Football in Malayalam

കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ കിരീടം ഇക്കുറി നേടിയെടുക്കാൻ ഫ്രാൻസ്; വരുന്നത് കരുത്തുറ്റ ടീമുമായി

Gokul Manthara
France v Ukraine - FIFA World Cup 2022 Qatar Qualifier
France v Ukraine - FIFA World Cup 2022 Qatar Qualifier / Aurelien Meunier/Getty Images
facebooktwitterreddit

കഴിഞ്ഞ യൂറോ കപ്പിന്റെ ഫൈനലിൽ പോർച്ചുഗലിനോട് ഹൃദയഭേദകമായ പരാജയമേറ്റുവാങ്ങിയ ഫ്രെഞ്ച് സംഘം ഇക്കുറി ഒരു പടി കൂടി മുന്നേറാനുറച്ചാണ് ടൂർണമെന്റിനെത്തുന്നത്. ഏതൊരു ടീമും കൊതിക്കുന്ന വമ്പൻ താരനിരയാണ് ടീമിനൊപ്പമുള്ളത്. നിലവിലെ ലോകചാമ്പ്യന്മാരെന്ന ടാഗും ഒപ്പമുള്ള ഫ്രാൻസിന് മേൽ പ്രതീക്ഷയുടെ അമിതഭാരവുമുണ്ട്‌‌‌. അത് കൊണ്ടു തന്നെ എവിടെയെങ്കിലും ഒരു ചുവടു പിഴച്ചാൽ അതിൽ വലിയ രീതിയിൽ അവർ ക്രൂശിക്കപ്പെടുമെന്നത് ഉറപ്പ്. ഗ്രൂപ്പ് ഘട്ടത്തിൽ ത്തന്നെ വലിയ പരീക്ഷണമാണ് ഇക്കുറി ഫ്രാൻസിന് നേരിടേണ്ടി വരുന്നത്. മരണ ഗ്രൂപ്പെന്ന് വിശേഷണമുള്ള ഗ്രൂപ്പ് എഫിൽ ജെർമ്മനി, പോർച്ചുഗൽ, ഹംഗറി എന്നിവരാണ് ഫ്രഞ്ച് സംഘത്തിനൊപ്പമുള്ളത്. എന്നാൽ നിലവിലെ ഫോമിൽ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് ഫ്രാൻസ് മുന്നേറാൻ തന്നെയാണ് സാധ്യത.

ഫിഫ റാങ്കിംഗിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള ഫ്രാൻസിനെയാണ് ഭൂരിഭാഗം വരുന്ന ഫുട്ബോൾ വിദഗ്ദ്ധരും, മുൻ താരങ്ങളും ഇത്തവണത്തെ യൂറോ കപ്പിലെ ഫേവറിറ്റുകളായി ചൂണ്ടിക്കാട്ടുന്നത്‌‌. വെയിൻ റൂണി, ആഴ്‌സെൻ വെംഗർ എന്നിവരടക്കമുള്ളവർ ഫ്രാൻസിനെ യൂറോ ചാമ്പ്യന്മാരായി പ്രവചിക്കുന്നവരിലുണ്ട്. തങ്ങളിലുള്ള അമിത പ്രതീക്ഷകളുടെ സമ്മർദ്ദത്തെ എങ്ങനെ തരണം ചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും ദിദിയർ ദെഷാംപ്സിന്റേയും സംഘത്തിന്റേയും യൂറോ 2020ലെ കുതിപ്പ്.

കരുത്ത്

മറ്റ് ടീമുകൾ അസൂയയോടെ നോക്കിക്കാണുന്ന പ്രതിഭാ ധാരാളിത്തമാണ് ഫ്രാൻസിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഏത് പൊസിഷനിലായാലും മാറ്റി മാറ്റി കളിപ്പിക്കാൻ നിരവധി ലോകോത്തര താരങ്ങൾ അവർക്കുണ്ട്‌‌. യൂറോ കപ്പിനെത്തുന്ന ഫ്രാൻസിന്റെ സ്ക്വാഡിലുള്ള താരങ്ങളെല്ലാം മറ്റേത് രാജ്യത്തിന്റേയും സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം പിടിക്കാൻ കെൽപ്പുള്ളവരാണ്.

