Football in Malayalam

ഡ്യൂറൻഡ് കപ്പിൽ ടീമുകൾക്ക് കളത്തിലിറങ്ങാൻ കഴിയുക 4 വിദേശ താരങ്ങളെ; കേരളാ ബ്ലാസ്റ്റേഴ്സിനായി കളിക്കുക ഈ 4 പേർ

By Gokul Manthara
FBL-IND-ISL-KOLKATA-KERALA-FINAL
FBL-IND-ISL-KOLKATA-KERALA-FINAL / SAJJAD HUSSAIN/Getty Images
facebooktwitterreddit

ഈയാഴ്ച ആരംഭിക്കാനിരിക്കുന്ന ഡ്യൂറൻഡ് കപ്പിന്റെ 130-ംപതിപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്ക് പരമാവധി 30 അംഗങ്ങളെ വരെ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്താമെന്ന് സൂചന. ഇതിൽ പരമാവധി നാല് വിദേശ താരങ്ങൾ വരെയാകാം. ഈ 4 പേരെയും ഒരേ സമയം ടീമുകൾക്ക് കളത്തിലുമിറക്കാം. ഇന്ന് പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റായ മാർക്കസ് മെർഗുലാവോയാണ് ഈ വിവരങ്ങൾ പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം തന്നെ ടീമുകളെല്ലാം ഡ്യൂറൻഡ് കപ്പിനുള്ള തങ്ങളുടെ സ്ക്വാഡിനെ രെജിസ്റ്റർ ചെയ്തു കഴിഞ്ഞതായും വരും ദിവസങ്ങളിൽ ടീമുകൾ തങ്ങളുടെ സ്ക്വാഡ് വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ.

അതേ സമയം കേരളാ ബ്ലാസ്റ്റേഴ്സും നാല് വിദേശ താരങ്ങളെ തങ്ങളുടെ ഡ്യൂറൻഡ് കപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയെന്നാണ് ലഭ്യമായ വിവരം. ഫുട്ബോൾ വെബ്സൈറ്റായ ഐ എഫ് ടി ഡബ്ല്യു സിയുടെ റിപ്പോർട്ട് അനുസരിച്ച് ഉറുഗ്വെൻ താരം അഡ്രിയാൻ ലൂണ, ബോസ്നിയൻ താരം എനസ് സിപോവിച്ച്, അർജന്റൈൻ താരം ജോർജ് പെരെയ്ര ഡയസ്, ഭൂട്ടാൻ താരം ചെഞ്ചോ ഗിൽഷൻ എന്നിവരാണ് ഡ്യൂറൻഡ് കപ്പിനുള്ള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഇടം പിടിച്ച വിദേശികൾ.

ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനം ടീമിലെത്തിയ ഗോവൻ താരം ഗൗരവ് കൻകോങ്കറും ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറൻഡ് കപ്പ് സ്ക്വാഡിലുണ്ടെന്ന് ഐ എഫ് ടി ഡബ്ല്യു സിയുടെ റിപ്പോർട്ടിലുണ്ട്. സെപ്റ്റംബർ മൂന്നാം തീയതി ജെ & കെ ബാങ്കിനെതിരെ നടക്കാനിരിക്കുന്ന പ്രീസീസൺ മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഡ്യൂറൻഡ് കപ്പ് സ്ക്വാഡിനെ പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ.

അതേ സമയം അഞ്ച് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും, മൂന്ന് ഐലീഗ് ക്ലബ്ബുകളുമടക്കം മൊത്തം 16 ടീമുകളാണ് ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റുകളിലൊന്നായി ഡ്യൂറൻഡ് കപ്പിന്റെ ഇത്തവണത്തെ എഡിഷനിൽ കളിക്കുന്നത്. സെപ്റ്റംബർ അഞ്ചാം തീയതി ആരംഭിക്കാനിരിക്കുന്ന ഡ്യൂറൻഡ് കപ്പ് അടുത്ത മാസം 3 നാണ് കൊടിയിറങ്ങുക. ബെംഗളൂരു എഫ് സി, ഇന്ത്യൻ നേവി, ഡെൽഹി എഫ് സി എന്നിവരടങ്ങുന്ന 'സി' ഗ്രൂപ്പിലാണ് ടൂർണമെന്റിൽ ബ്ലാസ്റ്റേഴ്സ് കളിക്കുക.

facebooktwitterreddit