Football in Malayalam

അടുത്ത സീസണു മുന്നോടിയായി ബാഴ്‌സലോണ ടീമിലെത്തിക്കേണ്ട നാലു താരങ്ങൾ

Sreejith N
Italy v Spain  - UEFA Euro 2020: Semi-final
Italy v Spain - UEFA Euro 2020: Semi-final / Matt Dunham - Pool/Getty Images
facebooktwitterreddit

നേട്ടങ്ങളെക്കാൾ കൂടുതൽ നിരാശകളുമായി മറ്റൊരു സീസൺ കൂടി പൂർത്തിയാക്കിയ ബാഴ്‌സലോണ ഒട്ടനവധി പ്രതിസന്ധികളെ അഭിമുഖീകരിച്ചാണ് അടുത്ത സീസണു വേണ്ടി ഒരുങ്ങുന്നത്. കരാർ പൂർത്തിയായ നായകൻ ലയണൽ മെസിക്ക് അതു പുതുക്കി നൽകാൻ പോലും ബാഴ്‌സലോണക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നതിനു പുറമെ പുതിയതായി ടീമിലെത്തിയ താരങ്ങളെ ലാ ലീഗയിലേക്ക് രജിസ്റ്റർ ചെയ്യുന്നതിലും തടസങ്ങൾ നേരിട്ടു കൊണ്ടിരിക്കയാണ്. ക്ലബിന്റെ വേതനബിൽ വളരെ ഉയർന്നതായതിനാൽ പല താരങ്ങളെയും ഒഴിവാക്കുകയും പ്രതിഫലം വെട്ടിക്കുറക്കുകയും ചെയ്‌താൽ മാത്രമേ ഇതെല്ലാം ബാഴ്‌സക്കു പരിഹരിക്കാനാവൂ.

നിലവിലുള്ള തടസങ്ങൾ ഒഴിവാക്കുന്നതിനൊപ്പം യൂറോപ്പിൽ കുതിപ്പു കാണിക്കാൻ ടീമിനെ അഴിച്ചു പണിയേണ്ടതും ബാഴ്‌സലോണക്ക് ആവശ്യമാണ്. ഏതാനും താരങ്ങൾ കഴിഞ്ഞ സീസണു ശേഷം ടീമിലെത്തിയെങ്കിലും കൂടുതൽ മികച്ച പ്രകടനം നടത്താൻ പല പൊസിഷനുകളിലും കഴിവുറ്റ താരങ്ങളുടെ സാന്നിധ്യമുണ്ടാകണം. നേതൃത്വം പദ്ധതിയിടുന്നതു പോലെ നിലവിലുള്ള താരങ്ങളിൽ പലരെയും ബാഴ്‌സക്ക് ഒഴിവാക്കാൻ കഴിഞ്ഞാൽ അടുത്ത സീസണിൽ ടീമിനെ ശക്തിപ്പെടുത്താൻ നടത്തേണ്ട സൈനിംഗുകൾ ഇവയാണ്.

1. ജോർജിന്യോ (ചെൽസി)

Jorginho
Chelsea v Leicester City - Premier League / Catherine Ivill/Getty Images

സംഭവിക്കാൻ ഒട്ടും സാധ്യതയില്ലാത്ത ഒരു ട്രാൻസ്‌ഫർ ആണെങ്കിലും ബാഴ്‌സലോണക്ക് നിലവിൽ പ്രതിഭയുള്ള ഒരു ഡിഫെൻസിവ് മിഡ്‌ഫീൽഡറുടെ സാന്നിധ്യം അത്യാവശ്യമാണ്. ബുസ്‌ക്വറ്റ്‌സിനു ശൈലിക്ക് പകരം വെക്കാൻ ആർക്കും കഴിയില്ലെങ്കിലും പ്രായം ചെറുതായി തളർത്തി തുടങ്ങിയ സ്‌പാനിഷ്‌ താരത്തിനു പകരക്കാരനാവാൻ ഏറ്റവും യോഗ്യതയുള്ളത് ജോർജിന്യോക്കു തന്നെയാണ്. മികച്ച പാസുകൾ കൊണ്ടും പൊസിഷനിംഗ് പാടവം കൊണ്ടും പ്രതിരോധത്തെയും മുന്നേറ്റത്തെയും സഹായിക്കുന്ന താരം ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗും ഇറ്റലിക്കൊപ്പം യൂറോ കപ്പും നേടി തന്റെ കഴിവു തെളിയിക്കുകയും ചെയ്‌തു.

