ബെൽജിയത്തിനെതിരെ നടത്തിയ ഗംഭീര തിരിച്ചുവരവിൽ ഫ്രാൻസ് ടീമിന്റെ മനോഭാവത്തെ പ്രശംസിച്ച് ദെഷാംപ്സ്


യുവേഫ നാഷൻസ് ലീഗ് പോരാട്ടത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നതിനു ശേഷം ബെൽജിയത്തിനെതിരെ ഫ്രാൻസ് നടത്തിയ അതിഗംഭീരമായ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ്. മത്സരത്തിന്റെ ആദ്യപകുതിയിൽ യാനിക് കരാസ്കോ, റൊമേലു ലുക്കാക്കു എന്നിവരുടെ ഗോളുകൾക്ക് മുന്നിലെത്തിയ ബെൽജിയം വിജയം നേടുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും കരിം ബെൻസിമ, എംബാപ്പെ, തിയോ ഹെർണാണ്ടസ് എന്നിവരിലൂടെ ഫ്രാൻസ് തിരിച്ചു വരികയായിരുന്നു.
"ആദ്യപകുതിയിൽ ഞങ്ങൾ ഒട്ടും സന്തുഷ്ടരായിരുന്നില്ല. അവർക്ക് അവരുടെ ഏറ്റവും മികച്ച ഇരുപതു മിനുട്ടിൽ രണ്ടു ഗോൾ നേടാൻ സാധിച്ചു. അതിനു ശേഷം ഞങ്ങൾക്ക് അപകടം കാര്യമായി ഉണ്ടായില്ല, നിരവധി അവസരം ലഭിക്കുകയും ചെയ്തു. ഞങ്ങളുടെ സിസ്റ്റം പുതിയതാണ്, അതിൽ ഇനിയും പണിയെടുക്കേണ്ടതുണ്ട്, പിന്നെ എതിരാളികളും മികച്ചതായിരുന്നു."
France’s ‘character’ praised by Didier Deschamps following victory over Belgium https://t.co/LxW1F0LQxy
— Indy Football (@IndyFootball) October 7, 2021
"ഇതുപോലെയൊരു മത്സരം വിജയിച്ചത് ടീമിന്റെ കരുത്തും മനോഭാവവും തെളിയിക്കുന്നു. അവർക്ക് കളത്തിലുള്ള സമയത്ത് മത്സരം നഷ്ടപ്പെടുത്താൻ കഴിയുമായിരുന്നില്ല. ഞങ്ങൾ ഇവിടെ വന്നിട്ടുള്ളത് ഫൈനൽ കളിക്കാനും കിരീടത്തിനു വേണ്ടി പൊരുതാനുമാണ്. അതുയർത്താൻ വേണ്ടി സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യും." ദെഷാംപ്സ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ആദ്യപകുതി വളരെ മികച്ച ആത്മവിശ്വാസത്തോടെ കളിച്ച ബെൽജിയം രണ്ടാം പകുതിയിൽ വൈകാരികതക്ക് അടിപ്പെട്ടുവെന്നാണ് റോബർട്ടോ മാർട്ടിനസ് പറഞ്ഞത്. ഫൈനലിലേക്ക് പ്രവേശനം നേടുന്നതിനെ പറ്റിയാണ് തങ്ങൾ ആ സമയങ്ങളിൽ ചിന്തിച്ചതെന്നും കളിക്കളത്തിൽ ചെയ്യേണ്ടത് ചെയ്യാതെ ഫ്രാൻസിനെ തിരിച്ചുവരാൻ ടീം അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ പത്തിനു നടക്കുന്ന ഫൈനലിൽ സ്പെയിനെയാണ് ഫ്രാൻസ് നേരിടുക. ഇറ്റലിയെ കീഴടക്കിയാണ് സ്പെയിൻ ഫൈനലിൽ ഇടം പിടിച്ചത്. അന്നു തന്നെ നടക്കുന്ന മത്സരത്തിൽ ബെൽജിയവും ഇറ്റലിയും മൂന്നാം സ്ഥാനത്തിനു വേണ്ടി പോരാടും.