊരു ദിവസം ചിലവഴിച്ച്, ചർച്ചകൾ നടത്തി, അവസാനം ഞങ്ങൾ തീരുമാനമെടുക്കും. വളരെ എടുത്തു പിടിച്ചൊരു തീരുമാനം എടുക്കരുതെന്നാണ് ജീവിതം എന്നെ പഠിപ്പിച്ചിട്ടുള്ളത്. എന്താണ് സംഭവിച്ചതെന്ന് സംസാരിക്കണം."

ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ ശരിയായ തീരുമാനങ്ങൾ ആണ് എടുക്കുന്നതെന്നും ഒരുപടി കൂടി മുന്നോട്ടു പോവാൻ ഒരുങ്ങി നിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ദെഷാംപ്‌സ് പരിശീലക സ്ഥാനത്തു നിന്നും പടിയിറങ്ങുകയാണെങ്കിൽ പകരക്കാരനാവുക സിദാൻ തന്നെയായിരിക്കും. ഫ്രാൻസിന്റെ ആരാധകരെല്ലാം അതിനു വേണ്ടിയാണ് കാത്തിരിക്കുന്നതും.

facebooktwitterreddit