2. എർലിങ് ബ്രൂട് ഹാലൻഡ് (ബൊറൂസിയ ഡോർട്മുണ്ട്)

Erling Haaland
Norway v Luxembourg - International Friendly / Quality Sport Images/Getty Images

ലൂയിസ് സുവാരസ് ടീം വിട്ടതിനു ശേഷം മറ്റൊരു മികച്ച നമ്പർ നയൻ താരം ബാഴ്‌സയിൽ ഇതുവരെ എത്തിയിട്ടില്ല. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ അഗ്യൂറോ ടീമിന്റെ ഭാഗമായിട്ടുണ്ട് എങ്കിലും പരിക്കും പ്രായവും തളർത്തുന്ന താരത്തിന് എത്രത്തോളം മികവ് പുലർത്താൻ കഴിയുമെന്ന് പറയാനാവില്ല. ഇതിനു പുറമെ ടീമിലെത്തിയ മറ്റൊരു മുന്നേറ്റനിരമായ ഡീപേയ് ഒരു പ്രോപ്പർ നമ്പർ നയൻ അല്ലെന്നതും ബാഴ്‌സയുടെ ഗോൾവേട്ടയെ പ്രതികൂലമായി ബാധിച്ചേക്കാം. അവിടെയാണ് എർലിങ് ബ്രൂട് ഹാലൻഡിനെ പോലൊരു താരത്തിന്റെ ആവശ്യവും. എന്നാൽ ബാഴ്‌സയുടെ നിലവിലെ സാമ്പത്തിക സ്ഥിതി വെച്ച് ട്രാൻസ്‌ഫർ നടക്കാൻ സാധ്യത കുറവാണ്.

3. ജോസെ ഗയ (വലൻസിയ)

Jose Gaya
Spain v Portugal -International Friendly / Soccrates Images/Getty Images

ജൂനിയർ ഫിർപ്പോ ലീഡ്‌സ് യുണൈറ്റഡിലേക്ക് ചേക്കേറിയതോടെ ലെഫ്റ്റ് ബാക്കായി നിലവിൽ ജോർദി ആൽബ മാത്രമാണു ടീമിനൊപ്പമുള്ളത്. പ്രതിഫലം വെട്ടിക്കുറച്ചില്ലെങ്കിൽ സ്‌പാനിഷ്‌ താരത്തെ ബാഴ്‌സ ഒഴിവാക്കുമെന്നിരിക്കെ ഒരു പകരക്കാരൻ ടീമിലേക്കു വരേണ്ടത് അത്യാവശ്യമാണ്. ഇരുപത്തിയഞ്ചുകാരനായ ജോസെ ഗയ ആൽബക്ക് പകരക്കാരനാവാൻ കഴിയുന്ന താരമാണ് എന്നതിന് പുറമെ അദ്ദേഹത്തെ വിൽക്കാൻ വലൻസിയ തയ്യാറാണ് എന്നതും ബാഴ്‌സക്ക് ഗുണകരമാണ്.

4. അയ്‌മറിക് ലപോർട്ടെ (മാഞ്ചസ്റ്റർ സിറ്റി)

Aymeric Laporte
Switzerland v Spain - UEFA Euro 2020: Quarter-final / Kirill Kudryavstev - Pool/Getty Images

ഉംറ്റിറ്റി, ലെങ്ലറ്റ് എന്നീ ലെഫ്റ്റ് ഫൂട്ടഡ് സെന്റർ ബാക്കുകളെ ഒഴിവാക്കാൻ ശ്രമിക്കുന്ന ബാഴ്‌സലോണക്ക് ലപോർട്ടെയെ പോലെ അനുയോജ്യനായ മറ്റൊരു സെന്റർ ബാക്കിനെ യൂറോപ്പിൽ വേറെ കണ്ടെത്താൻ കഴിയില്ല. എറിക് ഗാർസിയക്കൊപ്പം യൂറോ കപ്പിൽ സ്പെയിന് വേണ്ടി മികച്ച പ്രകടനം നടത്തിയ ലപോർട്ടെക്ക് റൂബൻ ഡയസ്-ജോൺ സ്റ്റോൺസ് സഖ്യം മാഞ്ചസ്റ്റർ സിറ്റിയിൽ ക്ലിക്ക് ആയതോടെ അവസരങ്ങൾ ലഭിക്കുന്നില്ലെന്നതു കൊണ്ട് ബാഴ്‌സ ഓഫർ മുന്നോട്ടു വെച്ചാൽ താരം സ്വീകരിക്കാൻ സാധ്യതയുണ്ട്.

facebooktwitterreddit