എഫ്‌സി ബാഴ്‌സലോണയുടെ നാല് ഭാവി സൂപ്പര്‍ താരങ്ങള്‍

കഴിഞ്ഞ കുറച്ച് കാലമായി ഗതികിട്ടാതെ ഉഴലുന്ന ടീമായിരിക്കുകയാണ് ബാഴ്‌സലോണ. പ്രതീക്ഷക്കൊത്ത് ഉയരാത്ത ബാഴ്‌സലോണയെ രക്ഷിക്കുന്നതിനായിരുന്നു കഴിഞ്ഞ സീസണില്‍ റൊണാള്‍ഡ് കൂമാനെ പരിശീലക വേഷത്തില്‍ എത്തിച്ചത്. എന്നാല്‍ ക്ലബ് പിന്നോട്ട് പോവുകയല്ലാതെ മുന്നോട്ട് വളര്‍ന്നില്ല. ഇതോടെ കൂമാന്റെ ക്ലബിലെ സ്ഥാനം തെറിച്ചു. പിന്നീട് ബാഴ്‌സലോണയുടെ തന്നെ മുന്‍താരമായ സാവിയെയാണ് പരിശീലകനായി ടീമിലെത്തിച്ചിരിക്കുന്നത്.
അതിനിടെ, തങ്ങളുടെ എല്ലാമെല്ലാമായിരുന്ന മെസ്സി ക്ലബ് വിട്ടതോയെ നൂല് പൊട്ടിയ പട്ടംകണക്കെ പാറിക്കളിക്കുന്ന ബാഴ്‌സലോണക്ക് ദിശാബോധം കാണിക്കുക എന്ന പ്രധാന പണിയാണ് ഇപ്പോള്‍ സാവിക്ക് മുന്നിലുള്ളത്. അതിനായി താരങ്ങളെ ടീമിലെത്തിക്കുന്നതിനുള്ള തിരക്കിലാണ് മാനേജ്‌മെന്റ്. കൂടുതലും യുവതാരങ്ങള്‍ കളിക്കുന്ന ബാഴ്‌സലോണയുടെ അടുത്ത തലമുറയിലെ നാല് സൂപ്പര്‍ താരങ്ങള്‍ ആരെല്ലാമാണെന്ന് പരിശോധിക്കാം.
4. ഗവി
ബാഴ്‌സലോണയുടെ ഇതിഹാസ താരം ആന്ദ്രെ ഇനിയസ്റ്റയെ അനുസ്മരിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കുന്ന താരമാണ് ഗവി. 17ാം വയില്‍ തന്നെ രാജ്യത്തിനും ക്ലബിനും വേണ്ടി അതുല്യ പ്രകടനം നടത്തുന്ന ഗവി ബാഴ്‌സലോണയുടെ ഭാവി താരമാണെന്നതില്‍ തര്‍ക്കമൊന്നുമുണ്ടാകാന്‍ വഴിയില്ല. സീസണില്‍ മികച്ച പ്രകടനമാണ് ബാഴ്‌സലോണക്ക് വേണ്ടി ഗവി നടത്തിക്കൊണ്ടിരിക്കുന്നത്.
3. ഫെറാന്‍ ടോറസ്
കഴിഞ്ഞ ദിവസം ബാഴ്‌സലോണ സ്വന്തമാക്കിയ ഫെറാന്‍ ടോറസും കാറ്റാലൻ ക്ലബിന്റെ ഭാവി താരമായി പ്രവചിക്കാന്‍ കഴിയുന്ന താരമാണ്. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് 55 മില്യന്‍ യൂറോ നല്‍കിയാണ് ടോറസിനെ ബാഴ്‌സോലണ ടീമിലെത്തിച്ചിട്ടുള്ളത്. വരും വര്‍ഷങ്ങളില്‍ ബാഴ്‌സയുടെ മുന്നേറ്റത്തിലെ നിര്‍ണായക സാന്നിധ്യമായിരിക്കും ടോറസ് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.
2. അന്‍സു ഫാത്തി
ലയണല്‍ മെസ്സി ബാഴ്‌സലോണയിലുണ്ടായിരുന്ന സമയത്ത് തന്നെ ക്ലബിന്റെ പ്രധാന താരങ്ങളിലൊരാളായി വളരാന്‍ കഴിഞ്ഞ താരമാണ് 19കാരനായ അന്‍സു ഫാത്തി. ഇടക്ക് പരുക്ക് കാരണം കളി തടസപ്പെട്ടെങ്കിലും ഏറെ പ്രതീക്ഷകളാണ് ഈ യുവതാരത്തിന് മേലുള്ളത്.
1. പെഡ്രി
ഈ വര്‍ഷം ഗോള്‍ഡന്‍ ബോയ് അവാര്‍ഡും കോപാ ട്രോഫിയും നേടിയ പെഡ്രി തന്നെയാണ് ബാഴ്‌സലോണയുടെ ഭാവിയിലെ മികച്ച താരമായി കണക്കാപ്പെട്ടുന്ന യുവതാരം. താരം ഇപ്പോള്‍ ക്ലബിന്റെ ഏറ്റവം മികച്ച കളിക്കാരില്‍ ഒരാളാണ്. ഗ്രൗണ്ടിലെ കഴിവിന്റെയും സ്വാധീനത്തിന്റെയും കാര്യത്തില്‍ 19കാരനായ പെഡ്രി സാവിയെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണെന്ന് വിലയിരുത്തല്‍. ക്ലബിന്റെയും രാജ്യത്തിന്റെയും പ്രധാന താരമായി വളര്‍ന്ന പെഡ്രിക്ക് ഭാവിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.