നിലവാരത്തിൽ യാതൊരു ഇടിവും സംഭവിക്കാതെ ലൈനപ്പിൽ അടിമുടി മാറ്റങ്ങൾ വരുത്താനുള്ളത്ര മികച്ച സ്ക്വാഡ് ഡെപ്ത്ത്‌ ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സിന് നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല‌. സെന്റർ ബാക്ക്, സെൻട്രൽ മിഡ്ഫീൽഡ്, മുന്നേറ്റ നിര എന്നിവയൊക്കെ ടീമിന് വലിയ ആധിപത്യമുള്ള മേഖലകളാണ്. ഗുണനിലവാരവും അനുഭവസമ്പത്തും വേണ്ടുവോളമുള്ള ഈ ഫ്രാൻസ് സംഘത്തിന് വലിയ മത്സരങ്ങൾ എങ്ങനെ കളിക്കണമെന്ന് കൃത്യമായി അറിയാം.

ദൗർബല്യം

നായകനും ടീമിന്റെ ഗോൾകീപ്പറുമായ ഹൂഗോ ലോറിസിനോടുള്ള പരിശീലകൻ ദിദിയർ ദെഷാംപ്സിന്റെ അമിത വിശ്വാസമാണ് ടീമിന്റെ പ്രശ്നങ്ങളിലൊന്ന്.‌ നിലവിൽ തന്റെ മികച്ച ഫോമിൽ നിന്ന് ഏറെ അകലെയുള്ള, കഴിഞ്ഞ കുറച്ച് സീസണുകളായി അത്ര മികച്ച ഫോമിലല്ലാത്ത ലോറിസിന് വീണ്ടും വീണ്ടും ദേശീയ ടീമിൽ അവസരം നൽകിക്കൊണ്ടിരിക്കുകയാണ് പരിശീലകൻ. യൂറോ കപ്പിലും ലോറിസ് തന്നെയാകും ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ. അത്ര മികച്ച ഫോമിൽ അല്ലാഞ്ഞിട്ട് കൂടി ലോറിസ് തന്നെ ഗോൾ വലക്ക് മുന്നിലെത്തുമ്പോൾ മൈക്ക് മൈഗ്നൻ എന്ന മികച്ച ഫോമിലുള്ള ഗോൾ കീപ്പറാണ് തഴയപ്പെടുന്നത്. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബ്ബായ ലില്ലെക്കൊപ്പം മിന്നും പ്രകടനം കാഴ്ച വെച്ച മൈഗ്നനെ മാറ്റി നിർത്തി ലോറിസിനെ കളിപ്പിക്കാനുള്ള ദെഷാംപ്സിന്റെ നീക്കം തന്നെയാകും ഇക്കുറി ഫ്രാൻസ് നേരിടാൻ പോകുന്ന പ്രശ്നം.‌ ഗോൾ വലക്ക് മുന്നിൽ മൈഗ്നനെ കൊണ്ടു വരാൻ ദെഷാംപ്സ് തയ്യാറാവുകയാണെങ്കിൽ ചൂണ്ടിക്കാണിക്കാൻ പോലും ഒരു കുറവുമില്ലാത്ത ടീമായി ഇക്കുറി ഫ്രാൻസ് മാറും.

പ്രധാന താരങ്ങൾ

കരീം ബെൻസേമ, കൈലിൻ എംബാപ്പെ, അന്റോയിൻ ഗ്രീസ്മാൻ, എൻ ഗോളോ കാന്റെ, പോൾ പോഗ്ബ, ഉസ്മാൻ ഡെംബലെ, റാഫേൽ വരാനെ.

ഫ്രാൻസ് യൂറോ സ്ക്വാഡ്

ഗോൾകീപ്പർമാർ : ഹൂഗോ ലോറിസ്, സ്റ്റീവ് മൻഡൻഡ, മൈക്ക് മൈഗ്നൻ

പ്രതിരോധ താരങ്ങൾ : റാഫേൽ വരാനെ, ലൂക്കാസ് ഡിഗ്നെ, ബെഞ്ചമിൻ പവാർഡ്, ലൂക്കാസ് ഹെർണാണ്ടസ്, പ്രെസ്നൽ കിംപമ്പെ, ക്ലെമന്റ് ലെംഗ്ലെറ്റ്, കുർട് സൂമ, ലിയോ ഡുബോയിസ്, ജൂൾസ് കൗണ്ടെ

മധ്യനിര താരങ്ങൾ : പോൾ പോഗ്ബ, മൗസ സിസോക്കോ, എൻഗോളോ കാന്റെ, കോറന്റിൻ ടോളിസോ, അഡ്രിയൻ റാബിയറ്റ്

മുന്നേറ്റ താരങ്ങൾ : കരീം ബെൻസേമ, ഒളിവർ ജിറൂഡ്, കൈലിൻ എംബാപ്പെ, മാർക്കസ് തുറാം, കിംഗ്സ്ലി കോമൻ, വിസാം ബെൻ യെഡ്ഡർ, അന്റോയിൻ ഗ്രീസ്മാൻ, തോമസ് ലെമർ, ഔസ്മാൻ ഡെംബലെ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit