Football in Malayalam

നാല് വർഷത്തിൽ നാല് കിരീടങ്ങൾ, കേരളത്തിന്റെ അഭിമാനമായി മാറി ഗോകുലം കേരള

Sreejith N
അവസാന ലീഗ് മത്സരത്തിൽ ട്രാവു എഫ്‌സിയെ തോൽപിച്ചാണ് ഗോകുലം കേരള ഐ-ലീഗ് ജേതാക്കളായത്
അവസാന ലീഗ് മത്സരത്തിൽ ട്രാവു എഫ്‌സിയെ തോൽപിച്ചാണ് ഗോകുലം കേരള ഐ-ലീഗ് ജേതാക്കളായത് / I-League - Twitter
facebooktwitterreddit

ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ഫുട്ബോൾ ആരാധകരുള്ള സംസ്ഥാനങ്ങളിൽ ഒന്നാണെങ്കിലും ഒരിക്കൽ പോലും ദേശീയ ലീഗ് കിരീടം സ്വന്തമാക്കാൻ കേരളത്തിൽ നിന്നുള്ള ഒരു ക്ലബിനും കഴിഞ്ഞിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം ട്രാവു എഫ്‌സിയെ പിന്നിൽ നിന്നും തിരിച്ചടിച്ച് വീഴ്ത്തി ഐ ലീഗ് കിരീടമുയർത്തിയതോടെ ആ പരാതി തീർത്ത് കേരളക്കരയുടെ അഭിമാനമുയർത്തിയിരിക്കയാണ് ഗോകുലം കേരള.

മുപ്പതു വർഷങ്ങൾക്ക് മുൻപ് കേരള പോലീസ് ഫെഡറേഷൻ കപ്പ് നേടിയതാണ് ഒരു കേരള ടീം നേടിയ അവസാനത്തെ എഎഫ്‌സി അംഗീകാരമുള്ള കിരീടം. ഐഎസ്എല്ലും നാഷണൽ ലീഗും വന്നെങ്കിലും കേരളത്തിന്റെ നീണ്ട കാത്തിരിപ്പിന് ഇന്നലെ ഗോകുലം കേരള അവസാനം കുറിക്കുകയായിരുന്നു.

2017ൽ രൂപീകരിക്കപ്പെട്ട ഗോകുലം കേരള കഴിഞ്ഞ നാലു വർഷത്തിനിടെ നാല് കിരീടങ്ങളാണ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. കേരള പ്രീമിയർ ലീഗ്, ഡ്യൂറണ്ട് കപ്പ് എന്നിവ നേടിയതിനു പുറമെ നിലവിലെ ദേശീയ വനിതാ ലീഗ് ചാമ്പ്യന്മാരും ഗോകുലം കേരളയാണ്. മുൻനിര ഇന്ത്യൻ ക്ലബുകൾക്കു പോലും വനിതാ ടീമില്ലാത്ത സാഹചര്യത്തിലാണ് ഗോകുലം കേരള വനിതാ ടീമിനെ ഒരുക്കിയെടുത്ത അവരെ ചാമ്പ്യന്മാരാക്കിയത്.

ഇന്ത്യയിൽ കൂടുതൽ ആരാധകപിന്തുണയുള്ള ടൂർണമെന്റായ ഐഎസ്എല്ലിൽ പങ്കെടുക്കുന്ന കൊച്ചി അടിസ്ഥാനമാക്കിയുള്ള ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് 2014ലും 2016ലും രണ്ടാം സ്ഥാനത്തെത്തിയത് അഭിമാനാർഹമായ നേട്ടമാണെങ്കിലും ദേശീയ ലീഗ് കിരീടം നേട്ടമാക്കിയതിലൂടെ അതിനും മുകളിലെത്താൻ ഗോകുലം കേരളക്ക് കഴിഞ്ഞു. കേരളത്തിൽ നിന്നുമുണ്ടായിരുന്ന ക്ലബുകളായ എഫ്‌സി കൊച്ചിനും വിവാ കേരളയും മുൻപ് ഐ ലീഗിൽ പരാജയപ്പെട്ടു വീണിടത്താണ് ഗോകുലത്തിന്റെ വിജയം.

കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും വ്യത്യസ്ഥമായി കേരളത്തിൽ തന്നെ വേരുകളുള്ള ക്ലബാണ് ഗോകുലം കേരള. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബിനെ വളർത്തിയെടുക്കാൻ എല്ലാ നീക്കങ്ങളും നടത്തുന്നത് അദ്ദേഹത്തിന്റെ മരുമകനായ വി.സി.പ്രവീണാണ്. ക്ലബിന്റെ പ്രസിഡന്റായ വി.സി.പ്രവീണിന്റെ ദിശാബോധമുള്ള സമീപനം തന്നെയാണ് ഗോകുലത്തിന്റെ വിജയത്തിന്റെ ചാലകശക്തി.

മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നീ വമ്പന്മാർ കളം വിട്ട ഐ ലീഗിന് പഴയ മാറ്റ് അവകാശപ്പെടാൻ കഴിയില്ലെങ്കിലും കിരീടം സ്വന്തമാക്കിയതോടെ ഐഎസ്എല്ലിന് ബിഡ് ചെയ്യാൻ ഗോകുലം കേരളക്ക് കഴിയും. ക്ലബ് നേതൃത്വം അനുകൂല തീരുമാനമെടുത്താൽ കേരളത്തിൽ നിന്നുള്ള രണ്ടു ക്ലബുകൾ ഐഎസ്എല്ലിൽ പോരാടുന്നത് കാണാനാണ് ആരാധകർക്ക് അവസരമൊരുങ്ങുന്നത്.


facebooktwitterreddit