പരുക്ക്, നാല് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങള്‍ എവര്‍ട്ടണെതിരെ കളത്തിലിറങ്ങില്ല; ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചെത്തും

പ്രീമിയര്‍ ലീഗില്‍ ഇന്ന് എവര്ട്ടണ് എതിരെ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ നാല് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങള്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ ഈവനിങ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റാഫേല്‍ വരാനെ, ലൂക്ക് ഷോ, സ്കോട്ട് മക്ടോമിനെ, എഡിസണ് കവാനി എന്നിവര്‍ ടീമിനൊപ്പമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.
വരാനെയുടെ പരുക്ക് ഇതുവരെ മാറിയിട്ടില്ലെന്നാണ് വിവരം. അതേ സമയം രണ്ടാഴ്ച കൂടി ഷോക്ക് പുറത്തിരിക്കേണ്ടിവരും. കാലിന് പരുക്കേറ്റത് കാരണമാണ് മക്ടോമിനെ പുറത്തിരിക്കുന്നത്.
അതെ സമയം, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഴിഞ്ഞ മത്സരം നഷ്ടമായ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നത്തെ മത്സരത്തിൽ ടീമിലേക്ക് തിരിച്ചെത്തിയേക്കും. പരിശീലകൻ റാൽഫ് റാങ്നിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്.
"ക്രിസ്റ്റ്യാനോ വീണ്ടും തിരിച്ചെത്തും. ലൂക്കിന് ഇപ്പോഴും പരുക്കുണ്ട്. ഞങ്ങള്‍ക്ക് അവനെ ഹാഫ് ടൈമില്‍ (ലെസ്റ്ററിനെതിരേ) കളിപ്പിക്കേണ്ടി വന്നു. 2015ല്‍ ഓപറേഷന് നടത്തിയ കാലിന് അദ്ദേഹത്തിന് ഇപ്പോഴും പ്രശ്നങ്ങളുണ്ട്," റാങ്നിക്ക് പറഞ്ഞതായി മാഞ്ചസ്റ്റര്‍ ഈവനിങ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. "ഷോയുടെ കാലിലെ രണ്ട് മെറ്റല്‍ ബോള്‍ട്ടുകള്‍ നീക്കംചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന്, ഡോക്ടര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഇത് നാളെ ചെയ്യും, അടുത്ത രണ്ടോ മൂന്നോ ആഴ്ചത്തേക്ക് അദ്ദേഹം പുറത്തായിരിക്കും. കവാനിക്കും വരാനെക്കും ഇപ്പോഴും പരിക്കുണ്ട്, മക്ടോമിനെയുടെ കാര്യത്തിലും ഇതാണ് അവസ്ഥ," റാങ്നിക്ക് വ്യക്തമാക്കി.
ലീഗില്‍ ആദ്യ നാലിലെത്തണമെങ്കില് ഇനി ജീവന് മരണ പോരാട്ടം നടത്തിയേ തീരു എന്ന സ്ഥിതിയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ. 30 മത്സരങ്ങളിൽ നിന്ന് 51 പോയിന്റുള്ള യുണൈറ്റഡ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്..